റിയാദ്: അറബ് രാജ്യങ്ങളിൽ ആഞ്ഞടിച്ച മണൽകാറ്റിൽ ബുദ്ധിമുട്ടി ജനജീവിതം. മേയ് 16ന് ആരംഭിച്ച മണൽകാറ്റ് ഇറാഖിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് നീങ്ങുന്ന ചിത്രം നാസ പുറത്തുവിട്ടിരുന്നു. ബുധനാഴ്‌ചയോടെ സൗദി അറേബ്യ, ബഹ്‌റൈൻ, ഇറാൻ, ഇറാഖ് എന്നീ ഗൾഫ് രാജ്യങ്ങളിൽ ശക്തമായി കാറ്റ്‌വീശി. ഇതുമൂലം ആയിരങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും സ്‌കൂളുകൾ അടയ്‌ക്കുകയും ചെയ്‌തു. വിവിധ രാജ്യങ്ങളിലെ വിമാനങ്ങളും വൈകി.

കാലാവസ്ഥാ വ്യതിയാനം ഗൾഫ് രാജ്യങ്ങളിലുണ്ടാക്കുന്ന വലിയ ആഘാതമാണ് ഇത്തരം മണൽകാ‌റ്റ് ശക്തമാകാൻ കാരണം. വരുംദിവസങ്ങളിൽ സ്ഥിതി വഷളാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ദുബായിൽ വൻ കെട്ടിടങ്ങൾ കാഴ്‌ചയിൽ നിന്നും മറയ്‌ക്കാൻ പാകത്തിന് ശക്തമായിരുന്നു മണൽകാ‌റ്റ്. ബഹ്‌റൈനിലും ഗതാഗതം സാദ്ധ്യമാകാത്ത തരത്തിൽ മണൽക‌ാറ്റുണ്ടായി.

ഇറാനിലെ ടെഹ്‌റാനിൽ സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, സ‌ർവകലാശാലകൾ എന്നിവ മോശം കാലാവസ്ഥയെ തുടർന്ന് അടച്ചതായി ഔദ്യോഗിക മാദ്ധ്യമ റിപ്പോർട്ടുണ്ട്. ഇറാഖിലെ വിശുദ്ധ നഗരമായ നജഫിലും ഇതേ സ്ഥിതിയുണ്ടായി. ബാഗ്‌ദാദിലും ശക്തമായ മണൽകാറ്റുണ്ടായി. ഇറാഖിൽ ഏപ്രിൽ പകുതിവരെ എട്ടോളം മണൽകാ‌റ്റുകൾ ഉണ്ടായി. മഴയിലെ കുറവും മണ്ണിലുണ്ടായ ശോഷണവും കടുത്ത വരൾച്ചയും ഇറാഖിൽ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നതിനിടെയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here