ആറ്റിങ്ങല്‍: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ വക്കത്ത് യുവാവിനെ മൃഗീയമായി തല്ലിക്കൊന്നു. വക്കം മണക്കാട് സ്വദേശി ഷബീര്‍(23) ആണ് മരിച്ചത്. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കടക്കാവൂര്‍ പൊലിസ് അറിയിച്ചു.
 
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ വക്കം ലെവല്‍ ക്രോസിന് സമീപമായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന ഷബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും നാലംഗ സംഘം തടഞ്ഞുനിറുത്തി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷബീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഉച്ചക്ക് രണ്ടുമണിയോടെ മരിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഉത്സവവുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാണ് സംഭവത്തിന് കാരണം. ഉത്സവത്തിനിടെ അക്രമി സംഘം ആനയുടെ വാലില്‍ പിടിച്ചതിനെ തുടര്‍ന്ന് ആന വിരണ്ട് ഓടിയിരുന്നു. ഇത് ഷബീര്‍ കാണാനിടയാവുകയും അത് മറ്റുള്ളവരെ അറിയിച്ചതുമാണ് വൈരാഗ്യത്തിന് കാരണം. ഗുരുതര പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ ചികിത്സയിലാണ്.
 
ഷെബീര്‍ മരിച്ചതറിഞ്ഞ് വൈകുന്നേരം ഒരുസംഘം വക്കം ദൈവപ്പുര ഭാഗത്തു പ്രതിയെന്നു കരുതുന്ന യുവാവിന്റെ വീടിനുനേരെ അക്രമമഴിച്ചുവിട്ടത് വക്കത്ത് വ്യാപകഭീതി പരത്തി. ആറ്റിങ്ങല്‍ ഡിവൈഎസ്പി: പ്രതാപന്‍നായരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തുവരുന്നു.
രണ്ടാഴ്ച മുന്‍പ്, കേസന്വേഷിക്കാനെത്തിയ കടയ്ക്കാവൂര്‍ എസ്‌ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവ് ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തിന്റെ ഭീതി മാറും മുന്‍പാണ് പുതിയ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here