ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില അലവലാതി പ്രാഞ്ചികൾ ഈ സഭയെ അപകീർത്തിപ്പെടുത്താൻ ചില ശ്രമങ്ങൾ നടത്തി. ഇതൊന്നും ഞങ്ങൾക്ക് പുത്തരിയല്ല എന്ന് അവർക്കു അറിയില്ലല്ലോ. മൂന്നു സഭകൾ കൂടിയിട്ടും ഒന്നും സംഭവിച്ചില്ല എന്ന് സംഘാടകർതന്നെ പറയുമ്പോൾ അൽപ്പം ഉളുപ്പില്ലേ എന്ന് ചോദിക്കുന്നവരോട്, വെറും മൂന്നു പ്രാവശ്യം അല്ലേ കൂടിയത്, ഇനി ഒരു ഒൻപതു തവണ കൂടി ഞങ്ങൾകൂടും അപ്പോൾ എല്ലാം ഓരോന്നായി നടപ്പാക്കും എന്നാണ് പറയാനുള്ളത്. 
 
കേരളരാഷ്ട്രീയപ്രമുഖർ ലോകം കറങ്ങുമ്പോൾ രാവും പകലും സുരക്ഷിത കവചവുമായി രഹസ്യ ഇടങ്ങളിൽ സുരക്ഷിതമായും, പരസ്യഇടങ്ങളിൽ ചെണ്ടയടിച്ചും കാത്തുപരിപാലിക്കുന്ന ഈ ഹാൻഡ് പിക്ക്ഡ്  ലോക-കേരള നിയമസഭാ അംഗങ്ങൾക്ക് അൽപ്പം ചെമ്പുബിരിയാണിയും ബിസ്ക്കറ്റും താമസവും കൊടുക്കുന്നത് അത്ര കുറ്റകരമായ പ്രവർത്തിയാണോ എന്ന് ചോദിച്ച മൊയലാളി സാഹിബിനു പെരുത്ത സല്യൂട്ട്. 
 
പിന്നെ നിരന്തരം ബോംബിട്ടു തകർക്കപ്പെടുന്ന പ്രതിപക്ഷനിര അപ്രത്യഷം ആയതു അവർ വെറും പേടിത്തൊണ്ടൻമ്മാർ  ആയതുകൊണ്ടാണ്. അമേരിക്കയിൽ നിന്നും അയച്ച വെൻറ്റില്ലേട്ടെറിൽ ചിലതു കോവിഡ് ബാധിച്ചു മരിച്ചവരോടൊപ്പം തൈക്കാട് ശ്മശാനത്തിൽ സംസ്കരിച്ചു എന്നു പറയുന്നത് കേട്ട് നെറ്റിചുളിച്ചിട്ടു കാര്യമില്ല. അടുത്തസമ്മേളനം വിമാനത്തിൽ സഞ്ചരിച്ചുകൊണ്ടായാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. അപ്പോൾ പിന്നെ പ്രതിപക്ഷത്തിനു അടഞ്ഞ ശബ്ദത്തിൽ പ്രതിഷേധം.. പ്രതിഷേധം.. എന്ന് താളത്തിൽ പാടാൻകഴിയും. മുഖ്യമന്ത്രിയുടെ സംരക്ഷണം പാർട്ടി ഏറ്റെടുത്തതുകൊണ്ടു അദ്ദേഹം ഇത്തവണ യോഗത്തിൽ വന്നില്ല. ഗവർണർ തിരിതെളിക്കാൻ എത്തിയപ്പോഴേക്കും ഏതോ പ്രാഞ്ചിയേട്ടന്മാർ തിരി തെളിയിച്ചു ഫോട്ടോയും എടുത്തു സ്ഥലം വിട്ടു എന്നും കേൾക്കുന്നു. 
 
അനിതാ പുല്ലയിൽ , പുല്ലുപോലെ അവിടെ കറങ്ങിനടന്നതു ചിലർക്ക് പിടിച്ചില്ല, അവർ സമ്മേളനത്തിന്റെ കാമറ ഒക്കെ ശരിയായിട്ടാണോ വച്ചിരിക്കുന്നത് എന്ന് നോക്കാൻ കമ്പനി അയച്ചതാണ്. അതിനിത്ര പരസ്യം കൊടുക്കണോ? ഞങ്ങൾ ഇനിയും കൂടും. എങ്ങനെയാണു ഇതിൽ കടന്നുകൂടുന്നതെന്നു മാത്രം ചോദിക്കരുത്. അത് ഒരു രഹസ്യമാണ്. സഭയിലെ രഹസ്യങ്ങൾ അത് അങ്ങനെ തന്നെയിരിക്കട്ടെ. അതല്ലേ ഒരു ഇത് ..ഏത് ..

LEAVE A REPLY

Please enter your comment!
Please enter your name here