ന്യൂഡൽഹി∙ ഇന്ത്യൻ തീരത്ത് രണ്ട് മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന കേസിൽ തുടർനടപടികൾ സുപ്രീംകോടതി നിർത്തിവച്ചു. രാജ്യാന്തര ട്രൈബ്യൂണല്‍ വിഷയം പരിഗണിക്കുന്നതിനാൽ ജനുവരി 13ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 2012ലാണ് കേസിനാസ്പദമായ സംഭവം. ഇറ്റാലിയൻ നാവികരായ മാസ്സിമിലിയാനോ ലത്തോറെ, സാൽവത്തോറെ ജിറോൺ എന്നിവരെ കേരള പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെ എല്ലാ നിയമനടപടികളും നിര്‍ത്തിവയ്ക്കണമെന്ന രാജ്യാന്തര ട്രൈബ്യൂണലിന്‍റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് തുടർനടപടികൾ തൽക്കാലം നിർത്തിവച്ചത്. കേസിലെ പ്രതികളായ മറീനുകളെ വിട്ടുകിട്ടണമെന്ന ഇറ്റലിയുടെ ആവശ്യം രാജ്യാന്തര ട്രൈബ്യൂണല്‍ അംഗീകരിച്ചിട്ടില്ലെന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കേസ് ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന കാര്യത്തില്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് കേസില്‍ എന്‍ഐഎക്കു കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ജസ്റ്റിസ് അനില്‍ ആര്‍.ദവെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നടപടികൾ നിർത്തിവയ്ക്കാനും ഏത് ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്ന കാര്യം തീരുമാനിക്കാൻ അഞ്ചംഗസമിതിയെ രാജ്യാന്തര ട്രൈബ്യൂണൽ ചുമതലപ്പെടുത്തിയിരുന്നു.