സ്വന്തം ലേഖകൻ

കോട്ടയം: യുഡിഎഫിൽ നിന്ന് എൽഡിഎഫിൽ എത്തിയതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് (എം). നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയപ്പോഴും പാലായിലുണ്ടായ തിരിച്ചടിയുടെ  സാഹചര്യത്തിലാണ് ജോസിനെ മാറ്റങ്ങൾക്ക് പ്രേരിപ്പിച്ചത്. അടിമുടി കേഡർ സംവിധാനത്തിലേക്ക് മാറുകയാണ് പാർട്ടി. ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തന രീതിയിലേക്ക് കടക്കുമ്പോൾ പാർട്ടിയുടെ ഘടനയിലും സ്വഭാവത്തിലുമടക്കം സർവ്വ മേഖലയിൽ മാറ്റമുണ്ടാകും. ഇതു സംബന്ധിച്ച കൂടിയാലോചനകൾ നടന്നു കഴിഞ്ഞു. പാർട്ടിയുടെ അടുത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

കേഡർ പാർട്ടിയാകാൻ ജോസ് കെ മാണിയും സംഘവും

കേഡർ സംവിധാനത്തിലേക്ക് മാറുന്നതടക്കമുള്ള കാര്യങ്ങൾ കേരളാ കോൺഗ്രസിന്റെ അടുത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ചർച്ചയാകും.  പാർട്ടിയുടെ ഘടനയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ഏകദേശ രൂപരേഖ തയ്യാറായെന്നാണ് റിപ്പോർട്ട്. പാർട്ടി ഓഫീസിന്റെ പ്രവർത്തനത്തിലടക്കം മാറ്റമുണ്ടാകും. നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്ന പഴയ രീതികളിൽ മാറ്റമുണ്ടാകും. ജനങ്ങളിൽ കൂടുതൽ സ്വീകാര്യതയുണ്ടാക്കുന്നതിനൊപ്പം മറ്റ് പാർട്ടികളിൽ നിന്ന് ആളുകളെ സ്വന്തം പാളയത്തിലെത്തിക്കുന്നതടക്കമുള്ള നീക്കങ്ങൾക്ക് ഇതോടെ തുടക്കമാകും.

ഓഫീസിന്റെ പ്രവർത്തനത്തിൽ മാറ്റം

പാർട്ടിയുടെ നിർണായക ഘട്ടങ്ങളിൽ മാത്രം ഓഫീസ് സജീവമാകുന്ന കേരളാ കോൺഗ്രസിന്റെ മുൻരീതി മാറും. ചെയർമാൻ ദിവസവും ഓഫീസിലെത്തി പാർട്ടിയുടെ പ്രവർത്തനം വിലയിരുത്തും. നിർദേശങ്ങൾ നൽകുകയും നേതാക്കളും പ്രവർത്തകരുമായി ബന്ധപ്പെടുകയും വിവരങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. ചെയർമാന് എത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ മുതിർന്ന നേതാക്കൾ ഓഫീസിലെത്തും. പാർട്ടി സെക്രട്ടറിമാർ ദിവസവും ഓഫീസിലെത്തി പ്രവർത്തിക്കുന്ന സിപിഎം രീതിയുടെ അതേ മാതൃകയാകും പിന്തുടരുക. ഇതോടെ പാർട്ടി ചെയർമാൻ എവിടെയാണോ അതാണ് പാർട്ടി ഓഫീസ് എന്ന കേരളാ കോൺഗ്രസിന്റെ പഴയ രീതിക്ക് അവസാനമാകും.

തീരുമാനങ്ങൾ സ്വീകരിക്കുന്നതിൽ മാറ്റമുണ്ടാകും

സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, പാർലമെന്ററി കമ്മിറ്റി, ഉന്നതാധികാര സമിതി എന്നിവയാണ് കേരളാ കോൺഗ്രസുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. എന്നാൽ, മുതിർന്ന നേതാക്കളെയും പ്രധാന നേതാക്കളെയും ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. ഈ കമ്മിറ്റി മുഖേനെയാകും നിർണായക തീരുമാനങ്ങൾ ഉണ്ടാകുക. ഓൺലൈൻ മുഖേനെ പാർട്ടിയിൽ അംഗത്വമെടുക്കാൻ കഴിയും. അതിനൊപ്പം പാർട്ടിയുടെ ലെവി പുനഃസ്ഥാപിക്കും. മുതിർന്ന നേതാക്കൾക്ക് ഊഴം അനുസരിച്ച് ബോർഡ് – കോർപറേഷൻ സ്ഥാനങ്ങൾ നൽകും. പുതിയ തലമുറയിലുള്ളവർക്കും അവസരങ്ങൾ നൽകും.

ലക്ഷ്യം സംഘടന ശക്തിപ്പെടുത്തൽ

കെ എം മാണിയുടെ മരണവും അതിന് ശേഷം പാർട്ടിയിലുണ്ടായ പിളർപ്പും കേരളാ കോൺഗ്രസിന്റെ അടിത്തറയ്ക്ക് ഇളക്കമുണ്ടാക്കിയിരുന്നു. പാർട്ടിയുടെ നിർണായക പദവികൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. ഈ സാഹചര്യത്തിൽ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ എത്താൻ താൽപ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംഘടനയിൽ അടിമുടി മാറ്റം ഉണ്ടാകേണ്ടതുണ്ട്. പാർട്ടി ലീഡർ ചുമതലയുള്ള റോഷി അഗസ്റ്റിനുമായി ചെയർമാൻ ജോസ് കെ മാണി അടുത്ത ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ പുതിയ പരിഷ്‌കാരങ്ങൾ തർക്കങ്ങളില്ലാതെ നടപ്പാക്കാനാകും. റോഷി മന്ത്രിയായ സാഹചര്യത്തിൽ പാർട്ടിയിലെ അധികാര കേന്ദ്രം മാറുമോ എന്ന പാർട്ടിയിലെ ചിലരുടെ ആശങ്കയാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ. 
 

LEAVE A REPLY

Please enter your comment!
Please enter your name here