പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് ചാനലുകളിലൂടെ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ കലാപം. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, എം.എസ് പ്രകാശ് എന്നിവര്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ, താരിഖ് അന്‍വര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

സ്ഥാനാര്‍ഥി നിര്‍ണയവും പ്രഖ്യാപനവും നടത്തേണ്ടത് എ.ഐ.സി.സിയും ഹൈക്കമാന്‍ഡുമാണ്. കോന്നിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ആറ്റിങ്ങല്‍ എം.പിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാം. കൊള്ളാമെന്ന് തോന്നിയാല്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ചോളും. കോന്നിയില്‍ സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കാന്‍ അവകാശമുള്ളത് ഈ ജില്ലയുടെ എം.പിയായ ആന്റോ ആന്റണിയ്ക്കാണ്.

അദ്ദേഹം വേണമെങ്കില്‍ അതു ചെയ്‌തോട്ടെ എന്നും സാമുവല്‍ കിഴക്കുപുറം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്ററിനെ കോന്നിയിലെ സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും തലത്തിലും യോഗത്തിലും ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച പ്രകാരം വിവിധ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കുള്ള സര്‍വേ നടന്നു വരുന്നതേയുള്ളൂ. അത് പൂര്‍ത്തിയായി കഴിഞ്ഞ് സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. അത് റോബിന്‍ പീറ്ററോ മറ്റാരെങ്കിലുമോ ആകട്ടെ അപ്പോള്‍ തങ്ങള്‍ നോക്കാമെന്നും അല്ലാതെ അടൂര്‍ പ്രകാശിന്റെ പ്രഖ്യാപനം അംഗീകരിക്കേണ്ട ബാധ്യതയില്ലെന്നും സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

റോബിന്‍ പീറ്റര്‍ പാര്‍ട്ടിയില്‍ ജൂനിയറാണ്. അദ്ദേഹത്തേക്കാള്‍ മുതിര്‍ന്ന നിരവധി നേതാക്കള്‍ ഇവിടെയുണ്ട്. അവരുടെയൊക്കെ പേരും കോന്നിയിലേക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് പി. മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ പരിശ്രമിച്ചവരാണ് അടൂര്‍ പ്രകാശും റോബിന്‍ പീറ്ററുമെന്ന് സാമുവല്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അന്ന് എ.ഐ.സി.സി തലം വരെ പരാതി നല്‍കിയിരുന്നു. യാതൊരു നടപടിയും എടുത്തില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ നിന്ന് മത്സരിച്ച തന്റെ പരാജയത്തിന് കാരണക്കാരനായതും അടൂര്‍ പ്രകാശ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്ററിന് ജില്ലയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അടൂര്‍ പ്രകാശ് നിയമസഭാ സീറ്റിലേക്ക് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചത്. എന്നാല്‍, റോബിന്‍ മത്സരിച്ച പ്രമാടം ഡിവിഷനില്‍ വള്ളിക്കോട്, തുമ്പമണ്‍, ഓമല്ലൂര്‍ പഞ്ചായത്തുകളുടെ ഭാഗമാണ് കൂടുതലായി ഉള്‍പ്പെടുന്നത്. കഴിഞ്ഞ തവണ റോബിന്‍ പീറ്റര്‍ പ്രസിഡന്റായിരുന്ന പ്രമാടം പഞ്ചായത്തിന്റെ ഭരണം ഇക്കുറി എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തുവെന്ന് സാമുവല്‍ ചൂണ്ടിക്കാണിച്ചു.

കോന്നി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന മോഹന്‍രാജിനെതിരേ പരസ്യ പ്രസ്താവന നടത്തിയവരാണ് അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും. എ.ഐ.സി.സി നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി കാര്യങ്ങള്‍ തീരുമാനിക്കുമെന്നിരിക്കേ അടൂര്‍ പ്രകാശ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് അച്ചടക്ക ലംഘനമാണ്. അദ്ദേഹത്തിന് എതിരേ നടപടി എടുക്കണമെന്ന് സാമുവല്‍ കിഴക്കുപുറവും എം.എസ്. പ്രകാശും പറയുന്നു. ഇതോടെ കോന്നി ഇക്കുറിയും കോണ്‍ഗ്രസിന് അനുകൂലമാകില്ലെന്ന എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here