ദുബൈ: ഈ വർഷം ആദ്യ പാദത്തിൽ യു.എ.ഇയിൽ നടന്നത് 34 ലക്ഷം സൈബർ ആക്രമണ ശ്രമങ്ങൾ. ഫിഷിങ് തട്ടിപ്പുകൾ 230 ശതമാനമാണ് വർധിച്ചത്. സൈബർ സെക്യൂരിറ്റി വിദഗ്ധരായ കാസ്പറസ്കി തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ കാലയളവിൽ 34,81,419 തട്ടിപ്പ് ശ്രമങ്ങളാണ് നടന്നത്. മിഡിലീസ്റ്റിൽ ആകെ 1.5 കോടി സൈബർ ആക്രമണം നടന്നു. 159 ശതമാനം വർധന. ഏറ്റവും കൂടുതൽ നടന്നത് സൗദിയിലാണ് (58,08,946).

 

അവധിക്കാലമായതിനാലാണ് ഇത്രയധികം സൈബർ ആക്രമണ ശ്രമങ്ങൾ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അവധിക്കാല യാത്രകൾക്കായി വിദേശരാജ്യങ്ങളും ഹോട്ടലുകളും വിമാന ടിക്കറ്റ് നിരക്കുകളും അന്വേഷിക്കുന്നവർ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഓൺലൈൻ ബാങ്കിങ്ങിൽ തട്ടിപ്പ് നടത്താനാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. 2022ന്‍റെ ആദ്യ പകുതിയിൽ എയർലൈൻ സർവിസുകളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യാനുള്ള 4311 ശ്രമങ്ങൾ നടന്നു.

ഏതെങ്കിലും വിദേശ രാജ്യങ്ങളിലിരുന്നാണ് തട്ടിപ്പ് ശ്രമം നടത്തുന്നത്. അതിനാൽ തന്നെ പ്രതികളെ കണ്ടെത്തുക പ്രയാസകരമാണ്. വ്യാജ ഇ-മെയിലുകൾ അയച്ചും സമൂഹ മാധ്യമങ്ങളിലൂടെ ലിങ്കുകൾ നൽകിയുമാണ് തട്ടിപ്പുകൾ നടക്കുന്നത്. ഇതിന് പുറമെ, ഏതെങ്കിലും രാജ്യത്തിരുന്ന് വെബ്സൈറ്റുകൾ ഹാക്ക് ചെയ്തും തട്ടിപ്പ് നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here