യാംബു: സൗദി അറേബ്യയുടെ സ്വപ്നപദ്ധതിയായ ‘നിയോം സാമ്പത്തിക മേഖല’യിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം 20 ശതമാനം പൂർത്തിയായി. നിയോം കമ്പനി സി.ഇ.ഒ നദ്‌മി അൽനാസറാണ് അൽ അറബിയ ചാനലിനോട് ഇക്കാര്യം വ്യക്തമാക്കിയത്.

നിയോം നഗരം നിർമിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവൃത്തിയാണിപ്പോൾ പുരോഗമിക്കുന്നത്. ഇത് പൂർത്തിയായശേഷം ദേശീയവും അന്തർദേശീയവുമായ സ്വകാര്യമേഖലയിലെ നിരവധി സംരംഭങ്ങൾ നിയോമിെൻറ ഭാഗമാകാനെത്തും.

 

ധനസഹായത്തിനും നിക്ഷേപത്തിനുമുള്ള അവസരമാണ് നിയോം പദ്ധതി. ആധുനിക സാങ്കേതിക വിദ്യ, നിർമിത ബുദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ള പദ്ധതി വിവിധ മേഖലകളിൽ വൻ വഴിത്തിരിവ് ഉണ്ടാക്കും.

സൗദി സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’നുകീഴിൽ ചെങ്കടലോരത്തെ പ്രധാന ടൂറിസ, വ്യവസായിക വികസനത്തിനുള്ള ഒരു അടിസ്ഥാന പദ്ധതിയായി 2017ൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച നിയോം പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ വൻ പുരോഗതിയിലാണിപ്പോൾ.

ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ ‘സിന്ദാല’ ആഡംബര ദ്വീപ് 2024ൽ അതിഥികളെ സ്വീകരിച്ചുതുടങ്ങും. നിയോമിലെ സ്വപ്നസമാന ടൂറിസത്തിനുവേണ്ടി മുന്നിൽ കാണുന്ന ഒരു കൂട്ടം ദ്വീപുകളിലൊന്നാണ് ഏകദേശം 8,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിച്ചെടുക്കുന്ന സിന്ദാല. 86 കപ്പലുകൾക്ക് നങ്കൂരമിടാൻ സിന്ദാല തീരത്ത് സൗകര്യമൊരുക്കും.

സൗദി വിനോദസഞ്ചാര മേഖലക്ക് വൻ മുതൽക്കൂട്ടാകുന്ന വിവിധ പദ്ധതികൾ ഇവിടെ പൂർത്തിയാകുമ്പോൾ ആഗോളതലത്തിൽതന്നെ ഏറെ ശ്രദ്ധേയമായ നഗരിയായി ഇത് മാറും.

നിയോം പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് നഗരം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കാറ്റിൽനിന്നും സൗരോർജത്തിൽനിന്നും പുനരുപയോഗിക്കാവുന്ന ഊർജം നിർമിക്കാനാണ് നിയോം പദ്ധതി ശ്രമിക്കുന്നതെന്നും നിയോം കമ്പനി സി.ഇ.ഒ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here