തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി. ജോർജിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന കേരള കോൺഗ്രസി(എം)ന്റെ പരാതി നിലനിൽക്കുന്നതാണെന്നു സ്പീക്കർ എൻ. ശക്തൻ. ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി തനിക്ക് അനുകൂലമായ തെളിവുകൾ സമർപ്പിക്കാൻ 23നു നാലുമണി വരെ ജോർജിനു സമയം അനുവദിച്ചു. ഇരുകക്ഷികളോടും 26നു രാവിലെ പത്തിനു ഹാജരാകാനും ആവശ്യപ്പെട്ടു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു ജോർജ് പ്രതികരിച്ചു. .
പരാതിയുടെ എല്ലാ പുറങ്ങളിലും അനുബന്ധരേഖകളിലും പരാതിക്കാരൻ ഒപ്പിട്ടില്ല എന്നതിനാൽ തള്ളണമെന്ന ജോർജിന്റെ ആവശ്യമാണ് ഇപ്പോൾ സ്പീക്കർ നിരാകരിച്ചിരിക്കുന്നത്. പരാതിയുടെ ശരിപ്പകർപ്പു പോലെ തന്നെ അതിലെ അനുബന്ധ രേഖകളും പരിശോധിച്ചു പരാതിക്കാരൻ ഒപ്പിടണമെന്നു തന്നെയാണു ചട്ടം. എന്നാൽ ഈ ചട്ടം ഒരു നടപടിക്രമത്തിന്റെ സ്വഭാവമുള്ളതും ഭണഘടനപ്രകാരം സ്പീക്കറിൽ നിക്ഷിപ്തമായ കടമ നിർവഹിക്കാൻ വേണ്ടിയുള്ളതുമാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി.
പോരായ്മയുള്ള പരാതി തള്ളണമെന്നു ചട്ടം പറയുന്നുണ്ടെങ്കിലും അതിനു നിർദേശത്തിന്റെ സ്വഭാവമാണുള്ളത്. ഇത്തരം പരാതികളിൽ അന്വേഷണം നടത്തി തീരുമാനമെടുക്കണമെന്നു കൂടി ഉദ്ദേശിച്ചാണു ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. അതു സാങ്കേതികത്വം പറഞ്ഞു തടസ്സപ്പെടുത്താനാവില്ല. ചട്ടങ്ങൾ ഭരണഘടനയുടെ അന്തഃസത്തയെയും ലക്ഷ്യത്തെയും തടസ്സപ്പെടുത്തുന്നതാകരുത്. അയോഗ്യത ആവശ്യപ്പെടുന്ന വ്യക്തിയെ വ്യാജപരാതി വഴി അപമാനിക്കാതിരിക്കാനും വേണ്ടത്ര തെളിവുകൾ ഉറപ്പാക്കാനുമാണ് ഈ ചട്ടങ്ങൾ.
ഒപ്പിട്ടില്ല എന്ന സങ്കേതികപ്പിഴവിന്റെ പേരിൽ മാത്രം ഉത്തരവു നൽകിയാൽ അതു ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാകും, തെറ്റുകാരൻ രക്ഷപ്പെടുകയും ചെയ്യും. ഒന്നിലേറെ രേഖകൾ ഒന്നായി സമർപ്പിക്കാൻ തടസ്സമില്ലെന്നിരിക്കെ ഏതെങ്കിലും ഒന്നിൽ പരിശോധിച്ച് ഒപ്പിട്ടാലും മതി. ചട്ടം ആറ് പ്രകാരം ഈ പരാതിയിൽ വേണ്ട കാര്യങ്ങൾ ഉണ്ടെന്നാണു പരിശോധനയിൽ തെളിഞ്ഞത്. ഇക്കാരണങ്ങളാൽ പരാതി നിലനിൽക്കുന്നതല്ലെന്ന ജോർജിന്റെ വാദം തള്ളുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.