കൊച്ചി: തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ്. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി നേതൃയോഗത്തിലാണ് കടുത്ത വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അടക്കം സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് വിമർശനം.

ബിജെപിയിൽ നിലനിൽക്കുന്ന ഗ്രൂപ്പിസത്തിനെതിരെയും വിമർശനം ഉയർന്നു. ഓരോ നേതാക്കളുടേയും പ്രവർത്തനം വിലയിരുത്തി വിശദമായ ഓഡിറ്റിങ് വേണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യവും യോഗം ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഏകോപനം മൊത്തം പാളി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനാവശ്യ വിവാദമുണ്ടാക്കി. ഇതെല്ലാം തോൽവിക്ക് കാരണമായെന്നും അനാവശ്യ വിവാദത്തിൽ ചെന്നു ചാടിയെന്നും വിമർശനമുയർന്നു.

കുഴൽപ്പണ വിവാദം, സികെ ജാനുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്ത് ലക്ഷം നൽകിയത്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ കെ സുന്ദരയ്ക്ക് രണ്ട് ലക്ഷം കോഴ നൽകിയതടക്കമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നേതൃയോഗം വിളിച്ചു ചേർത്തത്.

കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം ഗണേഷ്, അടക്കമുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here