സ്വന്തം ലേഖകൻ

പാലാ നഗരസഭയിൽ ഭരണ കക്ഷി അംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയും, മർദ്ദനമേറ്റ കൗൺസിലറുടെ നിലവിളിയും രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് കേട്ടത്. കാരണം, പാലായിൽ മർദ്ദനമേറ്റ കൗൺസിൽ കേരളാ കോൺഗ്രസ് എം നേതാവാണ്. ജോസ് കെ മാണിയുടെ പാർട്ടിയുടെ കൗൺസിലറെ തല്ലിയത് മറ്റാരുമല്ല, സി പി എം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിൽ.


ഒരു മുന്നണിയിലെ രണ്ടു കക്ഷികൾ തമ്മിലുള്ള കയ്യാങ്കളിയും വാക്കേറ്റവും എന്നതിനപ്പുറം, സി പി എമ്മും കേരളാ കോൺഗ്രസ് പ്രാദേശിക ഘടകവും തമ്മിലുള്ള അകൽച്ചയാണ് ഇത് വ്യക്തമാക്കുന്നത്.
ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശം ഇപ്പോഴും അംഗീകരിക്കാത്തവരാണ് പാലായിലെ സി പി എം. അമ്പത് വർഷക്കാലം പാലായിൽ എം എൽ എയായിരുന്ന കെ എം മാണിയെ എതിർത്തും, അവർക്കെതിരെ സമരം നടത്തിയുമാണ് പാലായിലെ സി പി എം നിലനിന്നത്.
 
 സി പി എമ്മിന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കേരളാ കോൺഗ്രസ് എമ്മിനെ മുന്നണിയിൽ എടുക്കാനുള്ള തീരുമാനത്തെ പ്രാദേശിക നേതൃത്വം എതിർത്തിരുന്നു. എന്നാൽ സംസ്ഥാന നേതാക്കൾ ഉണ്ടാക്കിയ സഖ്യത്തിന്റെ ഒപ്പം നിൽക്കുകയെന്നതുമാത്രമായിരുന്നു പാലായിലെ നേതാക്കൾക്ക് ചെയ്യാനുണ്ടായിരുന്നത്. മുന്നണിയിൽ എത്തിയപ്പോഴും രാഷ്ട്രീയമായ അകൽച്ചയിലായിരുന്നു കേരളാ കോൺഗ്രസും. 
 
പാലായിലെ ഒന്നാം പാർട്ടി കേരളാ കോൺഗ്രസ് ആണെന്ന നിലപാടിലാണ് ആ പാർട്ടിയുടെ കൗൺസിലർമാരുടെ നിലപാട്. പാലാ നഗരസഭ നേരത്തെ കേരളാ കോൺഗ്രസ് ഭരണത്തിലിരുന്നതായിരുന്നു. ഇത്തവണ സി പി എം ഒരുമിച്ചുണ്ട് എന്നതല്ലാതെ ഭരണത്തിൽ പങ്കാളിത്തം അനുവദിച്ചുകൊടുക്കാൻ കേരളാ കോൺഗ്രസിന് താല്പര്യമുണ്ടായിരുന്നില്ല. സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരണത്തിലും മറ്റും ഈ തർക്കം നിലനിന്നിരുന്നു.

മാണി സി കാപ്പനോട് മാനസികമായി അടുപ്പം പുലർത്തുന്നവരാണ് പാലായിലെ സി പി എമ്മിലെ ഭൂരിപക്ഷം പേരുമെന്നാണ് പ്രധാന ആരോപണം. കാപ്പന്റെ പിതാവിന്റെ പേരിൽ പണികഴിപ്പിച്ച കൺഫർട് സ്റ്റേഷൻ തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ കേരളാ കോൺഗ്രസിനോട് വിയോജിപ്പ് പ്രകടിപ്പിച്ചവരാണ് സി പി എം കൗൺസിലർമാർ.

മാന്യമായ സമീപനമല്ല കേരളാ കോൺഗ്രസിൽ നിന്നും ഉണ്ടാവുന്നതെന്ന് പ്രാദേശിക നേതാക്കൾ പരാതി ഉയർത്തിയപ്പോൾ സംസ്ഥാന നേതൃത്വം പാലായിലെ പാർട്ടി അംഗങ്ങളെ താക്കീത് ചെയ്യുകയുണ്ടായി. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും അല്ലാത്ത പക്ഷം പാർട്ടിയുടെ അച്ചടക്ക നടപടിയുണ്ടാവുമെന്നുമായിരുന്നു താക്കീത്.

പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇപ്പോൾ പാലയിലെ രാഷ്ട്രീയ ചർച്ച. തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെ, പുതിയ ഘടകകക്ഷിയുമായുണ്ടായ അസ്വാരസ്യവും പടലപിണക്കവും വലിയ കല്ലുകടിയായി മാറുകയാണ്. 
മാണി സി കാപ്പൻ ജയിക്കുകയാണെങ്കിൽ നിലവിലുള്ള സഖ്യം പോലും ഇല്ലാതാവും
 
എന്തായാലും പാലായിൽ നിന്നും ഉയർന്ന നിലവിളികൾ…..വരാനിരിക്കുന്ന നിലവിളികളുടെ ട്രയലാവുമോ എന്നാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here