മനാമ : സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 17ന് പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനു പിന്നാലെ ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളിലേക്കുള്ള യാത്ര മാള്‍ഗനിര്‍ദേശങ്ങള്‍ ഓദ്യോഗിക എയര്‍ലൈന്‍സായ സൗദിയ പുറത്തിറക്കി.യാത്ര ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകള്‍ പരിശോധിച്ച് ആവശ്യമായ അനുമതികള്‍ നേടിയിരിക്കണമെന്ന് സൗദിയ വെബ്സൈറ്റില്‍ വ്യക്തമാക്കി.

വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും മുന്‍കൂട്ടി അറിയിക്കാതെ പതിവായി അപ്ഡേറ്റ് ചെയ്യുന്നതിന് വിധേയമാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്ര ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക, അംഗീകൃത ഉറവിടങ്ങളില്‍ നിന്ന് യാത്രയ്ക്ക് ആവശ്യമായ വ്യവസ്ഥകളെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും യാത്രക്കാര്‍ പരിശോധിക്കണം. രാജ്യത്തെ അംഗീകൃത പിസിആര്‍ പരിശോധനാ കേന്ദ്രങ്ങളില്‍നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈപറ്റിയിരിക്കണമെന്നും എയര്‍ലൈന്‍സ് നിര്‍ദേശിച്ചു.

അന്താരാഷ്ട്ര വിലക്ക് നീക്കിയാലും ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നെങ്കിലും സൗദിയ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന വിധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുമോ എന്നത് സംശയമാണ്.

ഈ മാസം 17ന് പുലര്‍ച്ചെ ഒന്നുമുതല്‍ അന്താരാഷ്ട്ര വിലക്ക് നിരോധനം നീക്കുമെന്ന് ചൊവ്വാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സ്വദേശികള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിദേശയാത്രക്ക് അനുമതിയും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here