അഹമ്മദാബാദ്∙ പിന്നാക്ക വിഭാഗ (ഒബിസി) സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായക്കാർ ഗുജറാത്തിൽ നടത്തുന്ന പ്രതിഷേധങ്ങളിൽ മൂന്നു മരണം. ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. അഹമ്മദാബാദിലെ വസ്ത്രൽ മേഖലയിൽ ഇന്നലെ രാത്രി രണ്ടുപേർ കൊല്ലപ്പെട്ടു. വടക്കൻ ഗുജറാത്തിലെ പാലൻപൂറിൽ ഇന്ന് ഒരാൾ മരിച്ചു. കർഫ്യൂ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു. ഇതിനായി 5,000 കേന്ദ്രസൈനികരെ വിന്യസിച്ചു. കാര്യങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അതേസമയം, അക്രമം ആർക്കും ഉപകാരമുണ്ടാക്കില്ലെന്ന് പ്രധാനമന്ത്രിയും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്രമോദി ടെലിവിഷനിലൂടെ അഭ്യർഥിച്ചു. ചർച്ചകളിലൂടെ ഒരുമിച്ചിരുന്നു പ്രശ്നങ്ങൾ പരിഹരിക്കാമെന്നും മോദി വ്യക്തമാക്കി.

അഹമ്മദാബാദിലെയും സൂറത്തിലെയും ഒൻപത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായ ബന്ദിന് ഹർദീക് പട്ടേൽ ആഹ്വാനം ചെയ്തു. അഹമ്മദാബാദിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമാധനം കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ പറഞ്ഞു.

പ്രകടനക്കാരും ദലിത് വിഭാഗക്കാരും തമ്മിൽ നഗരത്തിൽ പലയിടത്തും സംഘട്ടനവുമുണ്ടായി. പൊലീസുമായും പ്രകടനക്കാർ ഏറ്റുമുട്ടി. പൊലീസ് ചില സ്ഥലങ്ങളിൽ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. എന്നാൽ അക്രമങ്ങളിൽ നിന്നു പിൻമാറണമെന്നു പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുന്ന ഹർദീക് പട്ടേൽ പറഞ്ഞു. അൻപതു ശതമാനത്തിലധികം സംവരണം പാടില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ഗുജറാത്ത് ഇപ്പോൾ ഈ പരിധിയിലെത്തി നിൽക്കുകയാണെന്നും ആനന്ദിബെൻ പട്ടേൽ അറിയിച്ചു.

സംഘട്ടനങ്ങളുണ്ടായതിനെ തുടർന്ന് പൊലീസ് ഹർദീക് പട്ടേലിനെ അറസ്റ്റ് ചെയ്തെങ്കിലും ഇന്നലെ തന്നെ വിട്ടയച്ചു. ഹർദീക് പട്ടേലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ അക്രമാസക്തരായി. വാഹനങ്ങൾ കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിലും സുറത്തിലുമായിരുന്നു അക്രമം അരങ്ങേറിയത്. ഇന്നു രാവിലെയായതോടെ സൂറത്തിലെ അക്രമത്തിന് അയവ് വന്നിട്ടുണ്ട്.
പട്ടേൽ സമുദായത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചാൽ ഗുജറാത്തിൽ ഇനി താമര വിരിയില്ലെന്ന് ‘മഹാ ക്രാന്തി റാലി’യിൽ സമുദായ നേതാവും പ്രക്ഷോഭത്തിന്റെ തലവനുമായ ഇരുപത്തിയൊന്നുകാരനായ ഹർദീക് പട്ടേൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംവരണം നൽകിയില്ലെങ്കിൽ ഗുജറാത്തിൽ 2017ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു പരാജയമായിരിക്കുമെന്നു മുന്നറിയിപ്പും നൽകി.
പട്ടേൽ സമുദായത്തിന് സംവരണം വേണമെന്ന ആവശ്യമുന്നയിക്കുന്ന പടിദാർ അനാമത് ആന്ദോളൻ സമിതി നേതാവു കൂടിയായ ഇദ്ദേഹം, തങ്ങളുടെ പരാതി ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ നേരിട്ടെത്തി സ്വീകരിക്കുന്നതുവരെ നിരാഹാരസമരം നടത്തുമെന്നും പ്രഖ്യാപിച്ചു.