സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റുമെന്ന കാര്യം തന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പുതിയ കൺവീനർക്കു വേണ്ടിയുള്ള ചർച്ച നടക്കുന്നതായി വായിച്ചുള്ള അറിവേയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. .

കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുന്ന രീതി ശരിയായില്ലെങ്കിൽ അപ്പോൾ പ്രതികരിക്കുമെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. പുതിയ പദവിയുണ്ടോയെന്നു പറയേണ്ടത് അതു നൽകാൻ ചുമതലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവിനും കെ പി സി സി അധ്യക്ഷനും പുറമെ യു ഡി എഫ് കൺവീനർ സ്ഥാനത്തും മാറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹസൻറെ പ്രതികരണം.

കെ മുരളീധരനെ യുഡിഎഫ് കൺവീനറായി തെരഞ്ഞെടുക്കാൻ ഹൈക്കാൻഡ് തീരുമാനിച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളുടെ പേരുകളും യു ഡിഎഫ് കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു.

ബിജെപി സിറ്റിങ് സീറ്റായ നേമത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റു നേതാക്കളാരും മത്സരിക്കാൻ തയ്യാറാകാതിരുന്നപ്പോൾ പാർലമെൻറ് അംഗമായ കെ മുരളീധരൻ മത്സരിക്കാൻ എത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ മുരളീധരന് ഹൈക്കമാൻഡ് മികച്ച സ്ഥാനം നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.

അതേസമയം കോൺഗ്രസിൽ ജംബോ കമ്മിറ്റികൾ വേണ്ടെന്ന തീരുമാനം നല്ലതാണെന്നും എം എം ഹസൻ പറഞ്ഞു. രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്കു പോകുന്നതു നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here