തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കേരള മുഖ്യമന്ത്രിയുടെ ഓഫീസുള്ള ഒരാള്‍ക്കെതിരെയുള്ള കേസുകള്‍ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തില്‍ എനിക്ക് വലിയ ആശയകുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ബിജെപിയെ എതിരിട്ടാല്‍ 24 മണിക്കൂറും നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇവിടുത്തെ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പതുക്കെ പതുക്കെ പോകുന്നതിന് കാരണം ഒന്നേയുള്ളൂ. അതിന്റെ കാരണം നിങ്ങള്‍ക്കറിയാമെന്നും രാഹുല്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ ഊര്‍ജ്ജസ്വലരായ യുവാക്കളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യര്‍ക്ക് ജോലികിട്ടാത്തത്.

നിങ്ങള്‍ ഇടതുപക്ഷത്തില്‍ പെട്ട ഒരാളാണെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് ജോലി ലഭിക്കും. നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കില്‍ ഏതളവ് വരെ സ്വര്‍ണകള്ളക്കടത്തിനും അനുവദിക്കും. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും ആ ജോലി ചെയ്യാന്‍ സാധിക്കും.

പക്ഷേ ഇതൊന്നുമല്ലാത്ത കൊടിപിടിക്കാത്ത ചെറുപ്പാക്കാരാണെങ്കില്‍ ജോലിക്ക് വേണ്ടി നിങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തണം. നിരാഹാര സത്യാഗ്രഹം കിടക്കുന്നവര്‍ മരിക്കാന്‍ ആയാല്‍ പോലും ഇവിടുത്തെ മുഖ്യമന്ത്രിക്ക് ഒരു പ്രശ്‌നവുമില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ബിജെപി സര്‍ക്കാരിനെതിരെയും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here