വാഷിങ്​ടൺ: ചൊവ്വാ ഗ്രഹത്തിന്‍റെ ഇതുവരെയും പകർത്താനാവാത്ത മനോഹര ചിത്രങ്ങൾ പങ്കുവെച്ച്​ നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ പേഴ്​സവറൻസ്​ ബഹിരാകാശ ദൗത്യമാണ്​ അവിശ്വസനീയ ചിത്രങ്ങൾ പുറത്തുവിട്ടത്​. യാത്രയു​െട ഒന്നാംഘട്ടം പൂർത്തിയാക്കി​ പേടകം നിലംതൊടുംമുമ്പുള്ള ചിത്രമാണ്​ ആദ്യം ലഭിച്ചത്​. ദൗത്യം ലാൻഡിങ്ങിന്​​ 6.5 അടി ഉയരത്തിലെത്തു​േമ്പാൾ പൊടിപാറുന്നതും ചിത്രങ്ങളിൽ കാണാം. പ്രതീക്ഷ സഫലമാക്കി​ പേഴ്​സവറൻസ്​ ചൊവ്വയിൽ ഇറങ്ങിയത്​ ആവേശം നൽകുന്നുവെന്ന്​ പേടകത്തിന്‍റെ പ്രധാന എഞ്ചിനിയറായിരുന്ന ആദം സ്റ്റീറ്റ്​സ്​നർ പറഞ്ഞു.

വ്യാഴാഴ്ച ലഭിച്ച ചിത്രങ്ങൾ പൂർണമായി കറുപ്പും വെളുപ്പുമായിരുന്നുവെങ്കിൽ വെള്ളിയാഴ്ച മുതൽ കളർ ചിത്രങ്ങളും അയക്കുന്നുണ്ട്​. ചുവപ്പുകലർന്ന ചൊവ്വ ഉപരിതലത്തെ കുറിച്ച്​ കൂടുതൽ ഉൾക്കാഴ്ച നൽകുന്നതാണ്​ ചിത്രങ്ങൾ.

ജെ​സറോ ഗർത്തത്തോടു ചേർന്ന റോവർ നിലംതൊട്ട സ്​ഥലത്ത്​ പാറക്കൂട്ടങ്ങളും ദൃശ്യമാണ്​. പക്ഷേ, അവയുടെ വലിപ്പം കുറവാണെന്നാണ്​ സൂചന. റോവർ നിലംതൊടുന്നതിന്​ 700 കിലോമീറ്റർ ഉയരത്തിൽനിന്നെടുത്ത ചിത്രങ്ങൾ വരെയുണ്ട്​.

തുടർന്നുള്ള ദിവസങ്ങളിൽ ചൊവ്വയുമായി ബന്ധപ്പെട്ട നാസ പദ്ധതികളെ സഹായിക്കുന്ന ​നിരീക്ഷണങ്ങളും പേഴ്​സവറൻസ്​ നടത്തും. റോവറിന്‍റെ മുകളിൽ ആവശ്യ സമയത്ത്​ നിരീക്ഷണം നടത്തി സഞ്ചാര യോഗ്യത ഉറപ്പാക്കാൻ കുഞ്ഞു ഹെലികോപ്​റ്ററും ഘടിപ്പിച്ചിട്ടുണ്ട്​. 30 ദിവസം ഈ ഹെലികോപ്​റ്റർ റോവറിനു മുകളിൽ നിരീക്ഷണ പറക്കൽ നടത്തും.

പേഴ്​സവറൻസ്​ നൽകുന്ന ചിത്രങ്ങളിൽനിന്ന്​ ചൊവ്വയിലെ ജെ​സേറോ ഗർത്തമുൾപെടെ പഠന വിധേയമാക്കാൻ ലോകത്തുടനീളമുള്ള 450 ശാസ്​ത്രജ്​ഞരാണ്​ സജീവമായി രംഗത്തുള്ളത്​. ഓരോ ചിത്രവും അതുകൊണ്ടുതന്നെ അതീവ പ്രാധാന്യത്തോടെയാണ്​ ലോകം കാത്തിരിക്കുന്നത്​.

ജെസേറോ ഗർത്തത്തിന്‍റെ 1.2 മൈൽ അകലെയാണ്​ പേഴ്​സവറൻസ്​ നിലംതൊട്ടത്​. ഈ ഗർത്തം 390 കോടി കിലോമീറ്റർ മുമ്പ്​ നിലവിണ്ടായിരുന്നുവെന്ന്​ കരുതുന്ന കായലിന്‍റെ ബാക്കിയാണിത്​​. രണ്ടു വർഷം പേഴ്​സവറൻസ്​ ചൊവ്വയിലുണ്ടാകും. ഇതിനിടെ, ചൊവ്വയിൽ ജീവന്‍റെ സാന്നിധ്യമുണ്ടായിരുന്നോ എന്നതുൾപെടെ നിരീക്ഷണ വിധേയമാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here