സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂലമായ അഴിച്ചുപണിയുണ്ടാവുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. 51 അംഗ കമ്മിറ്റിയായിരിക്കും കെ പി സി സിക്ക് ഉണ്ടാവുക. 15 ജനറല്‍ സെക്രട്ടറിമാരായിരിക്കും ഉണ്ടാവുക. മൂന്ന് വൈസ് പ്രസിഡന്റുമാരും, ഒരു ട്രഷറും അടങ്ങുന്നതായിരിക്കും ഭാരവാഹികള്‍. എല്ലാ ഡി സി സി കളും പുനസംഘടിപ്പിക്കും. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും. സംസ്ഥാന ജില്ലാ തലത്തില്‍ അച്ചടക്ക സമിതികള്‍ രൂപീകരിക്കും. പാര്‍ട്ടിയെ സെമി കേഡറാക്കുന്നതിന്റെ ഭാഗമാണിത്.

ഭാരിവാഹിത്വം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. സ്ത്രീകള്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കും. എസ് സി, എസ് ടി വിഭാഗത്തിനും 10 ശതമാനം ഭാരവാഹിത്വം നല്‍കും. ബ്ലോക്ക് കമ്മിറ്റികള്‍ ഇല്ലാതാവും. പകരം നിയോജകമണ്ഡലം കമ്മിറ്റികള്‍ നിലവില്‍ വരും. സംസ്ഥാനത്തുണ്ടായ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ അഞ്ച് മേഖലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും.

മാധ്യമങ്ങളില്‍ ഇനി ആരൊക്കെ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീരുമാനിക്കാന്‍ സാധിക്കില്ല. സോഷ്യല്‍ മീഡിയാ മാനേജ്മെന്റിനും രീതികളുണ്ടാവും. പാര്‍ട്ടി സ്‌കൂളും ആരംഭിക്കും. ഏറ്റവും താഴേത്തട്ടില്‍ പാര്‍ട്ടിയെ കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായി ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെയെ അയല്‍ക്കൂട്ട കമ്മിറ്റികള്‍ വരും. 30മുതല്‍ 50 വരെ വീടുകളെ ഉള്‍പ്പെടുത്തിയായിരിക്കും ഈ കമ്മിറ്റികള്‍. അച്ചടക്ക ലംഘടനത്തില്‍ ആരോപണ വിധേയരാവുന്നവര്‍ക്ക് നേരെ കര്‍ശന നടപടകളുണ്ടാവും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here