cattle.jpg.image.784.410

പാലക്കാട് ∙ മറ്റു സംസ്ഥാനങ്ങളിൽനിന്നു വാഹനങ്ങളിൽ മാടുകളെ കെ‍ാണ്ടുവരുന്നതു പുനരാരംഭിച്ചെങ്കിലും കേരളത്തിലേക്കുള്ള വാഹനങ്ങൾ ആന്ധ്രാപ്രദേശിലും കർണാടകയിലും തടയുന്നതു തുടരുന്നു.

രണ്ടു ദിവസമായി ഇത്തരത്തിൽ 11 വാഹനങ്ങൾ ഈ സംസ്ഥാനങ്ങളിൽ തടഞ്ഞു. വാഹനം വിട്ടുകിട്ടാൻ അവിടുത്തെ പൊലീസിനു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു ക്യാറ്റിൽ മർച്ചന്റ് വെൽഫയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. യൂസഫ് പരാതിപ്പെട്ടു. കന്നുകാലികളെ ഗോശാലകളിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം തമിഴ്നാട്ടിൽനിന്നു കന്നുകാലി വാഹനങ്ങൾ പൊലീസ് സംരക്ഷണത്തോടെ കേരളത്തിലെത്തുന്നുണ്ട്. തിങ്കളാഴ്ചയും ഇന്നലെയുമായി 80 ലോഡ് വാഹനങ്ങൾ സംസ്ഥാനത്തെത്തി. ഇതിൽ 50 ലോഡ് തമിഴ്നാട്ടിൽ നിന്നാണ്. കേരളത്തിലെ പെരുമ്പിലാവ്, ചേളാരി, പെരുമ്പാവൂർ കാലിച്ചന്തകളും തമിഴ്നാട്ടിലെ പൊള്ളാച്ചി, ഒഡ്ഡൻഛത്രം കാലിച്ചന്തകളും ഇന്നലെ പ്രവർത്തിച്ചു തുടങ്ങി.

കേരളത്തിലേക്കുള്ള മാടുകളെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ തടയുന്നതിൽ പ്രതിഷേധിച്ചു ജൂലൈ 19 മുതൽ വ്യാപാരികൾ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ആ സമയത്തു 111 ലോഡുകൾ വിവിധ സംഘടനകൾ തട്ടിയെടുത്ത് കോയമ്പത്തൂർ വെള്ളാങ്കിരി ഗോശാലകളിലേക്കു മാറ്റി. കോടതി ഉത്തരവിനെ തുടർന്ന് അതിൽ 90 എണ്ണത്തിനെ വ്യാപാരികൾക്കു വിട്ടുകിട്ടി. ബാക്കിയുള്ളവകൂടി ലഭിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നു വ്യാപാരികൾ അറിയിച്ചു. മാടുകളുമായി വരുന്ന വാഹനങ്ങൾക്കു സുരക്ഷയൊരുക്കാമെന്നു തമിഴ്നാട് സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നു വ്യാപാരികൾ സമരം അവസാനിപ്പിച്ചു. വാഹനങ്ങൾ കടന്നുവരുന്ന തമിഴ്നാട്ടിലെ പ്രശ്നമുള്ള സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ട്. ഇതിനിടെയാണു കർണാടകയിലും ആന്ധ്രയിലും വാഹനം തടയാൻ തുടങ്ങിയത്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്നാണു സംസ്ഥാനത്തേക്കു മാടുകൾ കൂടുതലും എത്തുന്നത്.

പൊള്ളാച്ചി ചന്ത വീണ്ടും സജീവം

പൊള്ളാച്ചി ∙ കന്നുകാലി വ്യാപാരികളുടെ സമരം അവസാനിച്ചതോടെ പൊള്ളാച്ചി കാലിച്ചന്ത വീണ്ടും സജീവമായി. ഇന്നലെ രാവിലെ 10നു തുടങ്ങിയ ചന്ത വൈകിട്ട് ആറു വരെ പ്രവർത്തിച്ചു. നൂറോളം ലോഡ് കന്നുകാലി വാഹനങ്ങളാണ് ഇവിടെനിന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കു കയറ്റി അയച്ചത്. 30 ലോഡാണു പൊലീസ് സംരക്ഷണത്തോടെ കേരളത്തിലേക്കു പോന്നത്.

കാലിച്ചന്ത പൂട്ടിയതോടെ അയ്യായിരത്തോളം പേർക്കാണു തൊഴിൽ നഷ്ടമായത്. ചന്ത തുറന്നു പ്രവർത്തിക്കാൻ ആനമല ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വ്യാപാരികൾ നടത്തിയിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണു പൊള്ളാച്ചിയിൽ കാലിച്ചന്ത പ്രവർത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here