ന്യൂഡൽഹി∙ വിഴിഞ്ഞം പദ്ധതിക്കെതിരെ ഉത്തരവിട്ട ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സൂര്യനു കീഴിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാൻ ട്രൈബ്യൂണലിന് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിക്കു സമാനമായ അധികാരമുണ്ടെന്ന് കരുതാനാകില്ല. ഹരിത ട്രൈബ്യൂണലിനു സഹജമായ അധികാരമില്ല, നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതിക്കെതിരെ ഉത്തരവിട്ട ഹരിത ട്രൈബ്യൂണൽ വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും തുറമുഖ അതോറിറ്റിയും നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഹരിത ട്രൈബ്യൂണലിനെ രൂക്ഷമായി വിമർശിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. എന്തെങ്കിലും എതിർപ്പുകളുണ്ടെങ്കിൽ അതു സമർപ്പിക്കാൻ പരാതിക്കാരനും കോടതി സമയം നൽകി. കേസ് നാലാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.