തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് വേണ്ടിയുള്ള ​ഗവർണറുടെ പ്രസം​ഗം കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കൊവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ഒന്നും ചെയ്യാനില്ലാതെ സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. കൊവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീർത്തും നിരാശാജനകമായി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ തങ്ങളുടേതാക്കി മാറ്റി കണ്ണിൽപൊടിയിടുന്ന നയം ആവർത്തിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. കൊവിഡ് മരണം കുറച്ചു കാണിക്കാനാണ് സംസ്ഥാന സർക്കാർശ്രമിക്കുന്നത്.

അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ തവണയും നടത്തിയതാണ്. എത്രപേർക്ക് ഒന്നാം പിണറായി സർക്കാർ ജോലി കൊടുത്തുവെന്ന് വ്യക്തമാക്കണം. കെസ്ആർടിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തിൽ ഇല്ല. കിഫ്ബിയിൽ സംസ്ഥാനം എത്ര കടം എടുത്തെന്നും അതെങ്ങനെയാണ് വീട്ടുകയെന്നും വ്യക്തമാക്കുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വായ്പ്പാ പരിധി ഉയർത്തിയെങ്കിലും അത് സ്വാ​ഗതം ചെയ്യാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനാണ് നയപ്രഖ്യാപനം ഉപയോ​ഗിച്ചത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയല്ല മറിച്ച് അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here