തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണം ഞായറാഴ്‌ച‌ രാത്രി‌ ഏഴിന്‌ അവസാനിക്കും. പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ നാടിന്റെ വികസനവേഗത്തിന്‌ ഊർജം പകരുന്ന ജനവിധിക്ക്‌ ഇനി രണ്ടുനാൾ.

പരസ്യപ്രചാരണത്തിന്‌ ഇക്കുറി കൊട്ടിക്കലാശമില്ല. കോവിഡ് സാഹചര്യം പരിഗണിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കൊട്ടിക്കലാശം വിലക്കി. മാവോയിസ്‌റ്റ്‌ സാന്നിധ്യമുള്ള മേഖലകളിലെ ഒമ്പത് മണ്ഡലത്തിൽ വൈകിട്ട് ആറിന്‌ പ്രചാരണം നിർത്തണം. ചൊവ്വാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ്‌ വോട്ടെടുപ്പ്‌. 140 മണ്ഡലത്തിലായി 957 സ്ഥാനാർഥികളുണ്ട്‌.

ഒരുമാസത്തിൽ താഴെയേ ലഭിച്ചുള്ളൂവെങ്കിലും സംസ്ഥാനചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചാരണകാലമാണ്‌ അവസാനിക്കുന്നത്‌. പ്രതിസന്ധി നിറഞ്ഞ അഞ്ചുവർഷം നാടിനെ നയിച്ച സർക്കാരിന്റെ വികസന–-ക്ഷേമ പ്രവർത്തനം മുൻനിർത്തി കളംനിറഞ്ഞ എൽഡിഎഫിനെ അടിസ്ഥാനരഹിതമായ ആരോപണവും കുപ്രചാരണവും ഉയർത്തിയാണ്‌ യുഡിഎഫും ബിജെപിയും നേരിട്ടത്. പ്രതിപക്ഷനേതാവ്‌ ഉയർത്തിയ ആരോപണങ്ങളെല്ലാം നനഞ്ഞ പടക്കമായി.

ഇതാദ്യമായി ഭരണവിരുദ്ധ വികാരം ഉയരാത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷവിരുദ്ധ വികാരം പലയിടത്തും പ്രകടമായി. സർക്കാരിനെതിരെ പ്രതിപക്ഷവും ബിജെപിയും ചേർന്നുയർത്തിയ ആരോപണങ്ങളൊന്നും പ്രചാരണരംഗത്ത്‌ വിലപ്പോയില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ്‌ കേരളത്തിലെ ജനവിധി. നിശ്ശബ്ദപ്രചാരണത്തിലും വികസനമുന്നേറ്റം തുടരേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ്‌ എൽഡിഎഫ്‌ പ്രവർത്തകർ ജനങ്ങളോട് സംവദിക്കുന്നത്‌. എന്നാൽ, വർഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ടിലൂടെ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്‌ യുഡിഎഫ്‌.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(1) വകുപ്പ്‌ പ്രകാരം പരസ്യപ്രചാരണം വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിപ്പിക്കണം. ഇതിനുശേഷം പൊതുയോഗം, പ്രകടനം, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടി എന്നിവയും ടെലിവിഷനിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണവും പാടില്ലെന്ന് കമീഷൻ നിർദേശിച്ചിട്ടുണ്ട്‌.
വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഉച്ചഭാഷിണിക്കും വിലക്കുണ്ട്‌. ഇതു ലംഘിക്കുന്നവർക്ക് രണ്ട് വർഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും. ബൈക്ക് റാലി പൂർണമായും നിരോധിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്ന സൗജന്യങ്ങളുടെയും സമ്മാനങ്ങളുടെയും വിതരണം പാടില്ല. അതത് നിയോജകമണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്തവരുടെ സാന്നിധ്യം നിശ്ശബ്ദപ്രചാരണവേളയിൽ അനുവദിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here