ന്യൂഡൽഹി: ഞാനൊരിക്കലും സ്വയം നിങ്ങളുടെ നേതാവാണെന്ന് കരുതിയിട്ടില്ല. മറിച്ച് ഒരു കുടുംബത്തിലെ അംഗമായിട്ടേ കരുതിയിട്ടുള്ളൂ. എല്ലാ പാർട്ടി പ്രവർത്തകരും എന്റെ കുടുംബാംഗങ്ങളെ പോലെയാണ്. ഈ കുടുംബത്തിൽ നിന്നും ഒരാളെയും തള്ളിക്കളയില്ല. നിങ്ങൾ പറയുന്ന അഭിപ്രായം ഉൾക്കൊണ്ടാലും ഇല്ലെങ്കിലും അതെപ്പോഴും കേൾക്കപ്പെടും. സ്റ്റീവ് ജോബ്സിന്റെ ആപ്പിൾ കമ്പനി പോലെയായിരിക്കണം കോൺഗ്രസ് പാർട്ടി പ്രവർത്തിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് പാർട്ടി ഒരിക്കലും ആർഎസ്എസിനെപ്പോലെയല്ല. അവിടെ ആർഎഎസ് മേധാവി മോഹൻ ഭഗവതിന്റെ വാക്കുകൾക്ക് മാത്രമേ ശ്രദ്ധ കൊടുക്കാറുള്ളൂ. എന്നാൽ കോൺഗ്രസിൽ അങ്ങനെയല്ല. ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ശബ്ദം ഇവിടെ കേൾക്കും. ഓരോരുത്തർക്കും അവരവരുടേതായ പ്രത്യയശാസ്ത്രമുണ്ട്. മുൻപ് ഞാൻ ഓരോ പ്രവർത്തകനെയും സൈന്യത്തിലെ ഒരംഗത്തെപ്പോലെയാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ നിങ്ങളോരോരുത്തരെയും എന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ശക്തമായ ഭാഷയിൽ വിമർശിച്ചു. മോദി പറഞ്ഞു, ആരും ഭയപ്പെടേണ്ട. അച്ഛേ ദിൻ (നല്ല ദിനം) ഉറപ്പായും വരുമെന്ന്. പക്ഷേ ഇപ്പോഴും കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കർഷകർ മോദിയെ വിമർശിക്കുന്നില്ല. പകരം അസഭ്യം പറയുകയാണ്. മോദി സ്വയം നാശത്തിന്റെ വക്കിലാണെന്നും രാഹുൽ പറഞ്ഞു.ഉത്തർപ്രദേശിലെ മഥുരയിൽ കോൺഗ്രസ് പ്രവർത്തകരുമായി നടത്തിയ തുറന്ന ചർച്ചയിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.