ന്യൂഡൽഹി ∙ ആവേശവും വൻ പ്രഖ്യാപനങ്ങളും ഒഴിവാക്കി കൂടുതൽ കരുതലോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചുവപ്പു കോട്ടയിൽ നിന്ന് ഇക്കുറി സ്വാതന്ത്ര്യദിനത്തിന് രാഷ്ട്രത്തോടു സംസാരിച്ചത്.

കഴിഞ്ഞ വർഷം അദ്ദേഹം ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിൽ ഇത്തവണ അവയുടെ എണ്ണം കുറച്ചു. പല വിവാദവിഷയങ്ങളും അദ്ദേഹം പരാമർശിക്കാതെ വിട്ടു. ഒരേ റാങ്ക് ഒരേ പെൻഷൻ പോലും കൃത്യമായി എന്നുമുതൽ നടപ്പാക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചില്ല. ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പലതും പ്രധാനമന്ത്രി പറയാതെ വിട്ടു. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും വിദേശകാര്യം അദ്ദേഹം പരാമർശിച്ചില്ല. പാക്കിസ്ഥാനുമായി ചർച്ചകൾ ആരംഭിക്കാനിരിക്കുന്നതാവാം ഒരു കാരണം. അതിർത്തിയിൽ ഇപ്പോഴും വെടിനിർത്തൽ ലംഘിക്കപ്പെടുകയാണെങ്കിലും അത് അദ്ദേഹം ഒഴിവാക്കി.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ഒന്നാകെ അലങ്കോലമായതോ, രാജ്യത്ത് കർഷകർ നേരിടുന്ന പ്രശ്നങ്ങളോ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിവാദങ്ങളോ മോദി സ്പർശിച്ചില്ല. ഇപ്പോൾ നടപ്പാക്കിവരുന്ന വികസന പരിപാടികൾ ഏഴു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുക എന്ന ഒരു സമയപരിധി പ്രധാനമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട് –2022ൽ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങളും വികസിതമാവുക എന്ന സ്വപ്നം അദ്ദേഹം പങ്കുവയ്ക്കുന്നു. പുതിയ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിക്കാതിരുന്നില്ല – സ്റ്റാർട്ട് അപ് ഇന്ത്യ, സ്റ്റാൻഡ് അപ് ഇന്ത്യ, രാജ്യത്തെ 1, 25,000 ബാങ്ക് ശാഖകൾ ഒരു ദലിതനോ ആദിവാസിക്കോ വനിതയ്ക്കോ വ്യവസായ സംരംഭം തുടങ്ങാൻ ധനസഹായം നൽകുക, രാജ്യത്തെ 18,500 ഗ്രാമങ്ങളിൽ ആയിരം ദിവസങ്ങൾക്കുള്ളിൽ വൈദ്യുതി എത്തിക്കുക എന്നിവ അവയിൽ ചിലതാണ്. എന്നാൽ, കൃഷിമന്ത്രാലയത്തിന്റെ പേര് ‘കൃഷി, കർഷകക്ഷേമ മന്ത്രാലയം’ എന്നു മാറ്റും എന്ന പ്രഖ്യാപനം ഫലത്തിൽ എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം. മുമ്പ് വിദ്യാഭ്യാസ മന്ത്രാലയത്തെ മാനവശേഷി മന്ത്രാലയം എന്നു പേരു മാറ്റിയിരുന്നു. പക്ഷേ, അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടായതായി അനുഭവപ്പെട്ടിട്ടില്ല.

വൻകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാരാണ് തന്റേത് എന്ന ധാരണ തിരുത്താനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉടനീളം പ്രതിഫലിച്ചത്. പാവങ്ങളുടെ നിക്ഷേപം, പാവങ്ങളുടെ പദ്ധതികൾ, സ്വന്തമായി തൊഴിൽ തുടങ്ങുന്നവർക്കുള്ള പ്രോത്സാഹനം, ആദിവാസി മേഖലകൾക്ക് 6000 കോടി രൂപയുടെ വാർഷിക സഹായം എന്നിങ്ങനെ മോദി സാധാരണക്കാരനു വേണ്ടി വാദിക്കുന്നതാണ് കണ്ടത്. രാജ്യത്തിന്റെറ വളർച്ചയിൽ താഴേക്കിടയിലുള്ളവരെക്കൂടി പങ്കെടുപ്പിച്ച് ‘ഇൻക്ലൂസീവ് ഗ്രോത്ത്’ എന്ന ആശയം ഡോ. മൻമോഹൻ സിങ് കൊണ്ടുവന്നിരുന്നു. അതിന്റെ മറ്റൊരു രൂപമാണ് മോദി മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതും പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്ന് കരുതിയതുമായ ചില പദ്ധതികൾ അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചതേയില്ല. തോട്ടവിളകൾക്കു വേണ്ടി ഒരു ദേശീയ നയം, കർഷകർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി, വൃദ്ധജനങ്ങൾക്ക് പരിരക്ഷാ പദ്ധതി തുടങ്ങിയവ ഇതിൽപ്പെടുന്നു.

അധികാരമേറ്റ് ഏറെ മാസങ്ങൾ കഴിയുന്നതിനു മുമ്പായിരുന്നു 2014ൽ മോദി ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്. അതിൽ അദ്ദേഹം പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള വെമ്പലിലായിരുന്നു. അവയിൽ പലതും വിവിധ ഘട്ടങ്ങളിൽ നിൽക്കുന്നതേയുള്ളൂ. മോദിതന്നെ ഏറ്റവും പ്രാമുഖ്യം നൽകി നടപ്പാക്കിയ സ്വച്ഛ ഭാരത് പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല. ആ നിലയ്ക്ക് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കി സർക്കാരിന്റെ വിശ്വാസ്യത നിലനിർത്താനുള്ള ഒരു ഭരണാധികാരിയുടെ വ്യഗ്രതയാണ് മോദിയുടെ രണ്ടാം പ്രസംഗത്തിൽ കാണുന്നത്.

*ഒരേ റാങ്ക് ഒരേ പെൻഷൻ പ്രഖ്യാപിച്ചില്ല: വിമുക്തഭടന്മാർ അനിശ്ചിതകാല നിരാഹാരത്തിന് *

ന്യൂഡൽഹി∙ വിമുക്ത ഭടന്മാർ കാത്തിരുന്ന ഒരേ റാങ്ക് ഒരേ പെ‍ൻഷൻ പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിൽ ഉണ്ടായില്ല. നടപ്പാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞുവെങ്കിലും അതിനുള്ള തീയതിയോ സമയപരിധിയോ പ്രഖ്യാപിച്ചില്ല. നടപ്പാക്കുന്നതിനു മുൻപുള്ള നടപടിക്രമങ്ങൾ ബാക്കിയുണ്ടെന്നും മോദി പറഞ്ഞു. 24 മുതൽ ഡൽഹിയിൽ അനിശ്ചിത കാല നിരാഹാരം നടത്തുമെന്നു വിമുക്തഭടന്മാരുടെ സംഘടന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here