രാജേഷ് തില്ലങ്കേരി


തലശ്ശേരി ബ്രണ്ണൻ കോളജിനെകുറിച്ചാണ് ലോകത്തുള്ള മലയാളികളെല്ലാം ചർച്ച ചെയ്യുന്നത്. ഇന്ന് രാഷ്ട്രീയത്തിന്റെ പേരിലാണ് ചർച്ച ചെയ്യപ്പെടുന്നത് എങ്കിലും തലശ്ശേരിയുടെ സാംസ്‌കാരിക, വിദ്യാഭ്യാസ ചരിത്രത്തിൽ വിധിനിർണായകമായ പങ്കാണ് ബ്രണ്ണൻ കോളജിനുള്ളത്. വൈദേശികാധിപത്യവുമായി ബന്ധപ്പെട്ടാണ് തലശ്ശേരിയുടെ പല ചരിത്രവും ഇടപിന്നികിടക്കുന്നത്. ഒന്നര നൂറ്റാണ്ടുകൾ പിറകിലേക്കുപോവണം ബ്രണ്ണൻ കോളജിന്റെ ചരിത്രമറിയാൻ. അമ്പത്തിരണ്ട് വർഷം മുൻപുള്ള ഒരു തല്ലിന്റെ കഥയല്ല അത്. ഒരു ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഒരു സായ്പ് അദ്ദേഹത്തിന്റെ അദ്ധ്വാനത്തിന്റെ ഒരു പങ്ക് ചിലവഴിച്ച് ആരംഭിച്ച വിദ്യാലയത്തിന്റെ ചരിത്രമാണത്.  

തലശ്ശേരി തുറമുഖത്തെ ഒരു മാസ്റ്റർ അറ്റൻഡന്റ് ആയിരുന്ന എഡ്വേർഡ് ബ്രണ്ണൻ നിക്ഷേപിച്ച 8,900 രൂപ ഉപയോഗിച്ച് 1862 സെപ്റ്റംബർ 1-ന് ആരംഭിച്ച വിദ്യാലയമാണ് ഇന്ന് നമ്മളെല്ലാം ചർച്ച ചെയ്യുന്ന ബ്രണ്ണൻ കോളജായി മാറിയത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരമായിരുന്നു അവരുടെ ലക്ഷ്യം. ബാസൽമിഷൻ ജർമ്മൻ പാതിരിമാരാണ് ആ വിദ്യാലയത്തെ ഹൈസ്‌കൂളാക്കി മാറ്റിയത്. ഈ വിദ്യാലയം പിന്നീട്
വളർന്ന് വികസിച്ച് ബ്രണ്ണൻ കോളജായി വളർന്നുവെന്നത് ചരിത്രം.

 വർണ, വർഗഭേദങ്ങളില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി വിദ്യാഭ്യാസം ലഭ്യമാക്കുകയായിരുന്നു എഡ്വേർഡ് ബ്രണ്ണന്റെ ലക്ഷ്യം. അദ്ദേഹം ലക്ഷ്യമിട്ടതിലും എത്രയോ പേർ ബ്രണ്ണൻ കോളജിൽ നിന്നും വിദ്യാഭ്യാസം നേടി. വിദ്യഅഭ്യസിച്ച് ജീവിതവഴിയിൽ വിജയം നേടിയവർ ഏറെ,  അതിൽ സമ്പന്നരുണ്ടായിരുന്നു, നിരവധി പ്രഗൽഭരുണ്ടായിരുന്നു, അവരെല്ലാം  രാജ്യത്തിന് അകത്തും പുറത്തുമായി  ജീവിക്കുന്നു. രാഷ്ട്രീയ നേതാക്കളും, പ്രഗൽഭരായ അധ്യാപകരും ഗവേഷകരും, ശാസ്ത്രജ്ഞരും ഡോക്ടർമാരുമൊക്കെയായി എത്രയോ പേർ. ബ്രണ്ണൻ സായ്പിന്റെ ആത്മാവ് ഇതു കണ്ട് ഏറെ പുളകിതനായിരിക്കുന്നുണ്ടാവും. ഇതിനിടയിലാണ് ബ്രണ്ണൻ സായിപ്പിനെപോലും വേദനിപ്പിച്ചുകൊണ്ട് ബ്രണ്ണൻ കോളജിന്റെ പേരിൽ കേരളത്തിൽ വിവാദങ്ങളും, രാഷ്ട്രീയ പോരാട്ടവും അരങ്ങേറുന്നത്.


സർക്കസിന്റെയും ക്രിക്കറ്റിന്റെയും നാടാണ് തലശ്ശേരി. ഇതേ തലശേരിയിലാണ് ബേക്കറിയുടെയും കേന്ദ്രം. മലയാളത്തിന് നിഘണ്ടു ഉണ്ടാക്കിയ ഗുണ്ടർട്ട് സായ് വിന്റെ ബംഗ്ലാവും ധർമ്മടത്തിനടുത്ത ഇല്ലിക്കുന്നിലാണ്. എല്ലാം കൊണ്ടും പ്രത്യേകതയുള്ള സ്ഥലമാണ് തലശ്ശേരി. രാഷ്ട്രീയമായും ഏറെ പ്രബുദ്ധതനേടിയ  ഭൂമിയായിരുന്നു തലശ്ശേരി.

നിരവധി പ്രമുഖരായ സാഹിത്യകാരന്മാരും, വാഗ്മികളും അധ്യാപകരായിയിരുന്ന മലബാറിലെ വിദ്യാലയമായിരുന്നു ബ്രണ്ണൻ കോളജ്. പ്രൊഫ. എം എൻ വിജയനെപോലുള്ള നിരവധി അധ്യാപകരുടെ ശിഷ്യരായിരുന്നു കണ്ണൂർ, കോഴിക്കോട് ജില്ലയിൽ നിന്നും പഠിതാക്കളായി ബ്രണ്ണനിലെത്തിയ നിരവധി വിദ്യാർത്ഥി നേതാക്കൾ.

കേരള ജനത തലശേരി ബ്രണ്ണൻ കോളജിലെ വീരസാഹസിക കഥകൾ കേട്ട് കോരിത്തരിച്ചിരിക്കയാണ്. കേരളത്തിലെ രണ്ട് പ്രമുഖ പാർട്ടിയിലെ നേതാക്കൾ ബ്രണ്ണൻ പഠനകാലത്ത് നടന്നത്തിയ വീരസാഹസിക പൊതുപ്രവർത്തനത്തിന്റെ ചരിത്രമാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. വീരകഥയിലെ ഒരു നായകൻ ( അതോ വില്ലനോ) കേരളത്തിലെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ അഞ്ചുവർഷം കേരളം ഭരിച്ച് കേരളത്തെ ഉന്നതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന നേതാവ്. തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവായ പിണറായി വിജയനാണ് ആ നായകൻ. മറ്റൊരാൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും, കെ പി സി സി അധ്യക്ഷനുമാണ്.  സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ച പാരമ്പര്യമുള്ള കോൺഗ്രസിന്റെ കേരളത്തിലെ തലൈവർ, തനി ഗാന്ധിയൻ.

പിണറായി വിജയനും, കെ സുധാകരനും കണ്ണൂരിലെ ചേകവ  പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പൊതുപ്രവർത്തകരാണ്.
പിണറായി വിജയനും കെ സുധാകരനും തലശ്ശേരി ബ്രണ്ണൻ കോളജിലെ പൂർവ്വവിദ്യാർത്ഥികളാണ്. കെ സുധാകരൻ കണ്ണൂർ എം പിയും, മുഖ്യമന്ത്രി പിണറായി വിജയൻ ബ്രണ്ണൻ കോളജ് നിലനിൽക്കുന്ന  ധർമ്മടത്തിന്റെ എം എൽ എ കൂടിയാണ്.

കെ സുധാകരനും, പിണറായി വിജയനും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ ഏറ്റുമുട്ടിയ കഥ പലരും അറിയുന്നത് കഴിഞ്ഞ ദിവസമാണ്. കെ സുധാകരൻ തന്നെ അക്രമിക്കുകയോ, അതൊന്നും നടക്കില്ലെന്നായിരുന്നു പിണറായി വിജയന്റൈ പ്രതികരണം. പ്രൊഫ എം എൻ വിജയനെപോലും തള്ളിപ്പറഞ്ഞ ശിഷ്യനാണ് സാക്ഷാൽ പിണറായി വിജയൻ.
ബ്രണ്ണൻ കോളജിന് ഇത്രയും വാർത്താ പ്രാധാന്യം കിട്ടുമെന്ന് എന്തായാലും
അഡ്വേർഡ് ബ്രണ്ണനോ, ബാസൽ മിഷനോ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരിക്കില്ല.  നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയം ബ്രണ്ണൻ സായ്‌പേ ക്ഷമിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here