കൊച്ചി∙ വൈപ്പിനിൽ നിന്നു നിറയെ യാത്രക്കാരുമായി ഫോർട്ട് കൊച്ചിയിലേക്കു വരവെ അപകടത്തിൽപ്പെട്ടത് 35 വർഷം പഴക്കമുള്ള വർഷ എന്ന യാത്രാ ബോട്ട്. ഈ റൂട്ടിൽ സർവീസിനായി കൊച്ചി നഗരസഭ കരാർ നൽകിയിരിക്കുന്ന ബോട്ടാണിത്. ഫോർട്ട് കൊച്ചി ജങ്കാർ ജെട്ടിക്ക് 100 മീറ്റർ അകലെ ആഴമുള്ള ഭാഗത്താണ് ബോട്ട് അപകടത്തിൽപ്പെട്ടത്. കാലപ്പഴക്കമുള്ള ബോട്ടിന്റെ അവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
അതേസമയം, മൽസ്യബന്ധന വള്ളത്തിലിടിച്ചു തകർന്നു മുങ്ങിയ ബോട്ട് കരക്കടുപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 1.40തോടെയാണ് അപകടമുണ്ടായത്. അഴിമുഖത്തു നിന്നു വേഗത്തിൽ വരികയായിരുന്ന യന്ത്രം ഘടിപ്പിച്ച മൽസ്യബന്ധന വള്ളം യാത്രാ ബോട്ടിന് കുറുകേ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്നു മുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. കപ്പൽ ചാലായതിനാൽ ഈ ഭാഗത്ത് ആഴമേറെയാണ്. നാട്ടുകാരും കോസ്റ്റ് ഗാർഡും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.