കുവൈറ്റ് സിറ്റി. ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിക്കേണ്ടി വരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ പരിഷ്‌കാരം. രക്തം സ്വീകരിക്കുന്ന പ്രവാസികള്‍ ഓരോ രക്ത ബാഗിനും 53000ല്‍ അധികം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 20 ദിനാര്‍ നല്‍കണമെന്നാണ് കുവൈറ്റി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സ്വദേശികളും പ്രവാസികളും ഒരുപോലെ പ്രതിഷേധമറിയിക്കുന്നുണ്ട്.

 

രക്തബാഗിന് പുറമേ ലബോറട്ടറി പരിശോധനാ ചെലവുകളും അടയ്ക്കണമെന്ന തീരുമാനം ഗുരുതര രോഗത്തിനല്ലാതെ ചികിത്സ തേടുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. അത്യാഹിത സാഹചര്യങ്ങളില്‍ രക്തം ആവശ്യമായി വരുന്നവര്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും മാനുഷിക പരിഗണന ലഭിക്കുന്ന കേസുകള്‍ക്കും ഫീസ് ബാധകമല്ല. സുഹൃത്തോ ബന്ധുവോ രക്തം ദാനം ചെയ്താലും ഫീസ് നല്‍കേണ്ടതില്ല.

 

രോഗിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ രക്തദാനം ചെയ്യുന്നതിന് ഫീസിളവ് നല്‍കിയാല്‍ രക്തം നൽകാൻ പലരും വിമുഖത പ്രകടിപ്പിക്കുമെന്നാണ് പൊതു അഭിപ്രായം. ബന്ധുക്കള്‍ക്ക് മാത്രം രക്തം നല്‍കുകയും മറ്റ് അവസരങ്ങളില്‍ രക്ത ദാനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുമെന്നാണ് ആക്ഷേപം. കൂടാതെ രാജ്യത്തെ രക്ത ബാങ്കുകളില്‍ വിവിധ ഗ്രൂപ്പുകളുടെ ശേഖരത്തില്‍ കുറവ് വരുമ്പോള്‍ ദാതാക്കള്‍ മുന്നോട്ടു വരാന്‍ അധികൃതര്‍ ആവശ്യപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ രക്തം ദാനം ചെയ്യാനെത്തുന്നവരില്‍ വലിയ പങ്കും പ്രവാസികളാണ്. അതിനാല്‍ പ്രവാസികളില്‍ നിന്ന് രക്തം സ്വീകരിക്കുകയും എന്നാല്‍ അവരില്‍ നിന്ന് തന്നെ പണം ഈടാക്കുകയും ചെയ്യുന്നതിന് പിന്നിലെ യുക്തി പ്രതിഷേധിക്കുന്നവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here