12-ാമത് ഹോട്ടല്‍ടെക് കേരള പ്രദര്‍ശനത്തിന് കൊച്ചിയില്‍ തുടക്കം; നാളെ (ജൂണ്‍ 9) സമാപിക്കും

60-ല്‍പ്പരം സ്ഥാപനങ്ങള്‍ ഹൊറേക മേഖലയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നു

കൊച്ചി: പ്ലാസ്റ്റിക് സ്‌ട്രോയുടെ മാലിന്യഭീഷണിയില്ല, പേപ്പര്‍ സ്‌ട്രോപോലെ കുതിര്‍ന്നു പോകയുമില്ല. ചോളവും കപ്പയും അരിയും കൊണ്ടുണ്ടാക്കിയ തൂശന്‍ ബ്രാന്‍ഡ് സ്‌ട്രോകള്‍ കേരളത്തിലുമെത്തി. തെലുങ്കാനയിലെ റിട്രോ സ്‌ട്രോസ് നിര്‍മിക്കുന്ന സ്‌ട്രോകള്‍ വിപണനം ചെയ്യുന്നത് അങ്കമാലിയിലെ വിഐആര്‍ നാച്വറല്‍സ്. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ (ജൂണ്‍ 7) ആരംഭിച്ച ത്രിദിന ഹോട്ടല്‍ടെക് പ്രദര്‍ശനത്തിലെ ആകര്‍ഷണങ്ങളിലൊന്നാണ് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയനിലുള്ള വിഐആറിന്റെ സ്റ്റാള്‍. വിഐആര്‍ നേരിട്ടു നിര്‍മിക്കുന്ന ഗോതമ്പിന്റെ തവിടുകൊണ്ടുള്ള പ്ലേറ്റുകള്‍, അരിയുടെ തവിടുകൊണ്ടുള്ള കട്‌ലറി എന്നിവയും വിപണനത്തിന് തയ്യാറാവുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ വിനയ് ബാലകൃഷ്ണന്‍ പറഞ്ഞു. ഹോട്ടലുകള്‍ക്കുള്ള റെഡി-റ്റു-കൂക്ക് ബേസ് ഗ്രേവികള്‍ നിര്‍മിക്കുന്ന ചണ്ഡീഗഡില്‍ നിന്നുള്ള റീഗല്‍ കിച്ചന്റെ ഉല്‍പ്പന്നങ്ങളും കേരളത്തിലെ ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ഏറെ ഉപകരിക്കുമെന്ന് മേളയുടെ സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. സാമ്പാര്‍, ഉത്തരേന്ത്യന്‍ കറികള്‍, ഇന്‍സ്റ്റന്റ് ബ്രേക്ഫാസ്റ്റ് ഉള്‍പ്പെടെ ഒരു കിലോ പാക്കിലുള്ള മുപ്പതിലേറെ ഉല്‍പ്പന്നങ്ങളാണ് റീഗല്‍ കിച്ചന്‍ അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ ഫാം മേഡ് ഫുഡ്‌സിന്റെ സ്റ്റാളിലുള്ള കോക്കനട്ട് ബ്ലോസം ഷുഗര്‍, കാന്‍ഡി, കോക്കനട്ട് ലഡ്ഡു, കോക്കനട്ട് ജാഗറി എന്നിവ കേരളത്തിലെ നാളികേര സംരംഭകര്‍ക്കും പ്രചോദനമാണ്. ഇവയ്‌ക്കൊപ്പം പുതിയ കാലത്ത് ഏറെ ഡിമാന്‍ഡുള്ള ഫ്രീ റേഞ്ച് മുട്ടകള്‍, കേജ്-ഫ്രീ മുട്ടകള്‍ എന്നിവയുടേയും ഉല്‍പ്പാദകരാണ് ഫാം മേഡ്.

സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 12-ാമത് പതിപ്പില്‍ ഇത്തരത്തില്‍പ്പെട്ട 61 സ്റ്റാളുകളാണുള്ളത്. ഹൊറേക്ക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്/റിസോര്‍ട്ടസ്, റെസ്റ്റോറന്റ്സ്, കേറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, വാണിജ്യ അടുക്കള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് പ്രദര്‍ശനത്തിനുള്ളത്.

കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രില്‍ പ്രൊമോഷന്‍ (കെ-ബിപ്), കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഎസ്‌ഐഡിസി, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്കെ), കേരള പ്രൊഫഷനല്‍ ഹൗസ്‌കീപേഴ്സ് അസോസിയേഷന്‍ (കെപിഎച്ച്എ), സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍, ചീഫ് എന്‍ജിനീയയേഴ്‌സ് ഫോറം എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്.

എസ്എംഇകള്‍ക്കായി കെ-ബിപ് സ്‌പോണ്‍സര്‍ ചെയ്യുന്ന പവലിയന്‍ പ്രദര്‍ശനത്തിന്റെ ഭാഗമാണ്.. ഒപ്പം ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരളആ സ്റ്റാര്‍ട്ടപ്പ് മിഷനും എക്‌സ്‌ക്ലൂസീവ് പവലിയനും മേളയിലുണ്ട്. മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരങ്ങളായ കേരളാ കലിനറി ചലഞ്ച് (കെസിസി), ഹൗസ്‌കീപ്പേഴ്സ് ചലഞ്ച് (എച്ച്കെസി) എന്നിവയ്ക്കും ഇന്നലെ (ബുധനാഴ്ച) തുടക്കമായി. ആദ്യദിവസമായ ബുധനാഴ്ച ബ്രെഡ് ആന്‍ഡ് പേസ്ട്രി ഡിസ്‌പ്ലേ, 3 ടിയര്‍ വെഡ്ഡിംഗ് കേക്ക്, പെറ്റി ഫോര്‍സ് അഥവാ പ്രാലൈന്‍സ്, ആര്‍ട്ടിസ്റ്റിക് പേസ്ട്രി ഷോപീസ്, ക്രിയേറ്റീവ് ഡിസെര്‍ട്, ആര്‍ടിസ്റ്റിക് പേസ്ട്രി ഷോപീസ്, ഹോട്ട് കുക്കിംഗ് ചിക്കന്‍, ഫിഷ്, ബീഫ് വിഭാഗങ്ങളില്‍ സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലേയും റിസോര്‍ട്ടുകളിലേയും ഷെഫുമാര്‍ മത്സരിച്ചു. വിജയികളെ ഇന്ന് (ജൂണ്‍ 8) പ്രഖ്യാപിക്കും. കേരളാ ക്യൂസിന്‍, റൈസ് ഡിഷ് വെജിറ്റേറിയന്‍, ക്രിയേറ്റീവ് കുക്കിംഗ് വിത്ത് മില്ലറ്റ്‌സ്, ക്രിയേറ്റീവ് സാലഡ്‌സ്, മോക്ടെയില്‍ എന്നിവയിലാണ് ഇന്നത്തെ മത്സരങ്ങള്‍. വൈകീട്ട് സമ്മാനദാനവും നടക്കും. സെലിബ്രിറ്റി ഷെഫ് അലന്‍ പാമര്‍, ഷെഫ് റഷീദ്, ഷെഫ് സക്കറിയ, ഷെഫ് ജോര്‍ജ്, ഷെഫ് റുമാന എന്നിവരുള്‍പ്പെടുന്നതാണ് ജൂറി.

ഫോട്ടോ – കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ത്രിദിന ഹോട്ടല്‍ടെക് പ്രദര്‍ശനം മാല്‍ഡീവ്‌സ് എംഐടിഡിസി എംഡി മുഹമ്മദ് റായിദ്, ഷെഫ് അലന്‍ പാമര്‍, എന്‍എസ്‌ഐസി സീനിയര്‍ ബ്രാഞ്ച് മാനേജര്‍ പോള്‍ ബ്രൈറ്റ് സിംഗ്, ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, കേരളാ ട്രാവല്‍ മാര്‍ട്ട് (കെടിഎം) സെക്രട്ടറി ജോസ് പ്രദീപ്, എന്‍എസ്‌ഐസി സോണല്‍ ജിഎം ശ്രീവത്സന്‍, കെടിഎം പ്രസിഡന്റ് ബേബി മാത്യു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here