ദില്ലി: പശുവിനെ കശാപ്പ് ചെയ്യുന്നതും, ബീഫ് വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഹര്‍ജി തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ തലസ്ഥാനത്ത് പശുവിനെ കൊല്ലുന്നതും ബീഫ് വില്‍ക്കുന്നതും നിരോധിക്കണമെന്നും ഇതിനായി നിയമം നടപ്പിലാക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.  കാലികളെ സംരക്ഷിക്കാന്‍ ദില്ലിയില്‍ പ്രത്യേകനിയമം നിലവിലുണ്ടെന്ന് എഎപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ചെലവ് സഹിതം ഹര്‍ജി തള്ളണമെന്നും ദില്ലി സര്‍ക്കാരിന് വേണ്ടി ഹാജരായ സഞ്ജയ് ഘോഷ് വാദിച്ചു.

കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാലികളെ കശാപ്പിനായി ദില്ലിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. 23,000 കാലികളെ സംരക്ഷിക്കാവുന്ന കേന്ദ്രങ്ങളും ദില്ലിയിലുണ്ട്. എന്നാല്‍ ഇന്ന് ഇവയില്‍ 10,000 കാലികള്‍ മാത്രമാണുള്ളതെന്നും സഞ്ജയ് ഘോഷ് ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ പക്കല്‍ കൂടുതല്‍ കാലികളുണ്ടെങ്കില്‍ അവയെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുത്ത കോടതി ഹര്‍ജിയിലെ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിധിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമം നിര്‍മ്മിക്കണമെന്ന് ഉത്തരവിടാന്‍ കോടതിക്ക് സാധിക്കില്ല. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

സന്യാസിയെന്ന് അവകാശപ്പെടുന്ന സ്വാമി സത്യനാഥ ചക്രധാരിയാണ് ഹര്‍ജി നല്‍കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here