മസ്കത്ത്​: ഒമാനിലെ ഇന്ത്യക്കാർക്ക്​ റൂപേ കാർഡും യു.പി.ഐ പ്ലാറ്റ്‌ഫോമും ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച്​ നാഷൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്​ഥാപനമായ ഇന്റർനാഷനൽ പേയ്‌മെന്റ് ലിമിറ്റഡും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും (സി.ബി.ഒ) കരാറിലെത്തി. ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ്​ കരാറിലെത്തിയത്​. സി.ബി.ഒയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് താഹിർ ബിൻ സലിം അൽ അമ്രിയും ഇന്റർനാഷനൽ പേയ്‌മെന്റ് ലിമിറ്റഡിന്റെ സി.ഇ.ഒ റിതേഷ് ശുക്ലയും​ ധാരണാപത്രത്തിൽ ഒപ്പുവെച്ചു​. ചടങ്ങിൽ വി. മുരളീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘം, ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരങ്​, ഇന്ത്യൻ സർക്കാരിന്‍റെയും സി.ബി.ഒയിലെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

പദ്ധതി യാഥാർഥ്യമാകുന്നതോടെ എസ്​.ബി.ഐ, ഫെഡറൽ ബാങ്ക്​ തുടങ്ങിയ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന റൂപേ കർഡ്​ ഉപയോഗിച്ച്​ ഒമാനിലെ എ.ടി.എം. കൗണ്ടുകളിൽനിന്ന്​ പണം പിൻവലിക്കാനും പി.ഒ.എസ്​, ഇ-കൊമേഴ്​സ്​ സൈറ്റുകളിലൂടെ ഉപയോഗിക്കാനും കഴിയും. സെൻട്രൽ ബാങ്ക്​ ഓഫ്​ ഒമാൻ ​പ്രാദേശിക ബാങ്കുകൾക്ക്​ നിർദേശം നൽകുന്നതിനനുസരിച്ച്​ മസ്കത്ത്​ ബാങ്ക്​ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വരും മാസങ്ങളിൽ റൂപേ കാർഡ്​ ലഭ്യമാക്കി തുടങ്ങും.

ഇത്തരത്തിൽ നൽകുന്ന റൂപേ കാർഡ്​ ഉപയോഗിച്ച്​ ഇന്ത്യയിലും പണമിടപാട്​ നടത്താൻ കഴിയും. പദ്ധതി പ്രാബല്യത്തിൽ വരുന്നതും മറ്റ്​ സർവിസ്​ ചാർജുകളെ കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ വരും ദിവസങ്ങളിലേ അറിയാൻ കഴിയുകയുള്ളു. വിസ, മാസ്റ്റർകാർഡ് തുടങ്ങിയ പേയ്മെന്റ് ഗേറ്റ്‌വേ സംവിധാനങ്ങൾക്ക് ബദലായാണ് ഇന്ത്യ സ്വന്തമായി റുപേ കാർഡ്​ പുറത്തിറക്കിയിരിക്കുന്നത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള പേയ്‌മെന്റ് സംവിധാനങ്ങളും സേവനങ്ങളും ബന്ധിപ്പിക്കുന്നതിനാണ് ഈ സഹകരണം ലക്ഷ്യമിടുന്നതെന്ന് സി.ബി.ഒയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് താഹിർ ബിൻ സലിം അൽ അമ്രി പറഞ്ഞു. ഇത്​ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാഷനൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച തൽക്ഷണ പെയ്മെന്റ് സംവിധാനമാണ്‌ യൂനിഫൈഡ് പെയ്​മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ). ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുന്ന സംവിധാനമാണിത്​. പരമ്പരാഗത മൊബൈൽ വാലറ്റുകളിൽനിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചു മറ്റൊരു ബാങ്ക് അക്കൗണ്ടിൽ ഉടനടി നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here