ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനത്തില്‍ ദുബായ് എക്‌സ്‌പോ വേദിയില്‍ ഒത്തുകൂടിയ ആഗോള വിദഗ്ധര്‍ ഭക്ഷണ സംവിധാനങ്ങളില്‍ സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനും ലോകത്തിന്റെ വിശപ്പ് ലഘൂകരിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും യുഎഇയും ലോകത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് FAOഅസിസ്റ്റന്റ് ഡയറക്ടര്‍ ജനറലും റീജിയണല്‍ പ്രതിനിധിയുമായ ഡോ. അബ്ദുള്‍ ഹക്കിം എല്‍വെയര്‍ പറഞ്ഞു.

ദുബായ് എക്‌സ്‌പോ പോലുള്ള ഒരു വലിയ ഷോ ഭക്ഷ്യസുരക്ഷയുടെ അവബോധം ഉയര്‍ത്തുന്നതിനും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുമുള്ള മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം, വിവിധ ഭക്ഷ്യ അരക്ഷിതത്വ വെല്ലുവിളികള്‍ എന്നിവ കാരണം അമ്പത് ദശലക്ഷത്തോളം ആളുകള്‍ പട്ടിണി നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

2030 ഓടെ പട്ടിണിയില്ലാത്ത രാജ്യം എന്നതാണ് എഫ്എഒ ലക്ഷ്യമിടുന്നത്. ഭകഷ്യ ഉത്പാദനം മുതല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് എത്തിപ്പെടുന്നത് പതിനാല് ശതമാനം ഭക്ഷ്യനഷ്ടമാണ് സംഭവിക്കുന്നത്. പിന്നീട് റീടെയിലറില്‍ നിന്നും ഉപഭോക്താവിലേക്ക് എത്തുമ്പോള്‍ 17 ശതമാനം നഷ്ടവും സംഭവിക്കുന്നു. പ്രതിവര്‍ഷം 400 ബില്യണ്‍ ഡോളര്‍ ഭക്ഷ്യ നഷ്ടവും ഏകദേശം 700 ബില്യണ്‍ ഡോളര്‍ ഭക്ഷ്യ മാലിന്യങ്ങളും ഉണ്ടാവുന്നുവെന്നത് നമ്മള്‍ അഭിമുഖീകരിക്കേണ്ട ഒരു വലിയ വെല്ലുവിളിയാണ് എന്ന് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) ചീഫ് ഇക്കണോമിസ്റ്റ് ഡോ. മാക്‌സിമോ ടോറെറോ പറഞ്ഞു.

ഭക്ഷ്യനഷ്ടവും ഭക്ഷ്യാവശിഷ്ടങ്ങളും കുറയ്ക്കുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കണം. സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത് ചലഞ്ചുകളെ കണ്ടെത്തുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യാനുള്ള ശ്രമങ്ങളെ എഫ്എഒ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രം ഇതിന് വലിയ സഹായമാകും. വികസിത രാജ്യങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിക്കൊണ്ട് വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ കഴിയും.

മനുഷ്യരെ മാത്രം ഫോക്കസ് ചെയ്ത് ഭൂമിയെ ശ്രദ്ധിക്കാതിരിക്കുകയും അല്ലെങ്കില്‍ ഭൂമിയേയും മനുഷ്യരേയും ഫോക്കസ് ചെയ്യുകയും അഭിവൃദ്ധി സംബന്ധിച്ച് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മള്‍ വിജയിക്കില്ല. ഇതിന് മൊത്തത്തിലുള്ള ഏകോപനമാണ് ആവശ്യമെന്ന് ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലും സണ്‍ മൂവ്മെന്റിന്റെ കോര്‍ഡിനേറ്ററുമായ ഗെര്‍ഡ വെര്‍ബര്‍ഗ് പറഞ്ഞു.

ആഗോള ഭക്ഷ്യ സംവിധാനങ്ങളും കാലാവസ്ഥാ വ്യതിയാനവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎന്‍ കമ്മീഷണര്‍ ജനറല്‍ മഹര്‍ നാസര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാലത്തെ അസ്തിത്വ പ്രതിസന്ധിയാണ്. ഭക്ഷ്യ സംവിധാനങ്ങള്‍ പരിസ്ഥിതിയെ സ്വാധീനിക്കുന്നുണ്ട്. ഓരോ മനുഷ്യനും പോഷകഗുണമുള്ളതും ആരോഗ്യകരവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷ്യസംവിധാനങ്ങള്‍ ഒരേസമയം ജനങ്ങള്‍ക്കും പ്രകൃതിക്കും ഇണങ്ങുന്ന വിധത്തില്‍ പരുവപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനുള്ള യുഎന്നിന്റെ ആഹ്വാനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പാന്‍ഡമിക്ക് മൊത്തം വ്യവസ്ഥിതിയെ താളം തെറ്റിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് മൂന്ന് ബില്യണ്‍ ജനങ്ങള്‍, ജനസംഖ്യയുടെ നാല്‍പത് ശതമാനം ആരോഗ്യകരമായ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിലാണ്. കോവിഡ് 140 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്കും ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ടു. അതിനാല്‍ ഭക്ഷ്യസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം കോവിഡ് -19 ന്റെ പ്രത്യാഘാതം പരിഹരിക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിന്റെയും ഭക്ഷ്യ ശൃംഖലയുടെയും നിര്‍മ്മാതാക്കളായ കര്‍ഷകരും മത്സ്യത്തൊഴിലാളികളുമാണ് എപ്പോഴും ദാരിദ്രത്തിലായിരിക്കുന്നത്. അത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് എന്ന് AGREA അഗ്രികള്‍ച്ചറല്‍ സിസ്റ്റം ഇന്റര്‍നാഷണല്‍ സിഇഒയും പ്രസിഡന്റും പ്രമുഖ ഭക്ഷ്യ സുരക്ഷാ അഭിഭാഷകനുമായ ചെറി ചെറി അതിലാനോ പറഞ്ഞു. നമ്മള്‍ മറ്റുള്ളവരുടെ ഡിഗ്നിറ്റിയെ ബഹുമാനിക്കേണ്ടതുണ്ട്.

നമ്മുടെ നമ്മുടെ ഭക്ഷ്യ ഉല്‍പാദകരായ കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും ബഹുമാനിക്കുന്ന ഒരു പരിസ്ഥിതിശാസ്ത്രത്തെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ചെറുകിട കര്‍ഷകരാണ് നമ്മുടെ ഭക്ഷ്യ സംവിധാനങ്ങളുടെ നട്ടെല്ല് എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു, കൂടുതല്‍ പ്രധാനമായി നമ്മള്‍ സുസ്ഥിരതയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അവ ഒഴിച്ചുകൂടാനാവാത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ ഷോയായ ദുബായ് എക്‌സ്‌പോ 2020 തങ്ങളുടെ സന്ദേശം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here