ഒട്ടാവ: കാനഡയിലെ ടൊറന്റോയില്‍ നടന്ന ജാഗ്രതാ സദസ്സില്‍ ഖലിസ്ഥാന്‍ പതാകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്ന സംഭവത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഒട്ടാവയിലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് കാനഡ വിദേശകാര്യമന്ത്രാലയത്തേയും ആഗോളകാര്യ വിഭാഗത്തേയും നയതന്ത്ര പ്രസ്താവനയുടെ രൂപത്തില്‍ ആശങ്ക അറിയിച്ചത്. 

ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ശ്രദ്ധയാകര്‍ഷിച്ച ദീപ് സിദ്ദുവിന് വേണ്ടി ഫെബ്രുവരി 20ന് സിറ്റി ഹാളില്‍ നടന്ന ജാഗ്രതാ ചടങ്ങുമായി ബന്ധപ്പെട്ടാണ് സംഭവം. ബ്രാംപ്ടണ്‍ സിറ്റി കൗണ്‍സിലര്‍ ഹര്‍കിരത് സിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രാംപ്ടണ്‍ മേയര്‍ ആയ പാട്രിക് ബ്രൗണ്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഏതാനും പേര്‍ ഖലിസ്ഥാന്‍ പതാകയും #indiakills എന്നെഴുതിയ പ്ലക്കാര്‍ഡുകളും കൈയിലേന്തിയിരുന്നു.

ഇന്ത്യാ വിരുദ്ധ സംഭവമായി അപലപിക്കപ്പെടുന്ന സംഭവം നിരവധി ഇന്തോ-കനേഡിയന്‍മാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇന്ത്യയിലോ കര്‍ഷകപ്രതിഷേധങ്ങളുമായി പരിപാടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നാഷണല്‍ അലയന്‍സ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സ് ട്വീറ്റ് ചെയ്തു.

 

പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലൂടെ മേയര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു. കാനഡ അതിര്‍ത്തിയില്‍ വാക്‌സിന്‍ നിബന്ധനയ്‌ക്കെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മേയറിന്റെ നേതൃത്വത്തില്‍ ജാഗ്രതാസദസ്സ് സംഘടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അതിക്രമിച്ചുകയറി സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയതിന് പിന്നാലെയാണ് സിദ്ദു വാര്‍ത്തകളിലിടം നേടിയത്. ദേശീയ തലത്തില്‍ ശ്രദ്ധേയനായ സിദ്ദുവിന്റെ മരണം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അപകടത്തില്‍പ്പെട്ട് ഹരിയാണയിലെ ഖര്‍ഖോഡ ആശുപത്രിയില്‍ വെച്ചായിരുന്നു സിദ്ദു മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here