ദുബൈ: ദുബൈയിലെ സർക്കാർ ജീവനക്കാരായ പ്രവാസികൾക്ക് പ്രോവിഡന്‍റ്​ ഫണ്ട് ഏർപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിൽ ദുബൈയിലെ സർക്കാർ ജീവനക്കാരായ പ്രവാസികൾക്കാണ് ആനുകൂല്യം. പിന്നീട്​ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും നടപ്പാക്കാം. ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പ്രഖ്യാപനം നടത്തിയത്​.

ദുബൈയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രോവിഡന്‍റ്​ ഫണ്ട് നടപ്പാക്കുക. ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍ററിനായിരിക്കും (ഡി.ഐ.എഫ്​.സി) ഫണ്ടിന്‍റെ മേൽനോട്ട ചുമതല. ഫണ്ടിലേക്ക് ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന വിഹിതം വിവിധ തരത്തിൽ നിക്ഷേപിക്കാൻ അവസരമുണ്ടാകും. താൽപര്യമുള്ളവർക്ക് ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഫണ്ടിലോ മുതൽമുടക്കിന് നഷ്ടം വരാത്തവിധം ക്യാപിറ്റൽ പ്രോട്ടക്ഷൻ നൽകുന്ന രീതിയിലോ നിക്ഷേപിക്കാം.

ദുബൈയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഇത് എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് പഠനം നടത്താനും എക്സിക്യൂട്ടീവ് കൗൺസിൽ നിർദേശം നൽകിയിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിലവിൽ പ്രവാസികൾക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ് പി.എഫ് ആനൂകൂല്യം ലഭ്യമാക്കുക. സ്വകാര്യ മേഖലയിലേക്ക്​ കൂടി വ്യാപിക്കുന്നതോടെ പ്രവാസി മലയാളികൾക്കും ഏറെ ഉപകാരപ്പെടുന്ന നിയമമാണിത്​.

LEAVE A REPLY

Please enter your comment!
Please enter your name here