കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവിക്ക് പിന്നാലെ കുഴൽപ്പണ വിവാദവും ശക്തമായതോടെ സംസ്ഥാന ബി ജെ പിയിൽ കേന്ദ്ര നേതൃത്വം അഴിച്ചുപണികൾക്ക് ഒരുങ്ങുന്നുവെന്ന വാർത്തകൾ ശക്തമാണ്. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ നീക്കി പുതിയ അധ്യക്ഷനെ കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾ സജീവമാണ്. ബി ജെ പി ദേശീയ നേതൃത്വവും ആർ എസ് എസ് നേതൃത്വവും ഇക്കാര്യത്തിൽ ആലോചന ആരംഭിച്ചു. സംസ്ഥാന ബി ജെ പി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കുഴൽപ്പണ വിവാദമാണ് സുരേന്ദ്രന് തിരിച്ചടിയായത്. സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്ന കുഴൽപ്പണ വിവാദത്തിൽ കേന്ദ്ര നേതൃത്വത്തോട് പ്രദേശിക തലത്തിൽ എതിർപ്പുണ്ട്. ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. വിവാദങ്ങൾ ശക്തമായി തുടരുന്നതിനിടെ സുരേന്ദ്രനെയും ബി ജെ പി പ്രാദേശിക നേതൃത്വത്തെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി തെരഞ്ഞെടുപ്പിൽ സ്ഥനാർഥിത്വം പിൻവലിച്ച കെ സുന്ദര രംഗത്തുവന്നു.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥനാർഥിത്വം പിൻവലിച്ച കെ സുന്ദര രംഗത്തുവന്നു. ‘മഞ്ചേശ്വരത്ത് നിന്നും തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ 50 ലക്ഷം രുപ ചെലവിട്ടു. സുരേന്ദ്രൻ 50 ലക്ഷം രൂപ ചെവിട്ടെങ്കിലും 2.5 ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചത്. തനിക്ക് 2.5 ലക്ഷം രൂപ തന്നപ്പോൾ 47.5 ലക്ഷം രൂപ ബി ജെ പി പ്രാദേശിക നേതാക്കൾ തട്ടിയെടുത്തു. ബി ജെ പി ബന്ധമുള്ള സുഹൃത്തുക്കളാണ് ഇക്കാര്യം തന്നോട് പറഞ്ഞത്’ – എന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സുന്ദര വ്യക്തമാക്കി. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന്റെ ഭാഗമായി കർണ്ണാടകയിൽ ഒരു മദ്യശാലയും വീടുംനൽകാമെന്ന്  വാഗ്ദാനം ചെയ്തത് സുരേന്ദ്രനായിരുന്നു. മാർച്ച് 20 രാത്രി തനിക്ക് താമസമൊരുക്കിയത് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ്. ഇവിടേക്ക് രാത്രി മദ്യവും ഭക്ഷണവും ബി ജെ പി പ്രവർത്തകർ എത്തിച്ച് നൽകിയെന്നും സുന്ദര പറഞ്ഞു. മാർച്ച് 21 വൈകിട്ടാണ് സുന്ദരയെ കാണാനില്ലെന്ന പരാതി ആദ്യമായി ഉന്നയിക്കപ്പെട്ടത്. ബിഎസ്പി പ്രവർത്തകർ ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഈ സമയം ജോഡ്കയിലുള്ള സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് താൻ ഉണ്ടായിരുന്നതെന്നാണ് സുന്ദര പറയുന്നത്.

സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി ജെ പി നേതാക്കൾ പണവും മറ്റ് വാഗ്ദാനങ്ങളും നൽകിയെന്ന് പറയുമ്പോഴും സുന്ദരയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷ സംഘം വ്യക്തമാക്കുന്നത്. സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട് നഗരത്തോട് ചേർന്ന സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള രേഖകൾ ശരിയാക്കിയതെന്നാണ് സുന്ദര മൊഴി നൽകിയത്. എന്നാൽ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ല എന്നാണ് സുരേന്ദ്രൻ മൊഴി നൽകിയത്. വിശദമായ പരിശോധനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രൻ ഈ ഹോട്ടലിൽ വന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.

സുന്ദരയെ അറിയില്ലെന്ന മൊഴിയാണ് കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് നൽകിയത്. തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നഷ്ടമായെന്ന് മൊഴി നൽകിയെങ്കിലും നഷ്ടപ്പെട്ടു എന്ന് പറയുന്ന ഫോൺ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് അന്വേഷണം സംഘം കണ്ടെത്തുകയും ചെയ്തു. സമ്മർദ്ദത്തെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള പത്രിക മാർച്ച് 22നാണ് സുന്ദര പിൻവലിച്ചത്. പത്രിക പിൻവലിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാർച്ച് 21നാണ് യുവമോർച്ചാ മുൻ ട്രഷറർ സുനിൽ നായിക്കിനൊപ്പമുള്ള ചിത്രം സുന്ദര പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here