സ്വന്തം ലേഖകൻ

കുറേ കാലമായി പറഞ്ഞു കേൾക്കുന്നതാണ്, മെട്രോമാൻ ബി ജെ പിയിലെത്തുന്നു എന്ന്. അതിപ്പോൾ യാഥാർത്ഥ്യമായി. മെട്രോ മാൻ എന്ന പേരിലറിയപ്പെടുന്ന ഇ ശ്രീധരൻ ബി ജെ പിയിൽ ചേർന്നു. രാജ്യത്ത് ഏറെ സ്വീകാര്യതയുള്ള ഉന്നത വ്യക്തിയാണ് ഇ ശ്രീധരൻ.
ഡൽഹി മെട്രോയുടെ ചീഫ് കൺസൽട്ടന്റാണ് ഇ ശ്രീധരൻ. കുറ്റമറ്റരീതിയിൽ കൃത്യസമയത്ത് മികച്ച ഗുണനിലവാരത്തോടെ വൻകിട പദ്ധതികൾ പൂർത്തീകരിക്കുന്നതിലൂടെയാണ് ഇ ശ്രീധരൻ എന്ന എൻജിനിയറിംഗ് വിദഗ്ധൻ രാജ്യത്ത് ഏറെ പ്രസിദ്ധനായി തീർന്നത്.


പാമ്പൻ പാലം, പിന്നീട് ഏറെ പ്രതിസന്ധികളെ തരണം ചെയ്തുണ്ടാക്കിയ കൊങ്കൺ റെയിൽവെ എന്നിവയിലും ഇ ശ്രീധരന്റെ വൈദഗ്ധ്യം ശ്രദ്ധേയമായി.
രണ്ടാം എൻ ഡി എ സർക്കാർ അധികാരത്തിൽ വരുന്ന അവസരത്തിൽ ഇ ശ്രീധരൻ കേന്ദ്ര മന്ത്രിയാവുമെന്നുള്ള പ്രചരണം ശക്തമായിരുന്നു,  എന്നാൽ മെട്രോമാൻ അപ്പോഴൊന്നും പിടികൊടുത്തില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബി ജെ പി, പ്രഗൽഭരായ വ്യക്തികളെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ ബി ജെ പി പട്ടികയിൽ ഇ ശ്രീധരനെപോലുള്ള നിരവധി പ്രഗൽഭർ ഉണ്ടാവാനുള്ള സാധ്യതയാണ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിലുള്ള നേതാക്കളിൽ പലർക്കും പച്ചതൊടാനാവില്ലെന്നുള്ള തിരിച്ചറിവാണ് പൊതു സ്വീകാര്യതയുള്ള വ്യക്തികളെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള പദ്ധതികളുമായി ബി ജെ പി നേതൃത്വം കളത്തിലിറങ്ങിയിരിക്കുന്നത്.
മെട്രോമാൻ ഇ ശ്രീധരന്റെ വരവ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here