തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള 2 പേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്.
തൃശൂര്‍ ജില്ലയിൽ ഇന്നു കോവിഡ് സ്ഥിരീകരിച്ച 4 പേരും വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞവരാണ്. അബുദാബിയിൽ നിന്നു വന്ന പെരിങ്ങോട്ടുകര സ്വദേശികളായ സഹോദരങ്ങൾ, മുളങ്കുന്നത്തുകാവ് തിരൂർ സ്വദേശിയായ യുവാവ്, മാലിദ്വീപിൽ നിന്നെത്തിയ ചാലക്കുടി സ്വദേശി എന്നിവരിലാണു പരിശോധന ഫലം പോസിറ്റീവ് ആയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ചാലക്കുടി സ്വദേശിയുടെ കുടുംബാംഗങ്ങൾക്കു രോഗലക്ഷണങ്ങൾ കണ്ടതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് സ്ഥിരീകരിച്ചു ജില്ലയിൽ ആറു പേരാണ് ചികിത്സയിൽ കഴിയുന്നത്.

മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 2 പേരും ഈ മാസം 14ന് മുംബൈയിൽനിന്നെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികളാണ്. ഇരുവരും ബന്ധുക്കളാണ്. മുംബൈയിലെ കടയിൽ തൊഴിലാളികളാണ്. ഇതോടെ മാറഞ്ചേരി പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. മുബൈയിൽനിന്നെത്തിയ മറ്റൊരാൾക്കു കൂടി രോഗം സ്ഥിരീകരിക്കുകയും ഇയാൾ പിന്നീട് രോഗമുക്തനാവുകയും ചെയ്തിരുന്നു. മറ്റൊരാൾ ഗൾഫിൽനിന്നു വന്നതാണ്. ഇയാൾ ചികിത്സയിലാണ്. സമീപപഞ്ചായത്തായ പെരുമ്പടപ്പിലും മുംബൈയിൽനിന്നെത്തിയ 2 പേർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരും ചികിത്സയിലാണ്.

അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

വിമാനത്താവളം വഴി 2911 പേരും തുറമുഖം വഴി 793 പേരും ചെക്പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 4764 സാംപിളുകള്‍ ശേഖരിച്ചതില്‍ 4644 സാംപിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസർകോഡ് ജില്ലയിലെ നീലേശ്വരം, കാസർകോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 22 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here