ജിദ്ദ: സൗദിയിൽ മൂന്ന്​ തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്​കരിക്കുന്നു.​ ഡിസംബർ 30 വ്യാഴാഴ്​ച മുതലാണ്​ കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ്​ സ്കൂളുകൾ, എൻജിനീയറിങ്​​, സാങ്കേതിക തൊഴിലുകൾ എന്നീ മേഖലകൾ​ സ്വദേശിവത്​കരിക്കുന്നത്​. കസ്​റ്റംസ്​ ക്ലിയറൻസ്​ മേഖലയിൽ ചില ജോലികളിൽ സ്വദേശിവത്​കരണം 100 ശതമാനമായി ഉയർത്താനാണ്​ ലക്ഷ്യമിടുന്നത്​. ഇതിലൂടെ 2,000 ലധികം തൊഴിലവസരങ്ങളാണ്​ പ്രതീക്ഷിക്കുന്നത്. ​ജനറൽ മാനേജർ, സർക്കാർ റിലേഷൻസ് ഉദ്യോഗസ്ഥൻ, കസ്റ്റംസ് ക്ലിയറൻസ് ക്ലർക്ക്, കസ്റ്റംസ് ഏജൻറ്​, കസ്റ്റംസ് ബ്രോക്കർ, വിവർത്തകൻ എന്നീ തൊഴിലുകളാണ്​ കസ്​റ്റംസ്​ ക്ലിയറൻസ്​ മേഖലയിൽ 100 ശതമാനം സ്വദേശിവത്​കരണത്തിലുൾപ്പെടുകയെന്ന്​ നടപടിക്രമ ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്​.

ഡ്രൈവിങ്​ സ്​കൂൾ മേഖലകളിലെ തൊഴിലുകളും നൂറ്​ ശതമാനം സ്വദേശിവത്​കരിക്കാനാണ്​ ലക്ഷ്യമിടുന്നത്​. ഡ്രൈവിങ്​ പരിശീലകൻ, നിരീക്ഷകൻ തുടങ്ങിയ ജോലികൾ സ്വദേശിവത്​കരിക്കുന്നതിലുൾപ്പെടും. പരിശീലനം നൽകുന്ന ആളുടെ ​വേതനം 5,000 റിയാലിൽ കുറവായിരിക്കരുതെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. ഡ്രൈവിങ്​ സ്കൂളുകളിൽ 8,000 തൊഴിലവസരങ്ങളാണ്​ പ്രതീക്ഷിക്കുന്നത്​. ഡ്രൈവിങ്​ സ്​കൂൾ മേഖലയിലെ സ്വദേശിവത്​കരണ പ്രഖ്യാപനം വന്ന ഉടനെ ഡ്രൈവിങ്​ പരിശീലനം എന്ന തൊഴിൽ തൊഴിലന്വേഷകരെ പരിശീലിപ്പിക്കുകയും യോഗ്യത നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി ഫണ്ട്​ (ഹദഫ്​) പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

എൻജിനീയറിങ്​, സാങ്കേതിക പ്രൊഫഷനുകളുടെ സ്വദേശിവത്​കരണത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച പ്രൊഫഷണൽ തരംതിരിക്കൽ അനുസരിച്ച് എൻജിനീയറിങ്​, സാങ്കേതിക പ്രൊഫഷനുകൾ എന്ന ഗണത്തിൽപ്പെടുന്ന എല്ലാ പ്രൊഫഷനുകളും ഉൾപ്പെടുന്നതാണ്​. ഈ മേഖലയിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമായിരിക്കും. 12,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ​ ലക്ഷ്യമിടുന്നത്​. ജോലിക്ക്​ നിയോഗിക്കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലിൽ കുറയരുതെന്നും ​സൗദി എൻജിനീയേഴ്​സ്​ കൗൺസി​ലിന്റെ അംഗീകൃത സർട്ടിഫിക്കറ്റ്​ വേണമെന്നും നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്​. 2021 ൽ സ്വദേശികളായ തൊഴിലന്വേഷകർക്ക്​ 3,78,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്​ 20 തൊഴിൽ മേഖലകളിൽ സ്വദേശിവത്​കരണം നടപ്പിലാക്കുമെന്ന്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ്​​ ഡിസംബർ 30 മുതൽ മൂന്ന്​ പുതിയ മേഖലകളിൽ കൂടി സ്വദേശിവത്​കരണം നടപ്പിലാക്കാൻ പോകുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here