ftii-protesters-arrested.jpg.image.784.410

പുണെ∙ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ്ടിഐഐ) പ്രതിഷേധിച്ച വിദ്യാർഥികളിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പ്രശാന്ത് പത്രബയുടെ പരാതിയിലാണ് അറസ്റ്റ്. തിങ്കൾ രാത്രി ഡയറക്ടറെ ക്യാംപസിൽ വിദ്യാർഥികൾ തടഞ്ഞുവച്ചിരുന്നു. അർധരാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

ക്യാംപസ് വിട്ട് പോകണമെന്ന് 2008 ബാച്ചിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടെങ്കിലും പ്രൊജക്ട് പൂര്‍ത്തിയാക്കാതെ പോവില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. തുടര്‍ന്നാണ് ഡയറക്ടറെ വിദ്യാര്‍ഥികള്‍ ഘരാവോ ചെയ്തത്.

17 വിദ്യാർഥികൾക്കെതിരെയാണ് പത്രബയുടെ പരാതി. എഫ്ഐആറിൽ പേരു പറഞ്ഞിരിക്കുന്നതിൽ രണ്ടു വനിതകളുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ഇവരെ ഇന്നു രാവിലെ പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അധികാരികൾ അറിയിച്ചു. എഫ്ഐആറിൽ മറ്റ് 25 – 30 വിദ്യാർഥികളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിൽ പല പേരുകളും തെറ്റായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, വിദ്യാർഥികളെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് എഫ്ടിഐഐ ആക്ടിങ് ഡീനും ഫാക്കൽറ്റി അംഗവുമായ സന്ദീപ് ചാറ്റർജി പറഞ്ഞു. വിദ്യാർഥികൾ ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഭരണസംവിധാനത്തിലെ ആരും ഇവിടെയില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. നടപടി ന്യായീകരിക്കാവുന്നതല്ല, സന്ദീപ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here