റിയാദ്: ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾ നിറഞ്ഞ മനസോടെ സ്വീകരിച്ച ലോകഭക്ഷ്യമേള (വേൾഡ് ഫുഡ് ഫെസ്​റ്റിവൽ) സൗദി ശാഖകളിൽ വീണ്ടുമെത്തി. പാചകകലാ ലോകത്തെ ഇന്നത്തെ പ്രശസ്​തരിൽനിന്ന്​ നേരിട്ട്​ പാചകവിധികൾ മനസിലാക്കാനും പാചക വിഭവങ്ങളും ചേരുവളും അടുക്കള ഉപകരണങ്ങളും വിസ്​മയകരമായ ഓഫറിൽ സ്വന്തമാക്കാനുമുള്ള അവസരമാണ് ഉപഭോക്താക്കൾക്ക്​ ഇത്തവണ മേളയിൽ​ ഒരുക്കിയിരിക്കുന്നത്​. ജനുവരി 25 മുതൽ ഫെബ്രുവരി ഏഴു വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഫാസ്​റ്റ്​ ഫുഡ് മുതൽ പലവിധ പ്രഭാത, ഉച്ച, അത്താഴ ഭക്ഷണവിഭവങ്ങൾ തയാറാക്കുന്നതു വരെയുള്ള പാചക സെഷനുകളാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​.

 

സെലിബ്രിറ്റി ഷെഫുകൾ

ലുലു ഉപഭോക്താക്കൾക്ക്​ പാചകവിധിയുടെ ഏറ്റവും പുതിയ പ്രവണതകൾ വരെ പകർന്നുതരാൻ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന്​ ഫോളോവർമാരുള്ള നിരവധി സെലിബ്രിറ്റി ഷെഫുകളാണ്​ എത്തുന്നത്​. പാചകകലയിലെ തങ്ങളുടെ അറിവുകളും പാചകവിധികളും എളുപ്പവഴികളും പങ്കിടാൻ മേളയിൽ സാന്നിദ്ധ്യമറിയിക്കുന്നത്​ സൂപ്പർ ഷെഫുകളായ സൗദി ഷെഫ് ഇസാം അൽഗാംദി, ഫിലിപ്പീനിയൻ ഷെഫ് ജെ.പി. ആംഗ്ലോ, 2015-ലെ മികച്ച ഇന്ത്യൻ ഷെഫ് അവാർഡ് ജേതാവ്​ വിക്കി രത്നാനി എന്നിവരാണ്​.

എക്സ്പർട്ട് ടിപ്സ്, കുക്കറി ഫൺ

രാജ്യത്തെ ലുലു ഹൈപ്പർമാർക്കറ്റുകളിലുടനീളം, ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്കും ഭക്ഷണ വൈവിധ്യങ്ങൾക്കും വിപുലമായ ഓഫറുകളും ആവേശകരമായ ഡീലുകളും ഏർപ്പെടുത്തിയിട്ടുണ്ട്​. ആഘോഷത്തി​െൻറ ഭാഗമായി ഉപഭോക്താക്കൾക്ക്, ലുലുവി​െൻറ വിദഗ്ദ്ധരായ ഇൻ-ഹൗസ് ഷെഫുകളുടെ ടീം തയാറാക്കിയ ലോകപ്രശസ്​തമായ ചില വിഭവങ്ങൾ ഹൈപ്പർമാർക്കറ്റി​െൻറ ഹോട്ട് ഫുഡ്‌സ് സെക്ഷനിൽ ലഭ്യമാകും.

എല്ലാ വിഭവങ്ങളും കൂടാതെ, അതിശയകരമായ ഭക്ഷണവിഭവങ്ങളുള്ള രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രത്യേക സെഷനുമുണ്ട്​. ‘ഹൈദരാബാദി ധമാക്ക’, ‘തമിഴ്നാട് താലി’ എന്നീ പേരുകളിലുള്ള ഇവൻറുകളിൽ ഈ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ഭക്ഷണവിഭവങ്ങളായ ഫിൽറ്റർ കോഫി, ഹൈദരാബാദി ബിരിയാണി എന്നിവ അവതരിപ്പിക്കും. ഒപ്പം, മേൽപ്പറഞ്ഞ ഭക്ഷണങ്ങളുടെ പാചകരീതികളെക്കുറിച്ചുള്ള പാചക മത്സരങ്ങളും പോപ്പ് ക്വിസുകളും ഉണ്ടായിരിക്കും.

പ്രതിഭാധനരായ ഹോം-ഷെഫുകൾ മാറ്റുരയ്ക്കുന്ന ‘ഫേസ്-ഓഫ് ചലഞ്ചി’ൽ ഉപഭോക്താക്കൾക്ക്​ സകുടുംബം ഏറെ ആസ്വദിക്കാനുള്ള അവസരവും ലുലു ഒരുക്കുന്നു. ലുലുവി​െൻറ സെലിബ്രിറ്റി ജഡ്ജ് വിലയിരുത്തി വിജയികളെ ​പ്രഖ്യാപിച്ച്​ സമ്മാനങ്ങൾ നൽകും. കൂടാതെ ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക്​ മികച്ച പാചകകുറിപ്പുകൾ സോഷ്യൽ മീഡിയയിൽ #LuLuChef എന്ന ഹാഷ്​ടാഗോടെ ഷെയർ ചെയ്​ത്​ ‘ലുലു ഷെഫ് ഓഫ് ദി ഡേ’ മത്സരത്തിൽ പങ്കുചേരാനുള്ള അവസരവുമുണ്ട്​.

ആരോഗ്യകരമായ ഭക്ഷണം

തികച്ചും ആരോഗ്യകരമായ ഭക്ഷണത്തിന് ഊന്നൽ നൽകുകയാണ് ലുലു ഈ വർഷം. ഏറെ രുചിയുള്ള ചേരുവകൾക്ക് പുറമെ, പാചകകലയിലെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് കൊഴുപ്പ് കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണം ഉണ്ടാക്കാനുള്ള പുതിയ വഴികളും ലുലു ഉപഭോക്താക്കൾക്ക്​ പകർന്നുനൽകുന്നു. കീറ്റോ, വേഗൻ, ഓർഗാനിക് ഫുഡ് ട്രെൻഡുകളുടെ പ്രദർശനവും ഉണ്ടാകും. ഉപഭോക്താക്കൾക്കായി ബാർബിക്യൂ പാർട്ടികൾക്ക് വേണ്ടിയുള്ള മത്സ്യ, മാംസാദികൾ ആവശ്യമായ രീതിയിൽ മുറിച്ച്​ തയാറാക്കിയതും കൂടാതെ പുതുമ മാറാത്ത പച്ചക്കറികളുടെയും പഴങ്ങളുടെയും ഒരു വമ്പൻ ശ്രേണിയും ലുലു ഒരുക്കിയിരിക്കുന്നു.

നിരവധി പ്രമോഷനുകൾ

ലുലുവി​ പ്രശസ്തമായ സ്വന്തം ലേബൽ ഉൽപ്പന്നങ്ങളായ ലുലു പരാത്ത, തിരാമിസു, സഹ്‌ലാബ്, കാരക് ചായ് എന്നിവയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്​. സൗദി ജനങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരമായ ഇനങ്ങളാണിവ.

സർഗാത്മകമായ എല്ലാ പാചക പരീക്ഷണങ്ങൾക്കും ഉതകുന്ന വൈവിധ്യമാർന്ന ചേരുവകളിലെ മികച്ച ഡീലുകൾക്ക് പുറമെ, ബ്രേക്ക്ഫാസ്​റ്റ്​ മുതലുള്ള ഓരോ ഭക്ഷണ വിഭവങ്ങൾക്കും ആവശ്യമായ പുതിയ ഓപ്ഷനുകളും അവതരിപ്പിക്കുന്നുണ്ട്​. രാജ്യത്തെ 27 ലുലു ഹൈപ്പർമാർക്കറ്റുകളിലും 18 അരാംകോ കമീഷണറികളിലും ആറ്​ മിനിമാർട്ടുകളിലും നല്ല ഭക്ഷണത്തിന്റെ യഥാർഥ ആഘോഷവും ഉറപ്പാക്കുന്നു ഈ മേളയിൽ.

സൗദി അറേബ്യയിൽ പാചകശാസ്‌ത്രപ്രകാരമുള്ള ഒരു ഭക്ഷണ സംസ്​കാരം തളിരിട്ട്​ പൂവിടുന്നതിനാണ്​ നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന്​ ലുലു സൗദി ഹൈപർമാർക്കറ്റ്​സ്​ ഡയറക്​ടർ ഷഹീം മുഹമ്മദ്​ പറഞ്ഞു. ലോക പാചകരീതികളിലേക്കും ആ രംഗത്തെ പുതിയ പ്രവണതകളിലേക്കും അവരുടെ താൽപര്യങ്ങൾ പടരുകയും സോഷ്യൽ മീഡിയയുടെ സ്വാധീന ഫലത്താൽ ഒരു പുതിയ രുചി രൂപപ്പെട്ടുവരുകയുമാണ്​. പാചകസംബന്ധമായ ഇത്തരമൊരു തുനിഞ്ഞിറങ്ങലിന്​ ലുലു തയാറായിരിക്കുകയാണ്​. 26 രാജ്യങ്ങളിലെ ഞങ്ങളുടെ സ്രോതസുകൾ ഉപയോഗിച്ച്​ മികച്ച ഭക്ഷ്യോൽപന്നങ്ങളും ഭക്ഷണരംഗത്തെ പുതിയ പ്രവണതകളും സൗദിയിലെത്തിച്ച്​ ഈ രംഗത്ത്​ വലിയ മുന്നേറ്റം സാധ്യമാക്കാനാണ്​​ ലുലു ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here