സ്വന്തം ലേഖകന്‍

കൊച്ചി: സിനിമാലോകത്തുനിന്നും ഒരു വിവാഹമോചനം കൂടി. നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകിയായ മേതില്‍ ദേവികയും വേര്‍പിരിയുകയാണെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരുമിച്ച് പോവുന്നത് ബുദ്ധിമുട്ടായി തോന്നിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മേതില്‍ ദേവിക പ്രതികരിച്ചു.

മുകേഷും മേതില്‍ ദേവികയും വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു തിങ്കളാഴ്ച പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഈ വാര്‍ത്ത വൈറലായി മാറിയത്. മണിക്കൂറുകള്‍ക്ക് ശേഷമായാണ് പ്രതികരണവുമായി മേതില്‍ ദേവിക എത്തിയത്. പ്രചരിക്കുന്ന വാര്‍ത്ത ശരിവെക്കുകയായിരുന്നു അവര്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മേതില്‍ ദേവിക പ്രതികരിച്ചത്. വിശദമായി വായിക്കാം.

മുകേഷിനോട് പ്രശ്‌നമില്ല

മുകേഷ് എന്ന വ്യക്തിയോട് പ്രശ്‌നമില്ലെന്ന് മേതില്‍ ദേവിക പറയുന്നു. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം. മുകേഷിനോടോ അദ്ദേഹത്തിന്റെ കുടുംബത്തിനോടോ ഒരു പ്രശ്‌നവുമില്ല. പ്രചരിക്കുന്ന ഗോസിപ്പുകളൊന്നും ശരിയല്ല. കഴിഞ്ഞ ദിവസവും അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും ദേവിക പറയുന്നു.

തിരുത്താന്‍ തയ്യാറല്ല

അഭിനയത്തിലും ചാനല്‍ പരിപാടികളിലുമെല്ലാമായി സജീവമായ മുകേഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. നിലവില്‍ കൊല്ലം എംഎല്‍എയാണ് നടന്‍. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് അതിന്റെ വരുംവരായ്കകള്‍ ഒദ്ദേഹം തന്നെ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. വിവാദങ്ങളെല്ലാം വരുത്തിവെച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ല. തന്നെ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

കുടുംബജീവിതം

നല്ല മനുഷ്യനാണെങ്കിലും ജീവിതത്തില്‍ നല്ലൊരു ഭര്‍ത്താവായിരുന്നില്ല അദ്ദേഹം. 8 വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മേതില്‍ ദേവിക പറയുന്നു. ഇനി അചിന് സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാലാണ് വേര്‍പിരിയുന്നത്. ആശയപരമായി വിയോജിപ്പുകള്‍ ഏറെയുണ്ട്.

വക്കീല്‍ നോട്ടീസ്

വിവാഹമോചനത്തിനായുള്ള വക്കീല്‍ നോട്ടീസ് അയച്ചുവെന്ന കാര്യവും മേതില്‍ ദേവിക സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരുന്നു അങ്ങനെ ചെയ്തത്. കൊച്ചിയിലെ അഭിഭാഷകന്‍ മുഖേനയായാണ് നോട്ടീസ് അയച്ചത്. വിവാഹം നടന്നതും അവിടെ വെച്ചായിരുന്നു. ഒന്നും വാങ്ങിയെടുക്കുന്നതിന് വേണ്ടിയല്ല അത്. അത്തരത്തിലുള്ള ഉദ്ദേശമൊന്നുമില്ല.

സുഹൃത്തുക്കളായി തുടരും

വിവാഹമോചനം കഴിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും മേതില്‍ ദേവിക വ്യക്തമാക്കിയിട്ടുണ്ട്. 2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. 8 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയാണ്. വിവാഹമോചന വാര്‍ത്തയില്‍ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രണയവും വിവാഹവും

വിവാഹമോചന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ഇവരുടെ പഴയ അഭിമുഖങ്ങളും വൈറലായിരുന്നു. മുകേഷിന്റെ സഹോദരിയായ സന്ധ്യയായിരുന്നു വിവാഹം ആലോചിച്ച് ദേവികയുടെ വീട്ടിലേക്കെത്തിയത്. വിവാഹത്തിന് മുന്‍പ് അറിയുന്നവരാണെങ്കിലും പൂര്‍ണമായും അതൊരു പ്രണയവിവാഹമായിരുന്നില്ലെന്നായിരുന്നു ദേവിക മുന്‍പ് പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here