സ്വന്തം ലേഖകൻ

കൊച്ചി : കെ പി സി സി മുൻ ജന.സെക്രട്ടറിയായിരുന്ന കെ പി അനിൽ കുമാർ കോൺഗ്രസ് വിടുന്നു. ഇന്ന് തിരുവനന്തപുരത്ത് വിളിച്ചു ചേർത്തിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അനിൽകുമാർ തീരുമാനം പ്രഖ്യാപിക്കും.
ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചരീതിയെ ചാനലിൽ പരസ്യമായി വിമർശിച്ചതിന് അനിൽകുമാറിനെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.  പാർട്ടിയിൽ നിന്നും സസ്‌പെന്റ്  ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അനിൽ കുമാർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് അനിൽകുമാർ നൽകിയ വിശദീകരണത്തിൽ നേതൃത്വം തൃപ്തിരേഖപ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ് വിടാനുള്ള തീരുമാനവുമായി അനിൽകുമാർ മുന്നോട്ട് പോവുന്നത്.
സി പി എമ്മിൽ ചേരുമോ, അതോ എൻ സി പിയിലേക്കാണോ അനിൽകുമാറിന്റെ യാത്രയെന്ന് വ്യക്തമല്ല. എൻ സി സി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുമായി അനിൽകുമാർ ചർച്ച നടത്തിയതായി വിവരമുണ്ട്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അനിൽകുമാർ വി എം സുധീരൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന വേളയിലാണ് കെ പി സി സി സി  ജന. സെക്രട്ടറിയുടെ ചുമതലയിൽ എത്തുന്നത്. കെ പി സി സി ആസ്ഥാനത്ത് സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. മുല്ലപ്പള്ളിയുടെ കാലത്തും അനിൽകുമാർ ജന. സെക്രട്ടറിയായി തുടർന്നു.

പുതിയ ഡി സി സി അധ്യക്ഷന്മാരെ തീരുമാനിക്കുന്നവേളയിൽ  ഡി സി സി അധ്യക്ഷനായി അനിൽകുമാർ പരിഗണിക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അനിൽകുമാറിനെ ഇരുവിഭാഗവും ഉയർത്തിക്കാട്ടിയില്ല. ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ച കെ പി അനിൽകുമാറിനെതിരെ അച്ചടക്ക ലംഘനം ആരോപിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here