സ്വന്തം ലേഖകൻ

കൊച്ചി : കുന്നോളം പ്രതീക്ഷയിലായിരുന്നു ബി ജെ പി. കേരളത്തിൽ മികച്ച മുന്നേറ്റമാണ് പ്രതീക്ഷിച്ചത്. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. കേരളത്തിൽ അഞ്ച് സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിച്ചാണ് ബി ജെ പി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചത്.
കേരളത്തിൽ എന്തോ സംഭവിക്കാൻ പോവുന്നു എന്ന പ്രതീതി ജനിപ്പിക്കാൻ ബി ജെ പി നേതാക്കൾ ശ്രമിച്ചു. കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ദേശീയ നേതൃത്വത്തെയും ധരിപ്പിക്കാൻ സംസ്ഥാന നേതാക്കൾക്കായി. പ്രധാന മന്ത്രി രണ്ടുതവണ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി.
തൃശ്ശൂർ,  പാലക്കാട്, നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വിജയിക്കുമെന്നായിരുന്നു ബി ജെ പി നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. ദേശീയ മാധ്യമങ്ങളടക്കം ബി ജെ പി ക്ക് രണ്ടുമതൽ അഞ്ച് സീറ്റുവരെ പ്രവചിച്ചതോടെ കെ സുരേന്ദ്രൻ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബി ജെ പി ആയിരിക്കുമെന്നുവരെ തട്ടിവിട്ടു.
എന്നാൽ ഗ്രൂപ്പ് പോരാട്ടവും, ഐക്യമില്ലായ്മയും മൂലം സംഘടനയുടെ ശക്തി ചോർന്നുപോവുന്നത് ബി ജെ പി തിരിച്ചറിഞ്ഞിരുന്നില്ല.

 ആദ്യഘട്ടത്തിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കാനുള്ള തീരുമാനം കെ സുരേന്ദ്രന്റെ അമിതാവേശത്തിന്റെ തെളിവായിരുന്നു.
മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പിയിൽ ചേർന്നതും, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതും കേന്ദ്ര നേതൃത്വത്തെ പോലും ചൊടിപ്പിച്ചു.
ബി ജെ പിയിലെ പ്രമുഖ വനിതാ നേതാവായ ശോഭാ സുരേന്ദ്രനെ പൂർണമായും അവഗണിച്ചതും, സ്ഥാനാർത്ഥി പട്ടികയിൽ നിന്നും മാറ്റി നിർത്തിയതും ബി ജെ പിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിന് കാരണമായി. വി മുരളീധരന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള പ്രതികരണങ്ങളും ബി ജെ പിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയായതോടെ മറ്റ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സുരേന്ദ്രന് സമയം ലഭിച്ചിരുന്നില്ല. ഹെലികോപ്റ്ററിൽ കറങ്ങി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതിലും എതിർപ്പ് രൂക്ഷമായിരുന്നു.

സംസ്ഥാനത്തെ എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രചാരണപ്രവർത്തനങ്ങൾ ഏകോപിക്കാൻ സംസ്ഥാന അധ്യക്ഷന് കഴിഞ്ഞില്ലെന്നതാണ് കെ സുരേന്ദ്രനെതിരെയുർന്നിരിക്കുന്ന പ്രധാന ആരോപണം.
പാർട്ടിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നേമം മണ്ഡലം പോലും നിലനിർത്താൻ ബി ജെ പിക്ക് കഴിയാതെ വന്നതോടെ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിനും വിയോജിപ്പുണ്ടാക്കും.
നേമത്തും, പാലക്കാടും വിജയം ഉറപ്പെന്നായിരുന്നു കെ സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. എന്നാൽ നേമത്തും, പാലക്കാട്ടും ഒന്നും സംഭവിച്ചില്ല.
വോട്ട് വിഹിതം കൂടിയെന്ന വാദം ഉന്നയിച്ച് പിടിച്ചു നിൽക്കാനായിരിക്കും ഇനിയുള്ള ശ്രമം.
എന്തായാലും ശോഭാ സുരേന്ദ്രനും, എതിരാളികളും സുരേന്ദ്രനെതിരെ ശക്തമായ നീക്കം ആരംഭിക്കും. കെ സുരേന്ദ്രന് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടേണ്ടിവരും. സുരേന്ദ്രന്റെ ഗ്രൂപ്പുകാരനായ വി മുരളീധരന്റെ മന്ത്രി സ്ഥാനവും ഉടൻ ഇല്ലാതാവുമെന്നാണ് പുതിയ വാർത്തകൾ. മിസോറാം ഗവർണറായ പി ശ്രീധരൻ പിള്ളയെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവരികയാണ് ദേശീയ നേതൃത്വത്തിന്റെ പുതിയ തീരുമാനം.  
മെട്രോ മാനെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here