ദുബൈ: ഇമാറാത്തി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് ദുബൈയിൽ 2000പ്ലോട്ടുകൾ അനുവദിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഉമ്മു നഹ്ദ് ഫോർത്ത് ഡിസ്ട്രിക്റ്റിലാണ് വീട് നിർമാണത്തിന് സ്ഥലം അനുവദിച്ചത്. അൽ ഖുദ്റ തടാകത്തിന് തെക്ക് ഭാഗത്തായി അൽ ഖുദ്റ, അൽഐൻ റോഡുകൾക്കിടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

 

കുടുംബങ്ങൾക്ക് 10ലക്ഷം ദിർഹമിന്‍റെ പലിശരഹിത ലോൺ വീട് നിർമാണത്തിനായി നൽകും. കുടുംബസ്ഥിരത ഉറപ്പുവരുത്താനും പൗരന്മാർക്ക് ഏറ്റവും ഉയർന്ന ജീവിത നിലവാരം നൽകാനുമുള്ള ശൈഖ് മുഹമ്മദിന്‍റെ താൽപര്യാർഥമാണ് പ്ലോട്ടുകൾ അനുവദിച്ചതെന്ന് എക്സിക്യൂട്ടിവ് ഓഫിസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഈമാസം 27മുതൽ ഇമാറാത്തികൾക്ക് സ്ഥലത്തിന് അപേക്ഷ നൽകാനാവും. ദുബൈയിലെ യു.എ.ഇ പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ള വീട് ഉറപ്പുവരുത്താൻ 20 വർഷത്തിൽ 6500 കോടി ദിർഹം ചെലവഴിക്കുമെന്ന് കഴിഞ്ഞവർഷം ശൈഖ് മുഹമ്മദ് ബിൻ റാശിദ് പ്രഖ്യാപിച്ചിരുന്നു. ഗുണനിലവാരമുള്ള വീട് അന്തസ്സും അവകാശവുമാണെന്ന് ഇത് പ്രഖ്യാപിച്ച് അദ്ദേഹം പ്രസ്താവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here