കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ദയനീയ പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കില്ലെന്നു സൂചന. ആ സ്‌ഥാനത്തേക്കു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെയും വി.ഡി. സതീശന്റെയും പേരുകളാണു ചര്‍ച്ചയില്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നേതാവാണു തിരുവഞ്ചൂര്‍. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുമുണ്ട്‌.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല നേരത്തെ പ്രഖ്യാപിച്ചിരുന്നു. കനത്ത തോല്‍വി പിണഞ്ഞതോടെ അദ്ദേഹം ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചെന്നാണ്‌ അറിയുന്നത്‌. അതേസമയം, പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ്‌ ചെന്നിത്തല ഉന്നയിച്ച പല വിഷയങ്ങളിലും സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുകൂടി പാര്‍ട്ടിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നതാണ്‌ ഇത്രയും വലിയ തിരിച്ചടിക്ക്‌ കാരണമെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്‌. രമേശ്‌ തുടരട്ടെയെന്നാണ്‌ അവരുടെ നിര്‍ദേശം.

എന്തായാലും വൈകാതെ പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി നടക്കുമെന്ന്‌ ഉറപ്പായി. കെ.പി.സി.സിയിലും ഡി.സി.സികളിലും അഴിച്ചുപണി നടത്തണമെന്ന്‌ തദ്ദേശ തെഞ്ഞൈടുപ്പിലെ പരാജയത്തിനു ശേഷം എ.ഐ.സി.സി. നിര്‍ദേശിച്ചിരുന്നു. സംസ്‌ഥാന നേതാക്കള്‍ എതിര്‍ത്തതിനാല്‍ അതു നടക്കാതെപോയി. പുതിയ സാഹചര്യത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടയുള്ളവരുടെ സ്‌ഥാനം തെറിക്കുമെന്നു വ്യക്‌തമായിക്കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here