സ്വന്തം ലേഖകൻ 


കൊച്ചി : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.  കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ തീരുമാനിക്കപ്പെടുന്ന ഫലമാണ് നാളെ വരാനിരിക്കുന്നത്.
അടുത്ത നാല് മാസത്തിനുശേഷം നടക്കുന്ന തെരെഞ്ഞെടുപ്പിന്റെ ട്രയൽ ആയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.
കേരളത്തിൽ ഈയടുത്തകാലത്തായി ഉണ്ടായിരിക്കുന്ന വിവാദങ്ങൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നാണ് മുന്നണികൾ പ്രധാനമായും വിലയിരുത്തുന്നത്.
കേരള രാഷ്ട്രീയത്തിൽ സ്വാദീനമുറപ്പിക്കാനുള്ള തീവ്രശ്രമത്തിലുള്ള ബി ജെ പി ഇരുമുന്നണികളെയും ഒരുപോലെ ക്ഷീണിപ്പിക്കാനുള്ള തന്ത്രങ്ങളിലായിരുന്നു.

2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന ആയുധം ബാർകോഴയും സോളാറുമായിരുന്നു. ഇത്തവണ യു ഡി എഫിന്റെ കയ്യിൽ നിരവധി ആയുധങ്ങളായിരുന്നു ഉണ്ടായിരുന്നത്.
സ്പീക്കർക്കെതിരെയുള്ള ആരോപണം, ലൈഫ് അഴിമതി, സ്വർണക്കള്ളക്കടത്ത്, പ്രൈസ് വാട്ടർ കൂപ്പർ കൺസൽട്ടൻസി, സ്പ്രിംഗ്‌ളർ ഇടപാട് തുടങ്ങിയ വലിയൊരു നിരതന്നെ ഉണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളെ എല്ലാം, മറികടക്കാൻ കോവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രം മതിയാവും എന്നാണ് എൽ ഡി എഫ് നേതാക്കളുടെ കരുതൽ.
കോവിഡ് കാലത്തെ ലോക് ഡൗണിനെ അതിജീവിക്കാൻ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സഹായിച്ചുവെന്നാണ് ഇടത്പക്ഷത്തിന്റെ വിലയിരുത്തൽ. സൗജന്യം കോവിഡ് ചികിൽസയും വോട്ടർമാരിൽ വലിയ തോതിൽ സർക്കാർ അനുകൂല നിലപാടുണ്ടാക്കാൻ സഹായിച്ചുവെന്നും കണക്കൂട്ടുന്നു.
കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിട്ട ദയനീയ പരാജയത്തിന്റെ കാരണം പ്രധാനമായും ശബരിമല സ്ത്രീ പ്രവേശനമാണെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ഇടത് മുന്നണിക്ക് തിരിച്ചടിയായി എന്നും വിലയിരുത്തലുണ്ടായി.
ശബരിമല നിലപാട് സർക്കാർ തിരുത്തിയെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
എന്നാൽ സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതും, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും, മന്ത്രി കെ ടി ജലീൽ മൂന്നു തവണ ചോദ്യം ചെയ്യലിന് വിധേയമായതും ക്ഷീണമാണ്.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് ജയിലായതും പാർട്ടി പ്രവർത്തകരിൽ അവതമതിപ്പുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നാണ് ഇടത് നേതാക്കളുടെ വിലയിരുത്തൽ.

ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലെത്തിയത് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഗുണം ചെയ്യുമെന്ന് ഇടതു മുന്നണി വിശ്വസിക്കുന്നു.

എന്നാൽ ഇടതുമുന്നണിക്ക് വലിയ തകർച്ചയാണ് സംഭവിക്കാൻ പോവുന്നതെന്ന് കോൺഗ്രസും യു ഡി എഫ് നേതാക്കളും പറയുന്നുണ്ട്. ചരിത്രത്തിൽ ഇന്നേവരെയുണ്ടാവാത്ത ആരോപണങ്ങളാണ് ഇടതുമുന്നണി നേരിടുന്നത്. സ്വർണകട്ടത്തുപോലുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മറ്റും അറസ്റ്റിലായി. സ്വപ് ന സുരേഷിനെ വഴിവിട്ട് സഹായിച്ചത് സർക്കാരിലെ തന്നെ പ്രമുഖനാണെന്ന് മൊഴിയുണ്ടായി. ഇതൊക്കെ വോട്ടമാർക്കിടയിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് യു ഡി എഫിന്റ വിലയിരുത്തൽ.
മുസ്ലിം ലീഗിന്റെ സ്ഥിതി മെച്ചപ്പെടുമെങ്കിലും അഴിമതിയാരോപണത്തിൽ അകപ്പെട്ട് മുൻമന്ത്രിയായ ഇബ്രാഹിംകുഞ്ഞ് വിജിലൻസ് അറസ്റ്റിലായതും, സ്വർണനിക്ഷേപ തട്ടിപ്പിൽ അകപ്പെട്ട് മഞ്ചേശ്വരം എം എൽ എ ജയിലായതും ലീഗിന് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. കെ എം ഷാജി എം എൽ എയെ ഇഡിയും, വിജിലൻസും തുടർച്ചയായി ചോദ്യം ചെയ്തതും ചില മേഖലകളിൽ തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

മലബാറിൽ അടിയൊഴുക്കുകൾ ഒന്നും സംഭവിക്കില്ലെന്ന് ഉറച്ച വിശ്വാസത്തിലാണ് ഇരുമുന്നണികളും. എന്നാൽ സീറ്റുകളുടെ എണ്ണം വർധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി. തങ്ങൾക്ക് അനുകൂലമായ അടിയൊഴുക്കുകൾ പലയിടങ്ങളിലും നടന്നിട്ടുണ്ടെന്ന് ബി ജെ പി നേതാക്കൾ പറയുന്നു.

ക്രോസ് വേട്ടിംഗ് നടന്നു വെന്നാണ് ബി ജെ പിയുടെ പ്രധാന ആരോപണം. തൃശ്ശൂരിലും മറ്റും സി പി എം -കോൺഗ്രസ് ധാരണ ഉണ്ടായതായി ബി ജെ പി നേതാക്കൾ ആരോപണ മുന്നയിച്ചിട്ടുണ്ട്.
 

LEAVE A REPLY

Please enter your comment!
Please enter your name here