ചാക്കോ കളരിക്കൽ

ജനുവരി 08, 2022-ൽ എനിക്ക് 80 വയസ് തികയുകയാണ്. ഞാനും എൻറെ ഇച്ചാച്ചനും ഒരേ മാസം ഒരേ തീയതി ഒരേ ദിവസം, ജനുവരി എട്ടാം തീയതി വ്യാഴാഴ്ച ജനിച്ചു. 32 വർഷത്തിൻറെ അകലം. എൻറെ ജീവിതത്തിൽ ഒട്ടുമേ പ്രാധാന്യം നല്കാത്ത ഒരു കാര്യമാണ് ജന്മദിനാഘോഷം. കാരണം, അനന്തമായ സമയദൈർഘ്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ 80 വർഷങ്ങളും ഞാനും ഒന്നുമല്ല. എങ്കിലും ജനസാമാന്യത്തിൻറെ മുമ്പിൽ ഞാനൊരു പുരാണൻ ആണ്.

‘ലൈംഗികതയും പൗരോഹിത്യവും’ എന്ന എൻറെ പുസ്തകം പുനഃപ്രസിദ്ധീകരണം ചെയ്യാൻ പ്രസാധകൻ അനുവാദം ചോദിച്ചുവന്നപ്പോൾ അദ്ദേഹത്തിൻറെ ഒരാവശ്യം ആ പുസ്തകത്തിൽ വിശദമായി എന്നെ സ്വയം പരിചയപ്പെടുത്തണമെന്നാണ്. അതിന് അദ്ദേഹം പറഞ്ഞ ന്യായം, ഞാൻ വൈദികവൃത്തി ഉപേക്ഷിച്ചുപോയ വ്യക്തിയാണെന്നും സഭാധികാരികളെ വിമർശിക്കലാണ് ഇപ്പോഴത്തെ എൻറെ പണിയെന്നുമുള്ള ഒരു കള്ള പ്രചാരണം നിലവിലുണ്ട്. അനുവാചകരുടെ ഇടയിലെ തെറ്റായ ആ ധാരണയെ മാറ്റേണ്ടത് ആവശ്യമാണ്. ഒരു സീറോ മലബാർ മെത്രാൻ എന്നെപ്പറ്റി എൻറെ ചാർച്ചക്കാരനോടു പറഞ്ഞത് ഞാൻ ഒരു ‘വിമതൻ’ ആണെന്നാണ്.  തീർത്ഥാടനസഭയുടെ നവോത്ഥാനത്തിന് അഭിപ്രായഭേദത്തോടെ ചിന്തിക്കുന്നവർ വേണം. അങ്ങനെ വേറിട്ടു ചിന്തിക്കാൻ ധൈര്യം കാണിക്കുന്നവർ മെത്രാൻറെ നോട്ടത്തിൽ വിമതരായിരിക്കാം. ദീർഘവീക്ഷണവും മൂല്യവിചാരവുമുള്ള അത്തരക്കാരെ സ്ഥാപിതസഭ വച്ചുപുറപ്പിക്കുകയില്ല. കാരണം, സഭാനവീകരണക്കാർ മുഖ്യമായും ചോദ്യം ചെയ്യുന്നത് കത്തോലിക്ക സഭയിലെ ശ്രേണിബദ്ധമായ അധികാരഘടനയെയും സഭയിൽ കുമിഞ്ഞുകൂടുന്ന സമ്പത്തിൻറെ കൈകാര്യകതൃത്വത്തെയും സഭയിലെ ചില മേലാളന്മാരുടെ ലൈംഗിക അതിക്രമങ്ങളെയും മറ്റുമാണ്. പ്രസാധകൻറെ ആവശ്യത്തെ മാനിച്ചുകൊണ്ട് എനിക്കിഷ്ടമില്ലെങ്കിലും എന്നെ സംബന്ധിച്ച ജീവചരിത്രപരമായ ഒരു ലഘുലേഖനം ഞാനിവിടെ കുറിക്കട്ടെ.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉരുളികുന്നം എന്ന കരയിൽ കളരിക്കൽ ദേവസ്യ-അന്ന ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി ജനുവരി 08, 1942-ൽ ഞാൻ ജനിച്ചു. മാർതോമ നസ്രാണി കത്തോലിക്ക വിശ്വാസത്തിൻറെ ഈറ്റില്ലമാണ്, മീനച്ചിൽ താലൂക്ക് അന്നും ഇന്നും. വിളക്കുമാഠത്തുള്ള സെൻറ് ജോസഫ് ഹൈസ്കൂളിൽനിന്നും എസ്എസ്എൽസി പാസായി. പള്ളിയോടും പട്ടക്കാരോടും ചുറ്റിപ്പറ്റിയുള്ള ജീവിതത്തിലൂടെ ലഭിച്ച പ്രചോദനം കൊണ്ടോ പക്വതയുടെ അഭാവംകൊണ്ടോ ആയിരിക്കാം 1960-ൽ ഒരു സന്ന്യാസ വൈദികൻ ആകുന്നതിനുവേണ്ടി കർമലീത്ത സന്ന്യാസസഭയിൽ [Carmelites of Mary Immaculate (CMI)] ചേർന്നത്. ആദ്യത്തെ രണ്ടുവർഷം മാന്നാനത്തും മുത്തോലിയിലും താമസിച്ച്  ഇംഗ്ലീഷ്, സുറിയാനി, ലത്തീൻ ഭാഷകൾ പഠിച്ചു. മൂന്നാം വർഷം സന്ന്യാസ ജീവിത പരിശീലനത്തിലെ പ്രധാന ഘടകമായ നൊവിഷ്യേറ്റ് ആയിരുന്നു. നൊവിഷ്യേറ്റിൻറെ അവസാനം 1963-ൽ ആദ്യവ്രതവാഗ്ദാനം ചെയ്തു. നാലാം വർഷം ഭാഷാ പഠനവും സന്ന്യാസ പരിശീലനവും തുടർന്നു. ചെത്തിപ്പുഴ ആശ്രമത്തിൽ താമസിച്ചാണ്  മൂന്നും നാലും വർഷങ്ങളിലെ സന്ന്യാസ പരിശീലനവും പഠനങ്ങളും നടത്തിയത്. 1964-ൽ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ തത്വശാസ്ത്രം പഠനം ആരംഭിച്ചു. മൂന്നുവർഷത്തെ പഠനത്തിനുശേഷം തത്വശാസ്ത്രത്തിൽ ഡിപ്ലോമയും തുടർന്ന് മൈസൂറുള്ള സെൻറ് ഫിലോമിനാസ് കോളേജിൽചേർന്ന് കർണാടക യൂണിവേഴ്സിറ്റിയിൽനിന്ന് സയൻസിൽ ഡിഗ്രിയും സമ്പാദിച്ചു.

തത്വശാസ്ത്രപഠനകാലത്ത് വായനയിലായിരുന്നു എൻറെ ജ്വരം. പാശ്ചാത്യരാജ്യങ്ങളിലെ തത്വചിന്തകരുടെ നിരവധി പുസ്തകങ്ങൾ വായിച്ചു. ഭാരതത്തിലെ തത്വചിന്തകളെപ്പറ്റിയും പഠിച്ചു. ‘മുണ്ടശ്ശേരി കണ്ട മനുഷ്യൻ’ എന്ന പ്രബന്ധമായിരുന്നു ഡിപ്ലോമയ്ക്കുവേണ്ടി സമർപ്പിച്ച പഠനഗ്രന്ഥം. ധർമ്മാരാം കോളേജിലെ പഠനത്തിനും സെൻറ് ഫിലോമിനാസ് കോളേജിലെ പഠനത്തിനും ഇടയ്ക്ക് ഒരു വർഷം പ്രായോഗിക പരിശീലനത്തിനായി ആറുമാസം  ദീപികയിൽ അക്കൗണ്ടൻറ് ആയും ആറുമാസം ചെത്തിപ്പുഴ കൊവേന്തയുടെ (ആശ്രമത്തിൻറെ) പ്രൊക്യുറേറ്റർ ആയും സേവനം ചെയ്തു.

മൈസൂറിലെ ഡിഗ്രി പഠനത്തിനുശേഷം ഉപരി പഠനത്തിന് അന്നത്തെ എൻറെ മേലധികാരി അനുവാദം തന്നിരുന്നു. എങ്കിലും അത് വേണ്ടെന്നുവെച്ച് ധർമ്മാരാം കോളേജിൽ തിരിച്ചെത്തി ദൈവശാസ്ത്ര പഠനം ആരംഭിക്കുകയാണ് ചെയ്തത്. ആ വർഷം തന്നെയാണ് സന്ന്യാസ ജീവിതവും വൈദിക പഠനവും വേണ്ടെന്നുവെച്ച് ഞാൻ എൻറെ കുടുംബത്തിലേക്ക് തിരിച്ചുപോരുന്നത്. എന്തുകൊണ്ടാണ് വൈദികപഠനം ഉപേക്ഷിച്ചുപോന്നത് എന്ന ഒരു ചോദ്യം വായനക്കാരിൽ സ്വാഭാവികമായി ഉണ്ടാകാം. ആ വിഷയം ചുരുക്കമായി ഞാനിവിടെ പ്രതിപാദിക്കാം.

എൻറെ നീണ്ട പന്ത്രണ്ടുവർഷത്തെ സന്ന്യാസ ജീവിതം യഥാർത്ഥത്തിൽ ശാന്തവും ഹൃദയസ്പർശിയും പഠനകേന്ദ്രീകൃതവും ആയിരുന്നു. എങ്കിലും ചെറുതും വലുതുമായ ധാരാളം പ്രശ്നങ്ങളിൽകൂടി എനിക്കും കടന്നുപോകേണ്ടി വന്നിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ സ്വാഭാവികം മാത്രമായിരുന്നു എന്നാണ് എൻറെ ഇപ്പോഴത്തെ വിലയിരുത്തൽ. ധാരാളം സഹപാഠികൾ ഉണ്ടായിരുന്നതിനാലും ചെറുപ്രായമായിരുന്നതിനാലും അനുദിന ജീവിതം സന്തോഷപ്രദമായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ആ കാലഘട്ടത്തിൽ സ്വന്തമാക്കിയ അറിവുകൾ മികച്ചതായിരുന്നു എന്നനുമാനിക്കാനേ കഴിയൂ.

ധർമ്മരാമിലെ ഒന്നാംവർഷം തീയോളജി ബാച്ചിൽ അൻപതില്പരം വൈദിക വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഹൈസ്കൂളുകളിൽ പഠിപ്പിച്ചവരും കോളേജുകളിൽ പഠിപ്പിച്ചവരുമെല്ലാം ആ ബാച്ചിൽ ഉണ്ടായിരുന്നു. അധ്യാപകജോലിയും കഴിഞ്ഞ് ദൈവശാസ്ത്ര പഠനത്തിന് ധർമ്മാരാമിലേയ്ക്ക് തിരിച്ചുവന്നവർ മുപ്പതിലേറെ പ്രായം ചെന്നവരായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ പര്യവസാനിച്ചിട്ട് അന്ന് ഏതാനും വർഷങ്ങളെ ആയിരുന്നൊള്ളു. കത്തോലിക്ക സഭയുടെ വാതിലുകളും ജനാലകളും തുറന്നിട്ട് മാറ്റത്തിൻറെ വായുവും പ്രകാശവും കയറും എന്ന പ്രത്യാശയുടെ നാളുകളായിരുന്നു, അത്. ഞാൻ അംഗമായിരുന്ന ആ സന്ന്യാസസഭയിൽ കുപ്പായത്തിൻറെ നിറം മാറിയതൊഴിച്ച് സാരമായ മറ്റ് മാറ്റങ്ങളൊന്നും അന്ന് പ്രകടമായിരുന്നില്ല. ഉന്നത വിദ്യാഭ്യാസവും കോളേജുകളിൽവരെ അധ്യാപകജോലിചെയ്‌ത പരിജ്ഞാനത്തോടെയും തിരിച്ചെത്തിയ ദൈവശാസ്ത്ര വൈദിക വിദ്യാർത്ഥികളുടെ മുമ്പിലുദിച്ച വെല്ലുവിളികൾക്ക് വേണ്ട ദിശാബോധം നൽകുന്നതിൽ പ്രായമായവരും യാഥാസ്ഥിതികരുമായ സഭാധികാരികൾ അമ്പേ പരാജയപ്പെടുകയാണ് ചെയ്തത്. വൈദിക വിദ്യാർത്ഥികളെ വിലയിരുത്തി അവർക്ക് അനുയോജ്യരായ മേലധികാരികളെ ചുമതല ഏല്പിക്കുന്ന ഏർപ്പാട് സെമിനാരികളിൽ ഇല്ലെന്നുള്ളത് ദുഃഖസത്യമാണ്. ഒന്നാം വർഷത്തിൻറെ പകുതിയോടെയായിരുന്നു ഞാൻ സഭയോട് വിടപറഞ്ഞത്. എൻറെ ആ ബാച്ചിൽനിന്നും  വർഷാവസാനത്തിനുമുമ്പ് ഏകദേശം ഇരുപതോളം വൈദിക വിദ്യാർത്ഥികൾ സഭവിട്ടുപോയി എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.

ദൈവശാസ്ത്രപഠനം ആരംഭിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അന്നുവരെ നിസ്സാരമായി കരുതിയിരുന്ന പലതും യുക്തിഭദ്രമായി പുനർവിചിന്തനം ചെയ്യാൻ ഞാൻ ആരംഭിച്ചു. അതിൻറെ അടിസ്ഥാന കാരണം രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ പഠനങ്ങളായിരുന്നു. സഭയിൽ കൂടുതൽ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യത്വപരമായ കാഴ്ചപ്പാടുകൾക്കും വേണ്ടി ഞാൻ ആഗ്രഹിച്ചുതുടങ്ങി. അടിമകളല്ല എന്ന് തൊണ്ടകീറി പറഞ്ഞാലും സന്ന്യാസം അടിമകളേക്കാൾ ഗതികെട്ട ഒരു ജീവിതമാണെന്ന് എനിക്കുതോന്നി. കത്തോലിക്ക സഭയിലെ പല യുക്തിരഹിത സിദ്ധാന്തങ്ങളും എൻറെ മനസ്സിൽ ചോദ്യചിഹ്നങ്ങൾ ആയിമാറി. പുണ്യത്തിൻറെ പരിവേഷം ചാർത്തി വളരെയധികം കൊട്ടിഘോഷിക്കുന്ന വ്രതത്രയങ്ങൾ (ദാരിദ്യം, ബ്രഹ്മചര്യം, അനുസരണം) പാലിച്ചുജീവിക്കുന്നത് പരിപൂർണതയ്ക്കുള്ള മാർഗമാണോ? ഭക്തിയിൽ പുതപ്പിച്ച ആധിപത്യ തന്ത്രമല്ലേ അത്? ദിവ്യ അവകാശങ്ങളായ (divine  rights) വ്യക്തിസ്വാതന്ത്യം, വിവാഹം തുടങ്ങിയവയെ സ്വമനസാലെ ആണെങ്കിലും ത്യജിക്കുന്നത് യുക്തിരഹിതവും തെറ്റുമല്ലേ? ബ്രഹ്മചര്യം തന്നോടുതന്നെ ചെയ്യുന്ന ക്രൂരമായ അക്രമമല്ലേ? കത്തോലിക്ക സഭയിലെ പല സിദ്ധാന്തങ്ങളും വിശ്വാസ യോഗ്യമല്ല. ഉദാഹരണത്തിന് ഉത്ഭവപാപം, മേരിയുടെ കന്യകാത്വം, പോപ്പിൻറെ അപ്രമാദിത്വം. വിശ്വസിക്കാത്തത് പ്രസംഗപീഠത്തിൽ കയറിനിന്ന് എങ്ങനെ പ്രസംഗിക്കും? ഉത്തരം കിട്ടാത്ത അനേകമനേകം ചോദ്യങ്ങൾ മനസിലുയർന്ന് അതൊരു കൊടുങ്കാറ്റായി മാറിയപ്പോൾ പന്ത്രണ്ടുവർഷംകൊണ്ട് പടുത്തുയർത്തിയ സന്ന്യാസ സൗധത്തിൻറെ മൂലക്കല്ലുകൾ ഇളകിത്തുടങ്ങിയെന്ന് എൻറെ പ്രജ്ഞ എന്നോട് മന്ത്രിച്ചുതുടങ്ങി. അതോടെ സന്ന്യാസ ജീവിതം തുടരുന്നതിനോട് താത്പര്യമില്ലെന്നായി. ‘അതൊക്കെ പണ്ടേ ആലോചിക്കേണ്ടതായിരുന്നില്ലേ’, ‘കലപ്പേൽ കൈവെച്ചിട്ട് തിരിഞ്ഞുനോക്കുകയല്ലേ ഇപ്പോൾ ചെയ്യുന്നത്’ തുടങ്ങിയ പഴയ ചൊല്ലുകൾ എൻറെ മനസ്സിനെ അലട്ടുകയോ തീരുമാനത്തിൽനിന്ന് വ്യതിചലിപ്പിക്കാൻ പര്യാപ്തമോ ആയിരുന്നില്ല. സന്ന്യാസ സഭാധികാരികളോടും കൂട്ടുസഹോദരങ്ങളോടും സ്നേഹത്തിലായിരുന്നു ഞാൻ വർത്തിച്ചിരുന്നത്. സഭയിലെ സാധാരണ ഒരു അംഗത്തെപ്പോലെ സന്ന്യാസ ജീവിതം നയിച്ചിരുന്നതിനാൽ എന്നിലെ മാനസിക പിരിമുറുക്കങ്ങൾ മറ്റുള്ളവർ മനസ്സിലാക്കിയിരുന്നില്ല. സിഎംഐ സഭയിൽനിന്നുള്ള എൻറെ ഇളക്കത്തിൻറെ സൂചനകൾ കുടുംബത്തിൽ അറിയിച്ചു. സഭ വിടാനുള്ള എൻറെ നീക്കത്തിന് കുടുംബാംഗങ്ങൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. ദീർഘമായ പരിചിന്തനത്തിനും പ്രാർത്ഥനകൾക്കും ശേഷം ദൈവശാസ്ത്രപഠനം അവസാനിപ്പിക്കാനും സിഎംഐ സഭ വിട്ടുപോകാനും ഞാൻ തീരുമാനിച്ചു. കുറെ ദിവസങ്ങളായി പരമരഹസ്യമായി എന്നിൽ സൂക്ഷിച്ചിരുന്ന ആ കാര്യം ധർമ്മാരാമിൻറെ അന്നത്തെ അധികാരിയായിരുന്ന റെക്ടർ ജോൺ ബ്രിട്ടോ ചെത്തിമാറ്റത്തച്ചനെ കണ്ട് അറിയിച്ചു. കുറെക്കൂടി ആലോചിക്കാനും പ്രാർത്ഥിക്കാനും ആവശ്യപ്പെട്ട് അന്നദ്ദേഹം എന്നെ പറഞ്ഞുവിട്ടു. ഓരാഴ്ചയ്ക്കുശേഷം വീണ്ടും ഞാൻ വിടുതൽ അനുവാദത്തിനായി അദ്ദേഹത്തെ കണ്ടു. സഭയുടെ ജനറാളച്ചനെ പോയി കാണാൻ എന്നോടാവശ്യപ്പെട്ടു. വളരെ അടുപ്പമുള്ള ഒന്നുരണ്ട്  സ്നേഹിതരോടുമാത്രം സഭ വിടുന്ന കാര്യം രഹസ്യമായി അറിയിച്ചു. ഒരു വൈദിക വിദ്യാർത്ഥി സ്വന്തം താല്പര്യപ്രകാരമാണ് സഭയിൽനിന്നും പോകുന്നതെങ്കിലും ആ വിവരം സെമിനാരിയിൽ അക്കാലങ്ങളിൽ പരസ്യപ്പെടുത്തിയിരുന്നില്ല. പോകുന്നയാൾ എന്തോ വലിയ തെറ്റുചെയ്യുന്നതുപോലെയാണ് മറ്റുള്ളവർ അതിനെ കണ്ടിരുന്നത്. അതുകൊണ്ടാണല്ലോ സെമിനാരി വിടുന്നവരെ ‘അച്ചൻകൊച്ച്’ എന്നും മഠത്തിൽനിന്ന് പോകുന്നവരെ ‘മഠംചാടി’ എന്നുമെല്ലാം വിളിച്ച് ആക്ഷേപിക്കുന്നത്. കുടുംബാംഗങ്ങളും സമൂഹവും അവരെ മാന്യമായി സ്വീകരിക്കുന്നതാണ് സുവിശേഷത്തിന് അനുയോജ്യമായ പ്രവർത്തി. ഈ വിഷയത്തിൽ സഭയുടെ പഴയ ചിന്താരീതികൾ അപ്പാടെ മാറേണ്ടിയിരിക്കുന്നു. ഒരാഴ്‌ചയ്ക്കുശേഷം സിഎംഐ സഭയുടെ ജനറാൾ തിയോബാൾഡ് പോത്താനിക്കാട്ടച്ചനെ കാണുന്നതിനായി ഞാൻ എറണാകുളത്തിന് പുറപ്പെട്ടു. അദ്ദേഹത്തെകണ്ട് ആവശ്യമായ വിടുതൽരേഖകൾ വാങ്ങി പിറ്റേദിവസംതന്നെ എൻറെ വീട്ടിലേയ്ക്ക് ഞാൻ വണ്ടികയറി.

വൈദികവൃത്തി ഉപേക്ഷിച്ചു പോകുന്നവരോ സെമിനാരി പഠനം നിർത്തി പോകുന്നവരോ പിന്നീട് സഭാകാര്യങ്ങളിൽ ഉത്സുകരായി കാണാറില്ല. അവരുടെ രണ്ടാം ജീവിതം കരുപ്പിടിപ്പിക്കുന്നതിലായിരിക്കും അവരുടെ ശ്രദ്ധ. ഞാനും പുതിയ ജീവിത മാർഗങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ട് ദിവസങ്ങൾ തള്ളിനീക്കി. രണ്ടുവർഷത്തിനുശേഷം എൻറെ മുപ്പത്തിരണ്ടാം വയസിൽ എരുമേലിക്കടുത്തുള്ള മണിപ്പുഴ ഗ്രാമത്തിൽ കൊള്ളിക്കുളവിൽ ആഗസ്തി-അന്ന മകൾ അന്നമ്മയെ ഞാൻ വിവാഹം ചെയ്തു. അന്നമ്മ ജർമനിയിൽ പോയി നഴ്സിംഗ് പഠിച്ച് അവിടെത്തന്നെ ജോലിചെയ്യുന്ന കാലമായിരുന്നു അത്. വിവാഹശേഷം അന്നമ്മ ജർമനിക്ക് തിരിച്ചുപോയി ജോലിയിൽ പ്രവേശിച്ചു. അധികം താമസിയാതെ അന്നമ്മയ്ക്ക് അമേരിക്കയിലെ ഒരാശുപത്രിയിൽ ജോലി ലഭിക്കുകയും അമേരിക്കയ്ക്ക് കുടിയേറുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞ് ഞാനും അമേരിക്കയിൽ എത്തുകയും ഞങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള കുടുംബജീവിതം ആരംഭിക്കുകയും ചെയ്തു.

ഞാൻ അമേരിക്കയിൽ എത്തുന്ന കാലഘട്ടത്തിൽ തൊഴിലില്ലായ്മ അതിരൂക്ഷമായിരുന്നു. പ്രഫഷണൽ അല്ലാത്ത ജോലികൾ ചെയ്തുകൊണ്ടിരിക്കെ ജനറൽ ഇലക്ട്രിക്ക് കമ്പനി എനിക്ക് മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ സ്കോളർഷിപ്പ് അനുവദിച്ചു. അങ്ങനെ അവരുടെ ധനസഹായത്താൽ മെറ്റലർജിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയെടുത്തു. അധികം താമസിയാതെ അമേരിക്കൻ പ്രതിരോധ വകുപ്പിൽ ജോലിയും ലഭിച്ചു. പതിന്നാലു വർഷങ്ങൾക്കുശേഷം ക്രൈസ്ലർ (Chrysler) എന്ന കാർ കമ്പനിയിൽ മെച്ചപ്പെട്ട ജോലി ലഭിച്ചതിനാൽ ആ കമ്പനിയിൽ ചേർന്നു. ജീപ്പ് അസംബ്ലി പ്ലാൻറിലെ ക്വാളിറ്റി ഡിപ്പാർട്മെൻറിൽ ദീർഘകാലം സേവനം ചെയ്തശേഷം 2007-ൽ റിട്ടയർ ചെയ്തു.

ഞങ്ങൾക്ക് രണ്ട് മക്കളാണുള്ളത് – ഒരു മകനും, ജെയ്‌മി (Jaimy) ഒരു മകളും, ഏമി (Amy). സാം (Sam), സ്റ്റീവ് (Steve), കാർട്ടർ (Carter) ജൂലി (Julie), മായ (Mya) എന്നിവർ കൊച്ചുമക്കളാണ്.

സഭാ നവീകരണ വിഷയത്തിൽ തല്പരനായിരുന്ന ഞാൻ അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തിലും സഭാകാര്യങ്ങൾ പഠിച്ചുകൊണ്ടിരുന്നു. പാശ്ചാത്യ-പൗരസ്ത്യ-മാർതോമ നസ്രാണി സഭകളുടെ ചരിത്രം, പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങൾ എല്ലാം എൻറെ ഗവേഷണ പഠനവിഷയങ്ങളായിരുന്നു. സഭകളുടെ നവോത്ഥാന ലക്ഷ്യത്തോടെ പല പുസ്തകങ്ങളും അനേകം ലേഖനങ്ങളും ഞാൻ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് (www.ckalarickal.com കാണുക). കാലത്തിൻറെ അടയാളങ്ങൾ സൂക്ഷ്മനിരീക്ഷണം ചെയ്ത് സുവിശേഷ വെളിച്ചത്തിൽ സഭകളിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് എൻറെയും അഭിപ്രായം. ആ പ്രക്രിയ സഭാധികാരികളെ വിമർശിക്കലാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ അത് വിമർശനമല്ലെന്നും ഈ ആധുനിക കാലത്ത് സഭയിൽ വരുത്തേണ്ട പരിഷ്ക്കരണത്തെ സംബന്ധിച്ചുള്ള പഠനങ്ങളാണെന്നും സഭാംഗങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഞാൻ ഇത്രയും കാര്യങ്ങൾ പങ്കുവെച്ച സ്ഥിതിയ്ക്ക്, എൻറെ നല്ല പ്രായത്തിലെ പന്ത്രണ്ടു വർഷങ്ങൾ ചിലവഴിച്ച സിഎംഐ സഭയെപ്പറ്റി ചില അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തട്ടെ. സഭയിൽനിന്ന് പോരുന്ന ദിവസം ഒരു വന്ദ്യവൈദികൻ എന്നോടു പറഞ്ഞത്, സഭയിൽനിന്ന് പോയിക്കഴിഞ്ഞ് സഭയെപ്പറ്റി ഒന്നും എഴുതരുത് എന്നാണ്. സഭവിട്ടുപോകുന്നവർ സഭയെപ്പറ്റി മോശമായി എഴുതാൻ സാധ്യതയുണ്ട് എന്ന തോന്നലായിരിക്കാം അങ്ങനെ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സിഎംഐ സഭ സീറോ മലബാർ റീത്തിലെ കരുത്തുറ്റ ഒരു സന്ന്യാസസഭയാണ് എന്ന കാര്യത്തിൽ തർക്കമുണ്ടാകാൻ വഴിയില്ല. വിദ്യാഭ്യാസ മേഖലയിലും ആതുരസേവനത്തിലും ബൗദ്ധികവ്യാപാരത്തിലും പുരോഹിതരുടെ എണ്ണത്തിലും സമ്പത്തിലും മുൻപന്തിയിൽ തന്നെയാണ് സിഎംഐ സഭ. ഒരു ‘ജീവപര്യന്തം’ സിഎംഐ സഭയിൽ ചിലവഴിച്ചു എന്നെല്ലാം ഞാൻ തമാശയായി പറയാറുണ്ട്. എന്നാൽ വാസ്തവത്തിൽ, ആ സഭയാണ് എന്നെ ഞാനാക്കിയത്. ആ സഭയോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. അക്കാര്യം നന്ദിയോടെ ഞാനിവിടെ അനുസ്മരിക്കുന്നു. അനവധി സിഎംഐ വൈദികരും മേല്പട്ടക്കാരും എൻറെ ഭവനത്തിൽ താമസിച്ച് സൗഹൃദം പങ്കുവെച്ചിട്ടുണ്ട്. അവരെല്ലാം ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന സഹോദരങ്ങളാണ്. കാൻസർ ബാധിതനായ റവ ഡോ ഡാൻ തോട്ടക്കാര സിഎംഐ അച്ചൻ അവസാന നാളുകളിൽ എൻറെ ഭവനത്തിലാണ് താമസിച്ചത്. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ സാധിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു.

കേരളത്തിലെ കത്തോലിക്കസഭ പ്രത്യേകിച്ച് സീറോ മലബാർ സഭ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. റോബിൻ, കൊക്കൻ, സോണി, എഡ്വിൻ, പ്രിൻസ്, ഫ്രാങ്കോ തുടങ്ങിയ വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങളും കാർദിനാൾ ആലഞ്ചേരിയുട വസ്തുവില്പനയിലെ കുറ്റകൃത്യങ്ങളും ലൂസി കളപ്പുരക്കൽ, ലിസി വടക്കേൽ പോലുള്ള കന്ന്യാസ്ത്രികളെ പീഡിപ്പിക്കുന്നതും മറ്റുമാണ് അതിൻറെ ഒരു കാരണം. വർഗീസ്  നായ്ക്കംപറമ്പിൽ, വി പി ജോസഫ് വലിയവീട്ടിൽ, സേവ്യർ ഖാൻ വട്ടായി, ഡൊമിനിക് വളംനാൽ, ഡാനിയേൽ പൂവനത്തിൽ തുടങ്ങിയ വൈദികരുടെ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളാണ് മറ്റൊരു കാരണം. കരിസ്മാറ്റിക് പ്രസ്ഥാനം COVID-19-നേക്കാൾ മാരകമായ ഒരു പകർച്ചവ്യാധിയാണ്. കോവിഡ് ശ്വാസകോശത്തെയാണ് പ്രധാനമായി ബാധിക്കുന്നതെങ്കിൽ കരിസ്മാറ്റിക് ധ്യാനങ്ങൾ മതംതിന്നുജീവിക്കുന്ന അടിമക്രിസ്ത്യാനികളുടെ തലച്ചോറിനെയാണ് ബാധിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളെ സഭക്കിന്ന് ഭയമാണ്. ശാസ്ത്രബോധമുള്ള പുതുതലമുറ മദയാനയാണ് മതമെന്ന് തിരിച്ചറിയുന്നതും കത്തോലിക്ക പൗരോഹിത്യം അധഃപതിക്കുന്നതിൻറെ കാരണങ്ങളും സാമൂഹ്യ മാധ്യമങ്ങൾ വഴിയാണറിയുന്നത്.

യേശുവും യേശുപഠനങ്ങളും സഭക്കിന്ന് അന്യമാണ്. അധികാരത്തിനും സമ്പത്തിനും ആർഭാടവങ്ങൾക്കും ആഘോഷങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമാണ് സഭ ഇന്ന് ഊന്നൽ കൊടുക്കുന്നത്. കല്ദായ-സുറിയാനി-പൗരസ്ത്യവൽക്കരണവും മാർതോമ കുരിശുസ്ഥാപിക്കലും വമ്പൻ പള്ളിപണികളും നിർബാധം തുടരുന്നു. സഭയുടെ ദൗത്യം എന്താണെന്നുപോലും സഭാധികാരത്തിന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് തോന്നിപ്പോകുന്നു. സഭയുടെ ധാർമിക അധഃപതനം അപാരംതന്നെ. സുവിശേഷാധിഷ്ഠിതമായ, മാതാധിപത്യമില്ലാത്ത, നിയമങ്ങൾ കുറഞ്ഞ, സഭാംഗങ്ങളെ വേദനിപ്പിക്കാത്ത, അവരെ സഹായിക്കുന്ന, സ്നേഹിക്കുന്ന ഒരു കത്തോലിക്ക സഭയെ ഞാൻ വിഭാവനം ചെയ്യുന്നു. അതൊരു ആദർശമതപരമായ, അപ്രായോഗികമായ ചിന്തയായിരിക്കാം.

എനിക്ക് ജന്മം നൽകിയ, മൺമറഞ്ഞുപോയ എൻറെ മാതാപിതാക്കളെ ഞാൻ സ്മരിക്കുന്നു. എന്നെ സ്നേഹിക്കുന്ന എൻറെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഞാനും സ്നേഹിക്കുന്നു. എൻറെ ഗുരുഭൂതരെ ഞാൻ വണങ്ങുന്നു. എൻറെ ആരാധനാലയമായ പ്രകൃതിയെ ഞാൻ നമിക്കുന്നു.

അവസാനമായി ഒരു കാര്യം കൂടി ഇവിടെ കുറിക്കട്ടെ. എൻറെ മരണത്തിനുമുമ്പ് അന്ത്യകർമങ്ങൾ ഒന്നും പാടില്ലെന്നും, ശവപേടകമോ എംബ്ലാമിംഗോ പൊതുദർശനമോ ശവസംസ്കാര ചടങ്ങുകളോ കൂടാതെ എത്രയുംവേഗം ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ എൻറെ ശവം ദഹിപ്പിക്കണമെന്നും, ചിതാഭസ്മം കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നും, ഏകദേശം 15 വർഷങ്ങൾക്കുമുമ്പ് തയ്യാറാക്കിയ വിൽപത്രത്തിൽ ഞാൻ ചേർത്തിട്ടുണ്ട്. ഇതു വായിച്ച എല്ലാവർക്കും നന്ദി.

ചാക്കോ കളരിക്കൽ

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here