തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പട്ടിക  പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. നാളെ,  നാളെയെന്ന് പറഞ്ഞ് പട്ടിക പ്രഖ്യാപനംഅനിശ്ചിതമായി നീളുകയാണ്. കേരളത്തിൻറെ ചുമതലയുള്ള താരിഖ് അൻവറിന് കൈമാറിയ പട്ടികയിൽ ഓരോ ദിവസവും നേതാക്കൾ തിരുത്തലുകൾ നിർദ്ദേശിക്കുന്നു.തർക്കം തീർത്ത് പട്ടിക നൽകിയെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ആശയക്കുഴപ്പം അവസാനിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കയാണ്.
 ഇതിനിടെ വനിത, ദളിത്, യുവ പ്രാതിനിധ്യത്തിൽ തട്ടി ചില ഭേദഗതികൾ ഹൈക്കമാൻഡും  നിർദ്ദേശിച്ചു.  പട്ടികയുടെ ഉള്ളടക്കത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അതൃപ്തി അറിയിക്കുകയും ചെയ്തു.

പട്ടിക കൈമാറിയെന്നല്ലാതെ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം എങ്ങനെ എന്നത് സംബന്ധിച്ച് ഒരു ചിത്രവും ഇരുവർക്കും കിട്ടിയിട്ടില്ല. ആദ്യം നിശ്ചയിച്ച ചിലരെ വെട്ടി വീണ്ടും വെട്ടി അങ്ങനെ പ്രഖ്യാപനം നീളുകയാണ്. പ്രളയ സാഹചര്യം തുടർ ചർച്ചകളെയും ബാധിച്ചെന്നാണ് ഒരു മുതിർന്ന നേതാവ് പറഞ്ഞത്.

അതേ സമയം സംഘടന തെരഞ്ഞെടുപ്പ് എ ഐ സി സി പ്രഖ്യാപിച്ചതോടെ ഭാരവാഹികളെ വയ്ക്കുന്നത് ചോദ്യം ചെയ്ത്  ചില മുതിർന്ന നേതാക്കളും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പുതിയ നിയമനങ്ങളോ അച്ചടക്ക നടപടിയോ പാടില്ലെന്ന പാർട്ടി ഭരണഘടന ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ പോലും അണിയറ നീക്കമുണ്ടെന്നാണ് വിവരം. കൂടുതൽ നൂലാമാലകളിലേക്ക് പോയിക്കഴിഞ്ഞാൽ അത് അഖിലേന്ത്യ തലത്തിൽ തന്നെയുള്ള തെരഞ്ഞെടുപ്പ് നടപടികളെ ബാധിച്ചേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here