ഫിലിപ്പ് മാരേട്ട്

ന്യൂ ജേഴ്‌സി: വിശുദ്ധവാരം എന്നത് ഓശാന ഞായർ മുതൽ ഉയിർപ്പ് വരെ ഉള്ള ദിനങ്ങൾ കൊണ്ട് അവസാനിക്കുന്ന ദൈവപുത്രനായ യേശുവിൻ്റെ പുനരുത്ഥാനത്തിനു മുമ്പുള്ള ആഴ്‌ചയിലെ പ്രവർത്തനങ്ങളുടെ വാർഷിക സ്മരണയാണ്. അതുപോലെ നമ്മൾ വളരെ വേദനയോടെയും നഷ്ട്ങ്ങളോടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു ആഴ്ചകൂടിയാണിത്. എന്നാൽ ഈ വിശുദ്ധ വാരം യേശുക്രിസ്തുവിൻ്റെ അഭിനിവേശം, മരണം, പുനരുത്ഥാനം എന്നിവയെ ഓർക്കുന്നു. അതായത് ഓശാന ഞായറാഴ്‌ച യേശു ജറുസലേമിൽ പ്രവേശിക്കുന്നത്‌ മുതൽ വിശുദ്ധ വാരത്തിന് തുടക്കമിടുന്നു, ശാന്തമായ പ്രതിഫലനത്തിൻ്റെ സമയമാണെങ്കിലും, ഇത് പുതിയ ജീവിതത്തിൻ്റെയും പ്രതീക്ഷയുടെയും ആഘോഷം കൂടിയാണ്. എല്ലാ ക്രിസ്ത്യാനികൾക്കും വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയായിട്ടാണ് ഈ വിശുദ്ധവാരത്തെ കാണുന്നത്.

കുരിശുമരണത്തിനു മുമ്പുള്ള യേശുവിൻ്റെ ജീവിതത്തിലെ അവസാനത്തെ സംഭവങ്ങളുടെ സ്മരണയാണ് വിശുദ്ധവാരം, കൂടാതെ വ്യത്യസ്തമായ വിശുദ്ധവാര ആചാരങ്ങൾ ഈ പാരമ്പര്യങ്ങളെ അനുസ്മരിപ്പിക്കുന്നു. ഓശാന ഞായറാഴ്ച, മുതൽ ഈസ്റ്റർ ഞായറാഴ്ച, വരെ ഉള്ള ദിനങ്ങൾ. ലോകമെമ്പാടുമുള്ള പള്ളികൾ എല്ലാം ഈന്തപ്പന ശാഖകളാൽ അലങ്കരിച്ചിരിക്കുന്നു. കൂടാതെ നിരവധി അനുയായികൾ ഈ വേളയിൽ അവയിൽ നിന്ന് മെടഞ്ഞ കുരിശുകൾ ഉണ്ടാക്കുന്നു. അതുപോലെ വിശുദ്ധവാര ആചാരങ്ങളിൽ വ്യാഴാഴ്ച അവസാനത്തെ അത്താഴത്തെ ഓർമ്മിപ്പിക്കുന്നു. തുടർന്ന് കാൽ കഴുകലും കൂട്ടായ്മയും ആരംഭിക്കുന്നു. ഈ ആചാരങ്ങൾകൊണ്ട് വിശുദ്ധവാരം വളരെ ഗൗരവമേറിയ ആഴ്ചയായി കാണപ്പെടുന്നു.

യേശുക്രിസ്തുവിൻ്റെ കുരിശ് നമ്മുടെ വിശ്വാസത്തിൻ്റെ കേന്ദ്രമാണ്. ഈ പാൻഡെമിക്ക് വർഷത്തിൽ അതിൻ്റെ സാന്നിധ്യം കൂടുതൽ പ്രകടമാകില്ലായെങ്കിലും ഈ കാലഘട്ടത്തിൽ നാം യേശുവിൻ്റെ ജീവിതവും മരണവും പുനരുത്ഥാനവും ഓർക്കുന്നു. അതുകൊണ്ട് ഈ നോമ്പുകാലം ഭക്തിയിലൂടെ നാം നമ്മുടെ ഹൃദയങ്ങളെ ഒരുക്കുക. ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിൽ പോലും ദൈവകൃപയെ വിവേചിച്ചറിയാൻ ദുഃഖവെള്ളിയാഴ്ചയിൽ നമ്മുടെ മനസ്സിനെകൂടി ഒരുക്കുക. ഞായറാഴ്ച രാവിലെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ശക്തിയോടെ വീണ്ടും ഉയരുമെന്ന പ്രതീക്ഷയ്ക്കായി നമ്മൾ കാത്തിരിക്കുക. അൽപ്പം വ്യത്യസ്തമായി പറഞ്ഞാൽ, പരമോന്നത സഹനത്തിൽ ക്രിസ്തുവിൻ്റെ മരണം ദൈവകൃപയുടെ മഹത്വത്തിൻ്റെ ഏറ്റവും ഉയർന്നതും, വ്യക്തമായതും, ഉറപ്പുള്ളതുമാണ് എന്ന് തിരിച്ചറിയുക. അതായത്, ദൈവകൃപയുടെ മഹത്വം ഏറ്റവും പൂർണ്ണമായി വെളിപ്പെടുത്താൻ കഴിയുന്ന സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് കഷ്ടപ്പാടുകൾ.

ദൈവത്തിൻ്റെ കൃപയുടെ മഹത്വം പ്രകടിപ്പിക്കുക എന്നതാണ് പ്രപഞ്ചത്തിൻ്റെ ആത്യന്തിക ലക്ഷ്യം. ദശലക്ഷക്കണക്കിന് അനർഹരായ പാപികൾക്കുവേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. ഈ നോമ്പുകാലത്ത് പ്രാർത്ഥനയിലും, ഉപവാസത്തിലും, ദാനധർമ്മങ്ങളിലും, സമയം ചെലവഴിക്കുന്നത്, ദുഃഖവെള്ളിയാഴ്ചയിലെ യേശുവിൻ്റെ ബലിയെയും, ഈസ്റ്ററിലെ ഉയിർപ്പിനെയും, കൂടുതൽ അർത്ഥവത്തായതാക്കും. ക്രിസ്ത്യാനികൾ യേശുവിൻ്റെ മരണത്തെ ഓർക്കുന്ന ദിവസമാണ് ദുഃഖവെള്ളി. നമ്മുടെ തെറ്റുകൾക്കോ പാപങ്ങൾക്കോ ദൈവത്തിൻ്റെ പാപമോചനം ലഭിക്കുന്നതിന് യേശുവിൻ്റെ മരണം നമുക്കുവേണ്ടി എങ്ങനെ ഒരു യാഗമായിരുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നു. അതുപോലെ യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിൻ്റെ സന്തോഷകരമായ ആഘോഷമാണ് ഈസ്റ്റർ ഞായറാഴ്ച. ഇത് നമുക്ക് നിത്യജീവൻ്റെ അവസരം നൽകുകയും, നമ്മൾ മരിക്കുമ്പോൾ, ഈ ജീവിതത്തിൽ ദൈവവുമായി ഒരു ബന്ധം പുലർത്താനും, സ്വർഗത്തിൽ അവനോടൊപ്പം നിത്യത ചെലവഴിക്കാനും, ഇത് വഴിയൊരുക്കുന്നു.

യേശുവിൻ്റെ ജീവിതത്തിലൂടെയും, മരണത്തിലൂടെയും, ദൈവം നമുക്ക് രക്ഷ പ്രദാനം ചെയ്യുന്നു. അതുപോലെ കഷ്ടതകളിലൂടെയും, വേദനയിലൂടെയും, ദൈവം ഒരു വഴി നൽകുന്നു. ഒരു പക്ഷേ ഞായറാഴ്ച രാവിലെ ഉയിർത്തെഴുന്നേൽപ്പിലേക്ക് തിടുക്കം കൂട്ടാൻ ഇത് നമ്മെ പ്രലോഭിപ്പിച്ചേക്കാം. എന്നാൽ ക്ഷമയും കൂടുതൽ ധൈര്യവും ആവശ്യമുള്ള ചില കാര്യങ്ങളുണ്ട്. അതായത് നമ്മളുടെ കഷ്ടപ്പാടുകൾക്കും, ശാരീരിക രോഗങ്ങൾക്കും, മാനസികരോഗങ്ങൾക്കും, വ്യക്തിപരമായ നഷ്ടത്തിനും, അഗാധമായ ദുഃഖത്തിനും, എളുപ്പമുള്ള ഉത്തരങ്ങളില്ല. ഇത് ദൈവത്തിനറിയാമെങ്കിലും ദൈവം നമുക്ക് “ക്രിസ്തുവിനെയും ക്രൂശിക്കപ്പെട്ടവനെയും” നൽകുന്നു. ഒരുപക്ഷേ, നമ്മുടെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ, യേശുവിനോടൊപ്പം കാത്തിരിക്കുക, എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.

ദൈവം സന്നിഹിതനും വിശ്വസ്തനുമാണ്. ദൈവത്തിൻ്റെ വീണ്ടെടുപ്പിനെകുറിച്ച് ആർക്കറിയാം?. എല്ലാം നഷ്‌ടപ്പെട്ടുവെന്ന് നാം കരുതുന്ന സമയത്ത് മതിയായ കൃപ, പുതുക്കിയ ശക്തി, കഷ്ടത മുതലായവ നമ്മെ ദൈവത്തിൽ ആശ്രയിക്കാൻ പഠിപ്പിക്കുന്നു. ജീവിതത്തിലെ എല്ലാം നമ്മുടെ വഴിക്ക് പോകുന്നില്ല എങ്കിലും നമ്മൾ പൂന്തോട്ടത്തിലെ യേശുവിൻ്റെ പ്രാർത്ഥന ഓർക്കുക. “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുക്കേണമേ; എങ്കിലും എൻ്റെ ഇഷ്ടമല്ല, നിൻ്റെ ഇഷ്ടം നിറവേറട്ടെ”. ഇവിടെ യേശു മരിക്കാൻ ആഗ്രഹിച്ചില്ല. പകരം, അവൻ മരിക്കാൻ തയ്യാറായിരുന്നു. തുടർന്ന്, കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, “യേശു ഉറക്കെ വിളിച്ചു: പിതാവേ, ഞാൻ എൻ്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. ഇതു പറഞ്ഞപ്പോൾ യേശു അന്ത്യശ്വാസം വലിച്ചു”.ഇവിടെ നമ്മൾ കാണുന്നത് വളരെയധികം കഷ്ടപ്പാടുകളുടെ സാന്നിധ്യത്തിൽ, യേശു തൻ്റെ അവസാന ശ്വാസം വരെ ദൈവത്തിൽ വിശ്വസിച്ചു. ഇതാണ് ഏറ്റവും വലിയ പാഠം. ജീവിതം മുതൽ മരണം വരെയും മരണത്തിൽ നിന്ന് നിത്യജീവൻ വരെയും യേശു ദൈവത്തെ മുറുകെ പിടിച്ചു.

ഈ വിശുദ്ധവാരം, വിശുദ്ധിയിലും, പ്രാർത്ഥനയിലും, ഉപവാസത്തിലും, ത്യാഗപ്രവർത്തികളിലും, ചെലവഴിക്കാൻ നാം ശ്രദ്ധിക്കണം. ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടാൻ നമ്മുടെ പാപാവസ്ഥയെ നമുക്കും വിട്ടു കൊടുക്കാം. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. എന്നാൽ അനുസരിക്കാത്തവനോ ദൈവക്രോധം അവൻ്റെ മേൽ വസിക്കും. തൻ്റെ ദയയാൽ മരിച്ചവർക്ക് ജീവൻ കൊടുക്കുന്നവനും, സ്വമനസാലെ ജഡത്തിൽ മരിച്ചു തിരുവുള്ളം തോന്നിയതിനാൽ മരിച്ചവനെപ്പോലെ പാതാളത്തിലേക്ക് ഇറങ്ങുകയും, മരിച്ചവരോടുകൂടെ മൂന്നു ദിവസം താമസിക്കുകയും ചെയ്ത യേശു അവിടെ ആദിമനുഷ്യനായ ആദാം മുതൽ ക്രിസ്തുവിൻ്റെ കുരിശു മരണംവരെ ഉള്ള നാളുകളിൽ പാതാളത്തിൽ സംസ്കരിക്കപ്പെട്ടവരോട് പുനരുത്ഥാനത്തെപ്പറ്റിയും, നിദ്രപ്രാപിച്ചവരോട് സത്യശരണവും, പരേതരോട് ജീവനും മരണമില്ലായ്മ്മയെപറ്റിയും, തടവിലാക്കപ്പെട്ടിരുന്ന മരിച്ചുപോയവരുടെ ആത്മാക്കളോട് സുവിശേഷം അറിയിക്കുകയും, അതുപോലെ പുനരുത്ഥാനത്തിൻ്റെ അറിവ് നല്കി എല്ലാവരെയും ജീവിപ്പിക്കുകയും ചെയ്തതുപോലെ, ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടൊപ്പം വിശുദ്ധിയുള്ള ഒരു പുതു സൃഷ്ടിയായി നമുക്കും ഉയിർത്തെഴുന്നേല്ക്കാം.

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിശുദ്ധ വാരത്തിൻ്റെയും ഈസ്റ്ററിൻ്റെയും മംഗളങ്ങൾ ആശംസിക്കുന്നു.!!

ഫിലിപ്പ് മാരേട്ട്

LEAVE A REPLY

Please enter your comment!
Please enter your name here