കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനേറ്റ കനത്ത തിരിച്ചടിക്ക് കാരണം ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയ പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടാണെന്ന് മുസ്ലീം ലീഗ് നേതൃയോഗത്തിൽ വിമർശനം. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തീരുമാനമായിരുന്നു ഇത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് സമാനമായ അവസ്ഥ മുൻപ് പാർട്ടിക്ക് ഉണ്ടായിട്ടില്ല. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ലാതെ തീരുമാനങ്ങൾ സ്വീകരിച്ചെന്നും കെ എം ഷാജി, കെ എസ് ഹംസ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞു.

മണിക്കൂറുകൾ നീണ്ട യോഗം

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച യോഗം രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകമായി പരിശോധിക്കും. ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം, കെ എം ഷാജി, പി കെ ഫിറോസ്, എൻ ഷംസുദ്ദീൻ, കെ പി എ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി, സി പി ചെറിയ മുഹമ്മദ്ദ്, കുട്ടി അഹമ്മദ് കുട്ടി, പി എം സാദിഖലി എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് തെരഞ്ഞെടുപ്പ് സാഹചര്യം പരിശോധിക്കുക.

കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് കെ എം ഷാജി

നിയമസഭ തെരഞ്ഞെടുപ്പ് ഫലമടക്കമുള്ള വിഷയങ്ങൾ വിലയിരുത്താൻ ചേർന്ന മുസ്ലീം ലീഗ് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് നേരെ ശക്തമായ വിമർശനമുണ്ടായി. കെ എം ഷാജിയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള കുഞ്ഞാലിക്കൂട്ടിയുടെ തീരുമാനം തിരിച്ചടിക്ക് കാരണമായി. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ ഉണ്ടാകാൻ പോകുന്ന അപകടം അറിയിച്ചെങ്കിലും നേതൃത്വം അവഗണിച്ചു. ഓരോ നേതാക്കളെയും വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നു. ഒരു യോഗവും കൂടിയാലോചനകളും ഇല്ലാതെ അദ്ദേഹം തിരിച്ചെത്തി. ഈ സാഹചര്യം തെരഞ്ഞെടുപ്പ് പരാജയത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

സംഘടനാ രീതികളിൽ അഴിച്ചുപണി ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പിലെ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സംഘടനാ രീതികളിൽ അഴിച്ചുപണി ആവശ്യമാണെന്ന് കെ എം ഷാജി വ്യക്തമാക്കി. പാർട്ടിയിലെ സാമ്പത്തിക കാര്യങ്ങൾ ഒരു നേതാവ് മാത്രം കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണം. കെ എം ഷാജിക്കൊപ്പം രൂക്ഷമായ ഭാഷയിലാണ് കെ എസ് ഹംസയും പ്രതികരണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണത്തിൽ ശക്തമായ വിമർശനമാണ് ഹംസയുടെ ഭാഗത്ത് നിന്നുമുണ്ടായത്. പാർട്ടിയുടെ പ്രതിച്ഛായ തകർത്ത സംഭവമായിരുന്നു ഇത്. സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയത് കൂടിയാലോചന ഇല്ലാതെയാണെന്നും യോഗത്തിൽ വിമർശനമുണ്ടായി. പുതിയ ജനറൽ സെക്രട്ടറിയെ വൈകാതെ തെരഞ്ഞെടുക്കണമെന്ന് എം സി മായിൻ ഹാജി യോഗത്തിൽ പറഞ്ഞു.

വൈകാരികമായി പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

കെ എം ഷാജിയുടെയും ഹംസയുടെയും വിമർശനത്തോട് വൈകാരികമായിട്ടാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. താൻ വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. നേതൃനിരയിലും താഴെത്തട്ടിലും പാർട്ടിക്കായി പ്രവർത്തിച്ചു. വലിയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുഞ്ഞാലിക്കുട്ടിക്ക് എതിരായ വിമർശനം തണുപ്പിക്കാൻ ഒരു വിഭാഗം ശ്രമം നടത്തി. പി കെ ഫിറോസും നജീബ് കാന്തപുരവുമാണ് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന നിലപാട് യോഗത്തിൽ സ്വീകരിച്ചത്. വിമർശനം ശക്തമായതോടെയാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയത്.

തലമുറ മാറ്റം ആവശ്യമാണെന്ന് ഒരു വിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃനിരയിൽ പോലും മാറ്റമുണ്ടായെന്ന് മുസ്ലീം ലീഗ് നേതൃയോഗത്തിൽ പരാമർശമുണ്ടായ. ഈ പശ്ചാത്തലത്തിൽ ലീഗിന്റെ നേതൃ നിരയിലും മാറ്റം ഉണ്ടാകണം. തലമുറ മാറ്റത്തിനൊപ്പം പ്രവർത്തന ശൈലിയിലും മാറ്റം ഉണ്ടാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ നേതൃ നിരയിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ പ്രതികരണം നടത്താൻ നേതാക്കൾ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here