വിനയൻ ആവള തൃശ്ശൂർ : സരിതാ നായർ എന്ന പേര് നാം ആദ്യം കേൾക്കുന്ന സോളാർ തട്ടിപ്പു കേസുമായാണ്. ടീം സോളാർ എന്ന കമ്പനിയുടെ പേരിൽ സംസ്ഥാനത്ത് നടന്ന തട്ടിപ്പായിരുന്നു സരിതയെന്ന വിവാദ നായികയെ വാർത്താതാരമാക്കിയത്. പിന്നീട് കേരളം കണ്ടത് കോടികളുടെ തട്ടിപ്പുകേസും ഭരണ കക്ഷിയിലെ പ്രമുഖ നേതാക്കളുമായുള്ള ബന്ധവുമായിരുന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസുവരെയെത്തി തട്ടിപ്പിന്റെ ദുർഗന്ധം. മുഖ്യമന്ത്രിയുടെ ഗൺമാനും, പി എയും സോളാർ വിവാദങ്ങളിൽ പെട്ടു. ഒടുവിൽ മുഖ്യമന്ത്രിയും വിവാദങ്ങളിൽ അകപ്പെട്ടു. മല്ലേലിൽ ശ്രീധരൻ നായരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയത് മുഖ്യമന്ത്രിയുടെ ഉറപ്പിലെന്ന ആരോപണം വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവച്ചു. എൽ ഡി എഫ് പ്രത്യക്ഷ സമരം ആരംഭിച്ചു. തിരുവനന്തപുരം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരകോലാഹലങ്ങളായിരുന്നു അരങ്ങേറിയത്. വിവിധ കേസുകളിലായി സരിതാ നായർ തട്ടിച്ചത് കോടികളായിരുന്നു. തുടർച്ചയായി മൂന്നു മാസക്കാലം സരിത പത്രങ്ങളുടെ പ്രധാനവാർത്തയായി. കാസർകോട് മുതൽ തിരുവവന്തപുരംവരെയുള്ള കോടതിളിൽ വിവിധ കേസുകളുമായി സരിതാ നായരെ ഹാജരാക്കുന്നത് ടെലിവിഷൻ ചാനലുകളിൽ വലിയ വാർത്തകൾവന്നു. സരിത എഴുതിയ കത്തായിരുന്നു മറ്റൊരു പ്രധാന വാർത്ത. ലൈംഗിക പീഡന പരാതി ഉയർന്നതും ഈ കത്തിലായിരുന്നു. കത്തിൽ ഉൾപ്പെട്ടവരും ഉൾപ്പെടാത്തവരും ആരൊക്കെയെന്ന് ചൂടുള്ള ചർച്ചകൾ. സ്വന്തം പിതാവിനെ പോലെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് പറഞ്ഞ പരാതിക്കാരി പിന്നീട് അദ്ദേഹവും തന്നെ ലൈംഗീകമായി ഉപയോഗിച്ചു എന്നായി ആരോപണം. പ്രതിപക്ഷത്തിന് വീണുകിട്ടിയ വിവാദമായിരുന്നു സോളാർ കേസ്. കേസ് ആദ്യം സാമ്പത്തിക തട്ടിപ്പെന്ന നിലയിൽ മാത്രമായിരുന്നു ഉയർന്നു വന്നിരുന്നത്. എന്നാൽ കേരളം നാണിച്ച് തലതാഴ്ത്തുന്ന തരത്തിലുള്ള ലൈംഗിക വിവാദങ്ങളാണ് പിന്നീട് അരങ്ങേറിയത്. വിവാദങ്ങൾ യു ഡി എഫിന്റെ അടിത്തറയിളക്കി. സരിതാ നായരുടെ പരാതിയിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു. ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ശിവരാജൻ കമ്മീഷനുമുന്നിൽ മണിക്കൂറുകൾ ഇരിക്കേണ്ടിയും വന്നു. യു ഡി എഫ് കാലത്താണ് കമ്മീഷനെ നിയോഗിച്ചത്. സരിതയുടെ പരാതികൾ എല്ലാം അന്വേഷിക്കാൻ അഭ്യന്തരവകുപ്പ്  നിർദ്ദേശിച്ചതും അക്കാലത്തുതന്നെ. എന്നാൽ കേസന്വേഷണം  മുന്നോട്ട് പോയില്ല. ലൈംഗിക പീഡന പരാതിയിൽ കേസ് നിലനിൽക്കില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ശിവരാജൻ കമ്മീഷൻ സരിതയുടെ മൊഴികൾ വള്ളിപുള്ളി തെറ്റാതെ എഴുതിയെടുത്ത് റിപ്പോർട്ടാക്കി സർക്കാരിന് സമർപ്പിച്ചു. പിന്നെ തെരഞ്ഞെടുപ്പ് കാലത്തുമാത്രമാണ് സരിതയെ കേരളീയർക്ക് കാണാൻ സാധിച്ചിരുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് സരിതയെത്തിയത് ഹൈബി ഈഡനെതിരെയായിരുന്നു. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനും സരിതാ നായർ ഒരു ശ്രമം നടത്തിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപായി വീണ്ടും സരിതാ നായർ ചർച്ചയ്‌ക്കെത്തി. അത് ബാലകൃഷ്ണ പിള്ളയുടെ ബന്ധുവും കേരളാ കോൺഗ്രസ് ബിയുടെ പഴയ ജനറൽ സെക്രട്ടറിയുമായിരുന്ന ശരണ്യാ മനോജിന്റേതായിരുന്നു. കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ സരിത പരാതി നൽകിയത് എന്നായിരുന്നു. സരിതാ നായർ അട്ടക്കുളങ്ങര ജയിലിൽ കിടക്കവെയാണ് സരിതാ നായർ 28 പേജുള്ള ഒരു കത്ത് എഴുതുന്നുത്. ഈ കത്ത് പിന്നീട് സൂക്ഷിച്ചത് ബാലകൃഷ്ണപിള്ളയായിരുന്നു. സരിതയുടെ ഈ കത്താണ് പിന്നീട് ആളിക്കത്തിയത്. ചിലരുടെ പേരുകൾ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. പേജുകൾ മാറ്റിയെന്ന് സരിതാ നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും പിന്നീട് വെളിപ്പെടുത്തി. ഇ പി ജയരാജൻ തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം ഉയർത്തിയ സരിതാ നായർ പിന്നീട് അത് പിൻവലിച്ചു. കോൺഗ്രസ് നേതാക്കൾ പലരും ഭയന്നു. ബെന്നി ബെഹനാനും തമ്പാനൂർ രവിയും സരിതയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെന്ന ആരോപണവും കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചു. ബാർകേസും സരിതാ കേസും കേരളത്തിലെ യു ഡി എഫ് ഭരണം തകർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് വൻ മുന്നേറ്റമുണ്ടാക്കാനും സാധിച്ചു. സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ട് നരവധി കേസുകളിൽ അകപ്പെട്ട് ജയിലുകളിൽ നിന്നും ജയിലുകളിലേക്ക് യാത്ര ചെയ്തിരുന്ന സരിതാ നായർ പലരുടെയും സാമ്പത്തിക ബാധ്യതകൾ തീർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ആരാണ് സരിതയെ സാമ്പത്തികമായി സഹായിച്ചതെന്ന് ആരും അന്വേഷിച്ചില്ല. ഇടതുമുന്നണിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സരിതാ നായർക്ക് ആരാണ് പിന്തുണ നൽകിയിരുന്നതെന്നുമാത്രം പറയുന്നില്ല. സരിതാ നായർക്കെതിരെ വീണ്ടും ആരോപണം ഉയർന്നിരിക്കയാണ്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബെവ് കോ, കെ ടി ഡി സി സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസാണ് ഉയർന്നിരിക്കുന്നത്. സരിതാ നായർ സി പി ഐ നേതാവിന്റെ സഹായത്തോടെയാണ് തൃശ്ശൂരിലെ മൂന്നു പേരിൽ നിന്നായി പണം കൈപ്പറ്റിയത്. നിയമനം ലഭിക്കാതെ വന്നതോടെയാണ് പരാതി ഉയർന്നത്. താല്കാലിക നിയമനം സംഘടിപ്പിച്ച് പിന്നീട് സ്ഥിരപ്പെടുകയെന്ന തന്ത്രമാണ് ഇത്തരം സ്ഥാപനങ്ങളിൽ പയറ്റുന്നത്. സരിതാ നായർ ഉൾപ്പെട്ട കേസായതിനാൽ പരാതിയിൽ  അന്വഷണം നടക്കുന്നില്ലെന്നാണ് ആരോപണം. തൃശ്ശൂർ ജില്ലയിലെ മൂന്ന് പേരിൽ നിന്നായി 16 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിൽ നേരിട്ട് ഇടപെട്ടാണ് സരിതാ നായർ പണം കൈപ്പറ്റിയതെന്നാണ് ആരോപണത്തിൽ പറയുന്നത്. പ്രമുഖ നേതാക്കളും മറ്റും സരിതാ നായരെ ഇപ്പോഴും സംരക്ഷിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്തരം കേസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here