സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായി ഡൽഹിയിൽ തുടരുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. ജൻപഥിൽ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. വൈകിട്ട് 4.30 മമത സോണിയയുടെ വസതിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

പശ്ചിമ ബംഗാളിൽ ബിജെപിയ്‌ക്കെതിരെ തൃണമൂൽ കോൺഗസ് വൻവിജയം നേടിയതിനു പിന്നാലെ ഇതാദ്യമായാണ് മമത ബാനർജി സോണിയ ഗാന്ധിയെ കാണുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ചായിരിക്കും ഇന്നത്തെ ചർച്ച എന്നാണ് വിലയിരുത്തൽ.

പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് കൂടിക്കാഴ്ച. വിഷയത്തിൽ ഇന്നലെ മമത ബാനർജി പ്രധാനമന്ത്രി മോദിയെ അതൃപ്തി അറിയിച്ചിരുന്നു. പെഗാസസ് ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാസാക്കിയ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെയും പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്.

തൃണമൂൽ എംപി സുഖേന്ദു ശേഷർ റോയുടെ വസതിയിൽ വെച്ച് മമത ബാനർജി പാർട്ടി എംപിമാരുമായും കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയ്ക്കു പുറമെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും മമത ചർച്ച നടത്തുമെന്നാണ് തൃണമൂൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇന്നു വൈകിട്ട് ഡൽഹിയിൽ വെച്ച് മമത ബാനർജി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

സുപ്രധാന രാഷ്ട്രീയ ചർച്ചകൾക്കായി തിങ്കളാഴ്ചയാണ് മമത ബാനർജി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിപക്ഷ നേതാക്കളെയും നേരിൽ കാണാനാണ് മമത എത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൽ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനു മുന്നോടിയായാണ് മമത ബാനർജിയുടെ ഡൽഹി യാത്ര എന്ന അഭ്യൂഹം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here